Image

പിതാവിന്റെ സ്മരണകളില്‍ ഗാനഗന്ധര്‍വന്‍ നേര്‍ച്ചസദ്യ വിളമ്പി

Published on 01 April, 2012
പിതാവിന്റെ സ്മരണകളില്‍ ഗാനഗന്ധര്‍വന്‍ നേര്‍ച്ചസദ്യ വിളമ്പി
മട്ടാഞ്ചേരി: പിതാവിനു സ്മരണാഞ്ജലി അര്‍പ്പിക്കാനായി ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് ഇക്കുറിയും ഫോര്‍ട്ടുകൊച്ചി അധികാരിവളപ്പിലെ വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളയിലെത്തി നേര്‍ച്ചസദ്യ വിളമ്പി. ഉച്ചയ്ക്ക് 12 മണിയോടെ കപ്പേളയിലെത്തിയ യേശുദാസ് പത്തു മിനിറ്റോളം വിശുദ്ധന്റെ സന്നിധിയില്‍ പ്രാര്‍ഥനയില്‍ മുഴുകി. തുടര്‍ന്നാണ് നേര്‍ച്ചസദ്യ വെഞ്ചരിപ്പു നടന്നത്. വെഞ്ചരിപ്പുകര്‍മം കപ്പുച്ചിന്‍ ആശ്രമം സുപ്പീരിയര്‍ ഫാ. ജോണ്‍ പോള്‍ നിര്‍വഹിച്ചു.

മൂന്നു കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് യേശുദാസ് സ്വയം നേര്‍ച്ചവിഭവങ്ങള്‍ വിളമ്പിക്കൊടുത്തതോടെ നേര്‍ച്ചസദ്യ ആരംഭിച്ചു. അറുപതു വര്‍ഷമായി മുടങ്ങാതെ യേശുദാസ് തന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ നാമത്തില്‍ നടത്തിവരുന്ന സ്‌നേഹാര്‍ച്ചനയും അനുഷ്ഠാനവുമാണ് വണക്കമാസത്തിന്റെ അവസാനം നടത്തുന്ന ഈ നേര്‍ച്ചസദ്യ. മാര്‍ച്ച് 31ന് അധികാരിവളപ്പിലെ കപ്പേളയിലെത്തി പ്രാര്‍ഥന നടത്തി വിശ്വാസികള്‍ക്ക് അദ്ദേഹം നേര്‍ച്ചസദ്യ വിളമ്പും. ആറു പതിറ്റാണ്ടിനിടെ രണ്ടു തവണ മാത്രമാണ് പതിവുള്ള തീയതിയില്‍ മാറ്റം വന്നത്.

തന്റെ പന്ത്രണ്ടാമത്തെ വയസില്‍ പിതാവിനൊപ്പം കപ്പേളയിലേക്കു കാലെടുത്തുകുത്തിയ തനിക്കും കുടുംബത്തിനും നാള്‍ക്കുനാള്‍ അഭിവൃദ്ധിയും ഐശ്വര്യവും വിശുദ്ധ യൗസേപ്പിതാവ് നല്‍കിയിട്ടുണെ്ടന്ന് യേശുദാസ് അനുസ്മരിച്ചു. 

കുടുംബത്തോടെയെത്താറുള്ള യേശുദാസ് ഇക്കുറി ഒറ്റയ്ക്കാണു കപ്പേളയിലെത്തിയത്. കുടുംബസുഹൃത്തായ ബാരിഡിന്റെ ഭവനത്തിലെത്തി നേര്‍ച്ചസദ്യ കഴിച്ചും കുടുംബാംഗങ്ങളോടു കുശലം പറഞ്ഞും ചിത്രമെടുത്തുമാണ് അദ്ദേഹം മടങ്ങിയത്. 

പതിവുപോലെ രാത്രി എട്ടുമണിയോടെ പുഷ്പഹാരവുമായെത്തിയ ഗാനഗന്ധര്‍വന്‍ കപ്പേളയില്‍ സംഗീതാര്‍ച്ചന നടത്തി വിശുദ്ധന്റെ അനുഗ്രഹം യാചിച്ചു. ചെന്നൈയില്‍ നിന്നെത്തിയ പക്കവാദ്യ കലാകാരന്മാര്‍ രണ്ടു മണിക്കൂര്‍ നീണ്ട സംഗീത വിരുന്നില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംഗീതവിരുന്ന് ആസ്വദിക്കാന്‍ നൂറുകണക്കിനാളുകള്‍ അധികാരിവളപ്പിലെത്തി. 

പിതാവിന്റെ സ്മരണകളില്‍ ഗാനഗന്ധര്‍വന്‍ നേര്‍ച്ചസദ്യ വിളമ്പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക