Image

ഓണത്തല്ല് (ഡോ. മാത്യു ജോയിസ്)

Published on 20 August, 2018
ഓണത്തല്ല് (ഡോ. മാത്യു ജോയിസ്)
അക്കരെയുള്ളോരു നായരത്തിക്കുട്ടി
അന്നെന്നും നിഴലായി അവളെന്റെ പിന്നാലെ
അരികത്തു ചേര്‍ന്നിരിക്കാനായ് വന്നീടുമെന്നും.
മച്ചിങ്ങാച്ചക്രങ്ങള്‍ ഈര്‍ക്കിലിയില്‍ കോര്‍ത്തു
മരച്ചീനിത്തണ്ടിലെ വണ്ടികളുണ്ടാക്കി
മുക്കണ്ണന്‍ ചിരട്ടയില്‍ നാരുകള്‍ കെട്ടിയ
മൈക്കില്‍നാമൊന്നായി പാട്ടുകള്‍ പാടിയും.
മഴക്കാലത്തൊരു വാഴയിലക്കടിയില്‍ നനഞ്ഞു നാം
മഴവെള്ളക്കുഴികള്‍ നിറയും ഇടവീഥിയില്‍
മറ്റൊന്നുമില്ലാതെ ഭാവനയിലന്നൊക്കെ
മദിച്ചു ഞാനച്ഛനായ് അമ്മയായ് നീയുമേ.
മുറ്റത്തു പൂക്കളം തീര്‍ക്കാനായ് ഓണനാള്‍
മുക്കുറ്റി മുല്ലപ്പൂ തുമ്പപ്പൂ കോളാമ്പി
മുയല്‍ച്ചെവിച്ചെടിയിലെ കുഞ്ഞുസൂനങ്ങളും
മുറുക്കിവച്ചപോല്‍ ചെത്തിമന്ദാരവും
മുത്തശ്ശി ചൊല്ലുമ്പോള്‍ കുട്ടികള്‍ നാമെല്ലാം
മുറ്റത്തു വട്ടത്തിലൊന്നായിരിക്കുമ്പോള്‍
മുഖശ്രീയില്‍ ലലാടെ മഞ്ഞത്തിലകവുമായ്
മുല്ലപ്പൂച്ചിരിയുമായ് നീയെന്നരികിലും,
മാവേലി മന്നന്‍ ഞാന്‍ പ്ലാവിലത്തൊപ്പിയില്‍
മതിയായ് വലിക്കുവാന്‍ പാള വണ്ടിയുമുണ്ടാക്കി
മാന്തോപ്പിലൂടെ നാമോടിക്കളിച്ചതിന്‍
മധുരസ്ഥമരണകള്‍ ഓണത്തിന്‍ നാളുകള്‍.
ഓണത്തിന്‍ നാളിതാ തൂശനിലതന്നില്‍
ഓപ്പോള്‍ നിരത്തിയ പപ്പടം പായസം
ഓര്‍ക്കുമ്പോളിപ്പോഴും നിറയുന്ന മാധുര്യം
ഓണത്തിന്‍ സദ്യയും നീയുമൊരുപോലെ.
അന്നുഞാനൂഞ്ഞാലിലാടിക്കുതിച്ചപ്പോള്‍
അറിയാതൊരുപിടിവിട്ടുപോയ് വീണതും
അതുകണ്ടു വാവിട്ടു കേഴുമെന്‍സഖി നിന്റെ
അതുല്യമാം സ്‌നേഹവികാരമോര്‍ക്കുന്നു ഞാന്‍.
അവിടെയുമിവിടെയും മേനിയില്‍ മുറിവുമായ്
അച്ഛന്റെ മുന്നിലായ് പെട്ടപ്പോള്‍ കിട്ടിയ
ഓണത്തല്ലോര്‍മ്മയായ് ഒരു നറുനീറ്റലായ്
ഓണത്തിനെന്നുമേ ഓര്‍ക്കുന്നു ഞാനിന്നും
ഓണം ഒരോവട്ടം പോയ്മറഞ്ഞീടുമ്പോള്‍
ഓണമിനി വരാന്‍ കൊതിക്കുന്നെന്‍ മാനസം
Join WhatsApp News
പ്രളയം 2018-08-20 10:46:09
‘ഓണസാഹിത്യ’ പ്രളയം തുടങ്ങി
വിദ്യാധരൻ 2018-08-20 16:18:28
ഓണ തല്ലു കാണാൻ മോഹവുമായി 
കവിത ഞാൻ വായിച്ചു നോക്കി മുഴുവൻ 
പേരും കവിതയും തമ്മിലെന്നാൽ 
ഒരു നൂലു ബന്ധവും ഇല്ല താനും 
അടിയുടെ ചിത്രവും ചേർച്ചയില്ല 
അകെ ഞാൻ  'പ്രളയത്തിൽ'  ആയപോലെ 
തലക്കെട്ടും കവിതയും തമ്മിൽ വേണം 
വാക്കും പ്രവർത്തിയുംപോലെ ബന്ധം 
നായരത്തികുട്ടീടെ ഉടപ്പിറന്നോർ 
വല്ലാതെ എടുത്തിട്ടിടിച്ചുകാണും? 
എന്നാൽ അതിനെ കുറിച്ച് നിങ്ങൾ 
ഒന്നും കവിതയിൽ കുറിച്ചില്ല താനും 
മേലിൽ കവിത കുറിച്ചിടുമ്പോൾ 
വേണം കവിതകയ്ക്ക് തലയും വാലും 

Mattjoys 2018-08-20 16:26:53
നാട്ടിൽ പ്രളയം മൂലം ഇക്കൊല്ലം ഓണാഘോഷങ്ങൾ കാണില്ല. മറുനാട്ടിലുള്ളവരും  നാടിന്റെ ദുരവസ്ഥയിൽ ദുഖിക്കുന്നു . ആഘോഷങ്ങൾ വേണ്ടന്നു വെച്ചുകൊണ്ട് കഴിയുന്നത്ര സഹായങ്ങൾ നാട്ടിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. ഈമലയാളി മുൻകൂട്ടി ക്ഷണിച്ച ഓണസാഹിത്യ  സദ്യയിലെ വിഭവങ്ങൾ ഗൃഹാതുരത്വ സ്മരണകൾ മാത്രമായിരിക്കട്ടെ .
Mattjoys 2018-08-21 17:19:30
തലക്കെട്ടും പടവും ബന്ധമില്ലാതെ പോയതിന്റെ പിന്നിൽ പത്രാധിപരുടെ  ലീലാവിലാസം ആയിരുന്നു ആസ്വാദകരെ !

കവിതയിൽ പണ്ട് ചെറുപ്പകാലത്തെ ഓണത്തിനോട്  ബന്ധപ്പെട്ട ഗൃഹാതുരത്വ സ്‌മരണകൾ  മാത്രമായിരുന്നല്ലോ ഇതിവൃത്തം. ഓണത്തിന്  കിട്ടിയ  ഒരു തല്ല്  സ്മരിച്ചതിനാൽ  ഓണത്തല്ല്  എന്ന തലക്കെട്ട്  നിർദേശിച്ചതോ  നിങ്ങൾ ആദരിക്കുന്ന ഒരു കവിയും.
കവിത ആസ്വദിച്ചതിനു നന്ദി . എന്നെക്കൊണ്ട്  ഇത്രയൊക്കെയേ  പറ്റൂ , പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വെറുതെ തൊഴിക്കരുതേ 🙏🙏
ചുള്ളിക്കാട് 2018-08-21 20:43:12
അന്തരശ്രു സരസ്സിലെ കക്ക വാരലല്ല, സംസാരസാഗരത്തിലെ തിമിംഗലവേട്ടയാണ് കാവ്യോപാസന.
-ബാലചന്ദ്രൻ ചുള്ളിക്കാട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക