Image

പൊട്ടാത്ത പീരങ്കികള്‍; കത്തുന്ന വിവാദങ്ങള്‍

Published on 31 March, 2012
പൊട്ടാത്ത പീരങ്കികള്‍; കത്തുന്ന വിവാദങ്ങള്‍
വാര്‍ത്തകളില്‍ സാധാരണ പോലെ കടന്നു വരാത്ത ചിലയിടങ്ങളുണ്ടായിരുന്നു നമ്മുടെ ഭരണകൂടത്തിനുള്ളില്‍. നമ്മുടെ സൈന്യത്തിനുള്ളിലെ രഹസ്യങ്ങള്‍, ആഭ്യന്തര സുരക്ഷയുമായി സംബന്ധിക്കുന്ന വിഷയങ്ങള്‍ അങ്ങനെ പലതും മറച്ചു കെട്ടിയ ഒരു കോട്ടക്കുള്ളിലായിരുന്നു നടന്നു കൊണ്ടിരുന്നത്‌. താരതമ്യേന കുറ്റമറ്റ സംവിധാനം എന്നാണ്‌ പ്രതിരോധ മന്ത്രാലയത്തെക്കുറിച്ച്‌ പൊതുവായി ഒരു ധാരണയുണ്ടായിരുന്നത്‌. രാജ്യസുരക്ഷയുടെ കാര്യത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികളും ബ്യൂറോക്രാറ്റുകളുമൊന്നും വിട്ടുവീഴ്‌ച ചെയ്യില്ല എന്ന ചിന്തയാണ്‌ പൊതുവേ ഇതിനടിസ്ഥാനം. അത്‌ അങ്ങനെ തന്നെയായിരിക്കട്ടെ എന്ന്‌ പ്രാര്‍ഥിക്കാം.

പക്ഷ ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രതിരോധ മന്ത്രിയെ തന്നെ ഉള്‍പ്പെടുത്തി ഉയര്‍ന്നു വരുന്ന വിവാദങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ അത്രത്തോളം ആശാവഹമല്ല. കരസേനാ മേധാവി വി.കെ സിങ്‌ പ്രധാനമന്ത്രിക്കയച്ച കത്ത്‌ ചോര്‍ന്ന വിവാദം അവിടെ നില്‍ക്കട്ടെ. ഇവിടെ പ്രധാനം വി.കെ സിങ്‌ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങളാണ്‌. അഥവാ വി.കെ സിങ്‌ തുറന്നു പറയാന്‍ ധൈര്യം കാണിച്ച വസ്‌തുതകള്‍.

കരസേനയ്‌ക്ക്‌ സാങ്കേതിക മികവ്‌ വളരെ കുറവ്‌, വ്യേമ പ്രതിരോധ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടത്‌, ശത്രുരാജ്യങ്ങളെ തോല്‍പ്പിക്കാന്‍ ആവശ്യമായ വെടിക്കോപ്പുകള്‍ ഇല്ല, രാത്രികാലങ്ങളില്‍ യുദ്ധങ്ങള്‍ക്ക്‌ വേണ്ട സജ്ജീകരണം സൈന്യത്തിനില്ല, കാലാള്‍പ്പടയ്‌ക്ക വേണ്ടത്ര ആയുധങ്ങളില്ല തുടങ്ങി വലിയ മാനങ്ങളുള്ള വെളിപ്പെടുത്തലുകളാണ്‌ കരസേനാമേധാവിയുടെ കത്തിലുണ്ടായിരുന്നത്‌.

ഇപ്പോഴിതാ വി.കെ സിങിനെ അനുകൂലിച്ചുകൊണ്ട്‌ മുന്‍കരസേനാ മേധാവി വി.പി മാലികും രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യന്‍ സേനയിലെ ചില ആയുധങ്ങള്‍ രണ്ടാംലോകമഹായുദ്ധത്തോളം പഴകിയതാണെന്നാണ്‌ വി.പിമാലിക്കിന്റെ വെളിപ്പെടുത്തല്‍. അതായത്‌ അറുപഴഞ്ചന്‍ ആയുധങ്ങള്‍. പറയുന്നത്‌ വേറയാരുമല്ല. ഒരാള്‍ ഇപ്പോഴത്തെ സേനാമേധാവി, മറ്റൊരാള്‍ മുന്‍ സേനാമേധാവി. രണ്ടുപേരും സേനയുടെ ഏറ്റവും ഉന്നതപദവിയിലിരുന്ന്‌ സേനയെ നയിച്ചവര്‍. അപ്പോള്‍ പിന്നെ നമ്മുടെ പ്രതിരോധ രംഗം ഉജ്ജ്വലമെന്ന്‌ എ.കെ ആന്റണി പാര്‍ലമെന്റില്‍ വികാരാധീനനായി പ്രസംഗിച്ചതുകൊണ്ടോ പ്രതിപക്ഷമടക്കം അത്‌ കൈയ്യടിച്ച്‌ അംഗീകരിച്ചതുകൊണ്ടോ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. തങ്ങളുടെ പിടിപ്പുകേട്‌ മറച്ചുവെക്കാന്‍ പാര്‍ലമെന്റ്‌ കക്ഷി രാഷ്‌ട്രീയം മറന്ന്‌ നടത്തുന്ന പുതിയ അഭ്യാസപ്രകടനമെന്നേ ഇതിനെ വിശേഷിപ്പിക്കാനാവു.

വെളിപ്പെടുത്തലുകള്‍ ഇനിയുമെത്ര കേള്‍ക്കണം. ഇന്ത്യന്‍ സൈന്യത്തിന്‌ എണ്‍പതുകള്‍ക്ക്‌ ശേഷം ഒരു പീരങ്കിയും ലഭിച്ചിട്ടില്ലത്രേ. ഇന്ത്യയുടെ ചേതക്‌, ചീറ്റ ഹെലികോപ്‌ടറുകള്‍ ആധൂനീകത തൊട്ടുതീണ്ടത്തതാണത്രേ. റിട്ടയേര്‍ഡ്‌ മേജര്‍ ജി.ഡി ബക്ഷ പറയുന്നത്‌ ഈ വിവാദം ഇപ്പോഴെങ്കിലും ഉയര്‍ന്നു വന്നത്‌ നന്നായി എന്നാണ്‌. ഇനിയെങ്കിലും ഇന്ത്യന്‍ പ്രതിരോധ രംഗം നവീകരിക്കപ്പെടുമെന്നാണ്‌ ജി.ഡി ബക്ഷയുടെ പ്രതീക്ഷ. മാത്രമല്ല ഇന്ത്യന്‍ ടാങ്കുകള്‍ക്ക്‌ വേണ്ടത്ര വെടിക്കോപ്പുകളില്ലെന്നത്‌ ജ.ഡി ബക്ഷയും ശരിവെക്കുന്നു.

ഒരു വിവാദം പൊട്ടിപ്പുറപ്പെടാന്‍ കാത്തിരുന്നത്‌ പോലെ എത്രയെത്ര പ്രശ്‌നങ്ങളാണ്‌ ഇപ്പോള്‍ പ്രതിരോധി വിദഗ്‌ധരും സേനാ മേധാവികളും ഉന്നയിക്കുന്നത്‌. പക്ഷെ ഇതെല്ലാം കേട്ടുകൊണ്ട്‌ നമ്മുടെ സര്‍ക്കാരും രാഷ്‌ട്രീയ കക്ഷിഭേദമന്യേ പാര്‍ട്ടികളും എല്ലാത്തിനും ഉപരി പ്രധാനമന്ത്രിയും ചെയ്യുന്നത്‌ തികച്ചും ഇരട്ടത്താപ്പ്‌ തന്നെയെന്ന്‌ പറയേണ്ടിവരും. അവര്‍ ഇപ്പോള്‍ വി.കെ സിങിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ സംശയങ്ങള്‍ ആന്റണിയുടെ ഒരു പ്രസംഗം കഴിഞ്ഞപ്പോള്‍ കഴിയുകയും ചെയ്‌തു.

എന്നാല്‍ ജനത്തിന്റെ ചോദ്യങ്ങളും ആശങ്കകളും ഇവിടെ അവസാനിക്കുന്നതേയില്ല.

ദേശിയ സുരക്ഷ എന്ന ഡെമോക്ലീസിന്റെ വാള്‍ എപ്പോഴും ഭരണകൂടം ഉയര്‍ത്തുന്ന വിഷയമാണ്‌. ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും ചേര്‍ന്ന്‌ ഉറപ്പാക്കുന്ന രാജ്യത്തിന്റെ സുരക്ഷ നമുക്ക്‌ വളരെ അത്യാവശ്യമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. പക്ഷെ ഇവിടെയും ഇരട്ടത്താപ്പ്‌ നയം പ്രകടനമാണ്‌.

ഇഫ്‌തിഖാര്‍ ഗിലാനിയെ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണ്‌ ഗിലാനിയുടെ അറസ്റ്റുണ്ടായത്‌. തീവ്രവാദ ബന്ധമുന്നയിച്ചാണ്‌ അന്ന്‌ ഗിലാനിയെ അറസ്റ്റ്‌ ചെയ്‌തത്‌. ജയിലില്‍ കിടന്ന്‌ യാതന അനുഭവിക്കേണ്ടി വന്ന ഗിലാനിയെ ഒടുവില്‍ നിരപരാധിയെന്ന്‌ മനസിലായി വിട്ടയച്ചു. അത്‌ പല പത്രപ്രവര്‍ത്തകരും ഗിലാനിക്ക്‌ വേണ്ടി പുറത്തു നിന്ന്‌ പൊരുതാനുണ്ടായിരുന്നതുകൊണ്ടു മാത്രം.

സമീപകാലത്ത്‌ മുഹമ്മദ്‌ അഹ്‌്‌മദ്‌ കാസ്‌മി എന്ന പത്രപ്രവര്‍ത്തകന്‍ ഇസ്രായേല്‍ കാര്‍ ബോംബ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായിട്ടുള്ളതും ഇതിനെതിരെ വലിയ ജനരോഷം ഉയരുന്നതും മറ്റൊരു സമീപകാല കാഴ്‌ച. കാസ്‌മി തെറ്റുകാരനോ അല്ലയോ എന്ന്‌ ഇതുവരെയും തീര്‍പ്പുണ്ടായിട്ടില്ല. കാസ്‌മി നിരപരാധിയെങ്കില്‍ അയാള്‍ മറ്റൊരു ഗിലാനിയാവുമെന്ന്‌ മാത്രം.

ഇങ്ങനെയൊക്കെയുള്ള സംഭവങ്ങള്‍ നമ്മള്‍ കണ്ടും കേട്ടുമിരിക്കുമ്പോള്‍ എല്ലാത്തിനും ഒരു ന്യായം നിരത്തുന്നുണ്ട്‌ ഭരണകൂടം. അത്‌ ദേശിയ സുരക്ഷ എന്നതാണ്‌. ഈ ദേശിയ സുരക്ഷ എന്നാല്‍ ജനങ്ങളുടെ സുരക്ഷ. രാഷ്‌ട്രപതി മുതല്‍ സാധാരണക്കാരന്‍ വരെയുള്ള ജനം, അവരുടെ സുരക്ഷ. ഭരണകൂടത്തില്‍ നിന്നുണ്ടാകുന്ന ഇടപെടലുകള്‍ ദേശിയ സുരക്ഷയുടെ പേരില്‍ പലപ്പോഴും ജനം അംഗീകരിച്ചു കൊടുക്കുന്നു. ഗിലാനിമാര്‍ സൃഷ്‌ടിക്കപ്പെടുമ്പോള്‍ പലപ്പോഴും ക്ഷമിക്കുന്നു.

എന്നിട്ടിപ്പോഴെന്തായി...അതിര്‍ത്തി കാവല്‍ നില്‍ക്കുന്നിടത്ത്‌ ഒരു ചുക്കും ചുണാമ്പുമില്ലെന്ന്‌ സേനാ മേധാവിമാര്‍ പറയുന്നു.

അപ്പോള്‍ പിന്നെ വര്‍ഷാ വര്‍ഷം പ്രതിരോധത്തിനായി, രാജ്യസുരക്ഷക്കായി നീക്കി വെക്കുന്നത്‌ ലക്ഷം കോടികളാണ്‌. 2012 - 2013 ബജറ്റ്‌ പ്രകാരം ഒരുലക്ഷത്തി തൊണ്ണൂറ്റിമൂവായിരം കോടിയാണ്‌ പ്രതിരോധ ബജറ്റ്‌. എല്ലാവര്‍ഷവും ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത കോടികള്‍ വകയിരുത്തപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ പ്രതിരോധ ബജറ്റാണ്‌ ഇന്ത്യയുടേത്‌.

പ്രതിരോധത്തിനുള്ള ബജറ്റ്‌ ആയുധങ്ങള്‍ വാങ്ങാന്‍ മുതല്‍ സേനയുടെ നവീകരണവും ആണവോര്‍ജ്ജസാങ്കേതിക വിദ്യയുടെ സാമ്പാദനവും വരെ ഉള്‍പ്പെടുന്നതാണ്‌. വര്‍ഷങ്ങളായി ഈ പണം ചിലവഴിച്ചിട്ടും എന്തുകൊണ്ടാണ്‌ നമ്മുടെ സേനയുടെ കാര്യങ്ങള്‍ രണ്ടാംലോക മഹായുദ്ധത്തേക്കാള്‍ പഴഞ്ചനാണ്‌ എന്ന്‌ സേനാമേധാവിമാര്‍ പറയുന്നത്‌. ഇവിടെയാണ്‌ പ്രതിരോധ മന്ത്രാലയം മറുപടി പറയേണ്ടത്‌.

വി.കെ സിങിന്‌ കോടികളുടെ പൊതിക്കെട്ട്‌ വാഗ്‌ദാനം ചെയ്യപ്പെട്ടുവെന്ന തുറന്നു പറച്ചില്‍ ജനതയുടെ നികുതി പ്പണം അവസാനം എങ്ങനെ ചിലവാക്കപ്പെടാം എന്നതിന്റെ ഉദാഹരണമാണ്‌. എന്നിട്ടും അതിനെതിരെ രേഖാമൂലം പരാതി കിട്ടിയില്ല എന്ന ആന്റണിയുടെ അനപ്പാറ നയം കണ്ട്‌ ആളുകള്‍ മൂക്കത്ത്‌ വിരല്‍ വെച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

നമ്മുടെ പട്ടാളത്തിന്റെ ശക്തിയെന്തന്ന്‌ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളിലൂടെ ഏതാണ്ടൊക്കെ ബോധമുള്ളവര്‍ക്ക്‌ പിടികിട്ടിയിരിക്കും.

ചൈനയും, പാകിസ്ഥാനും പിന്നെ പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍ ഭൂമികയിലൊക്കെ വ്യാപിച്ചു കിടക്കുന്ന നൂറുകണക്കിനു തീവ്രവാദി സംഘടനകളും, എല്ലാത്തിനും പുറമെ രാജ്യത്തിനകത്തെ കാടുകളിലും ഗ്രാമങ്ങളിലുമായി നിരവധി സേനാ ബറ്റാലിയന്റെ അംഗബലവും ആയുധ ബലവുമുള്ള മാവോയിസ്റ്റുകളുമുള്ളപ്പോള്‍, ഞങ്ങളുടെ പക്കല്‍ ഇത്രക്കൊക്കെയുള്ളു എന്നത്‌ വലിയ കേമത്തമായോ എന്നും ആലോചിക്കേണ്ടത്‌ തന്നെ.

ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്‌ തൊട്ടു മുമ്പ്‌ നിലാവരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്‌ദാനം ചെയ്യപ്പെട്ടു എന്ന്‌ കരസേനാ മേധാവിയുടെ ആരോപണം വലിയ വിവാദമായിരുന്നു. രണ്ടു വര്‍ഷം മുമ്പു തന്നെ ഈ സംഭവം എ.കെ ആന്റണിക്ക്‌ അറിയാമായിരുന്നിരിക്കെ കരസേനാ മേധാവി തനിക്ക്‌ രേഖാമൂലം പരാതി നല്‍കിയില്ല എന്നതിനാലാണ്‌ അന്വേഷണം നടത്താതിരുന്നത്‌ എന്ന്‌ പ്രതിരോധ മന്ത്രി പറയുന്നു. ഇപ്പോള്‍ ഇതിന്‌ ഒരു സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ അന്വേഷണം രണ്ടുവര്‍ഷം മുമ്പ്‌ നടത്താതിരുന്നത്‌ രേഖാമൂലം പരാതി ലഭിക്കാഞ്ഞിട്ടാണത്രേ. നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി ജീവന്‍ പണയം വെച്ചും ജീവന്‍ വെടിഞ്ഞും കാക്കുന്ന ധീരജവാന്‍മാരുടെ കാര്യത്തില്‍ ഇത്തരം അലസമനോഭാവം കാണിക്കാന്‍ എ.കെ ആന്റണിക്ക്‌ എങ്ങനെ കഴിഞ്ഞു. രേഖാമൂലമുള്ള പരാതി എന്തിന്‌ വെറുമൊരു സൂചന കിട്ടിയാല്‍ പോലും അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരേണ്ട വിഷയമല്ലേ ഇത്‌.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന സര്‍ക്കാരിന്റെ ശരീരഭാഷ ഒരു ജനതയോടുള്ള നീതികേട്‌ തന്നെയാണ്‌. അത്‌ തിരിച്ചറിയാന്‍ ഇനിയെങ്കിലും എ.കെ ആന്റണിക്കും മന്‍മോഹന്‍സിങിനുമൊക്കെ കഴിയട്ടെ എന്ന്‌ ആഗ്രഹിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക