Image

കടക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)

Published on 31 March, 2012
കടക്കാര്‍ (കവിത: ജോസ്‌ ചെരിപുറം)
ദു:ഖിതര്‍, പീഡിതര്‍, നിന്ദിതര്‍
പാപികള്‍, രോഗികള്‍, വേശ്യക-
ളൊക്കെയും തല ചായ്‌ച്‌
ആശ്വസിച്ചൊരാ വക്ഷസ്സില്‍
വന്മരക്കുരിശേന്തി നീ
ഗാഗുല്‍ത്താമല കയറിയപ്പോള്‍
മരവിച്ചുനിന്നുവോ ലോക-
മന:സാക്ഷി, കുറ്റബോധത്തിന്‍
മുള്‍പ്പടര്‍പ്പുകളില്‍ കുരുങ്ങി-
ക്കിടന്നുവോ മാനവഹൃദയം?
മൂന്നാംനാള്‍ മരണത്തെ
ജയിച്ചുയര്‍ത്തപ്പോള്‍ ജനങ്ങള്‍
പറഞ്ഞു: ഇവന്‍ ദൈവമാണ്‌,
അല്ല ദൈവപുത്രനാണ്‌,
അല്ല പ്രവാചകനാണ്‌,
മിശിഹായാണ്‌, ലോക-
രക്ഷകനാണ്‌, മാനവ രക്ഷയ്‌ക്കായ്‌
ബലിവസ്‌തുവായ്‌, യാഗമായ്‌-
ത്തീര്‍ന്നവനാണ്‌, വിപ്ലവകാരിയാണ്‌,
കമ്യൂണിസ്റ്റാണ്‌, നിഷേധിയാണ്‌
യഥാര്‍ത്ഥത്തില്‍ നീയാരാണെന്ന്‌
ഇന്നുമാര്‍ക്കുമറിയില്ലല്ലോ.
ഒരുകാര്യം മാത്രമെനിക്കറിയാം-
നീ മാനവ വര്‍ഗ്ഗത്തെ അനന്തമായ്‌,
അഗാധമായ്‌, വ്യവസ്ഥയില്ലാതെ സ്‌നേഹിച്ചു:
ആ സ്‌നേഹിത്തിനൊരംശംപോലും
തിരിച്ചുനല്‍കാനാകാതെ, വന്‍-
കടബാധ്യതയുമായ്‌ നിന്‍മുന്‍പില്‍
നമ്രശിരസ്‌കരായ്‌ നില്‌ക്കുവാനല്ലാതെ
നമുക്കു മറ്റെന്തു സാധ്യം!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക