Image

ഈ ഓണം ഉണ്ണാന്‍ ലജ്ജയില്ലെ? നാട് പ്രളയം വിഴുങ്ങുമ്പോള്‍ ഓണം ആഘോഷിക്കാന്‍ കഴിയുമോ (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 15 August, 2018
ഈ ഓണം ഉണ്ണാന്‍ ലജ്ജയില്ലെ? നാട് പ്രളയം വിഴുങ്ങുമ്പോള്‍  ഓണം  ആഘോഷിക്കാന്‍ കഴിയുമോ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: ഇതൊരു വെല്ലുവിളിയല്ല; ഒരു അപേക്ഷയാണ്! ഇക്കുറി ഓണാഘോഷം വേണ്ടെന്നു ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക്കഴിയുമോ? എങ്കില്‍ ആ തീരുമാനം ഇപ്പോള്‍ തന്നെ എടുക്കുക. ഓണാഘോഷത്തിനായി ചെലവഴിക്കാനുദ്ദേശിക്കുന്ന ഓരോ ഡോളറും നമ്മുടെ നാട്ടില്‍ പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു ലഭിച്ചാല്‍ വലിയ ആശ്വാസമായിരിക്കും.

ഓണാഘോഷം പൊടിപൊടിക്കുമെന്നു വിളംബരമറിയിച്ചു പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഫ്‌ലയറുകള്‍ പോസ്റ്റ് ചെയ്തു ടിക്കറ്റ് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയിലെ പ്രധാനപ്പെട്ട മലയാളി സംഘടനകളെ, നിങ്ങളോടു ഒരു ചോദ്യം. നിങ്ങള്‍ക്കെങ്ങനെ മനഃസമാധാനത്തോടെ ഓണാഘോഷങ്ങള്‍ നടത്താന്‍ കഴിയും? നമ്മുടെ സഹോദരങ്ങള്‍ ഓണം പോയിട്ട് നേരാം വണ്ണം ഒരുനേരം ഊണ് കഴിച്ചിട്ട് ആഴ്ചകളായി. വിശപ്പില്ലാഞ്ഞിട്ടല്ല, ആധി കൊണ്ടാണ്.

ഏതു നിമിഷവും ഉരുള്‍ പൊട്ടിയേക്കാവുന്ന ഭയപ്പാടില്‍ മലയോര മേഖലകളിലെ ജനങ്ങള്‍. ഡാമുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളപ്പാച്ചിലില്‍ സര്‍വനാശംസംഭവിക്കുമെന്ന ഭീതിയില്‍ നഗരവാസികള്‍. ഓണത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല അവര്‍ക്ക്! അവര്‍ക്കു വേണ്ടി, നമ്മുടെ സ്വന്തം സഹോദരങ്ങള്‍ക്കു വേണ്ടി ഇക്കുറി ഓണം വേണ്ടെന്നു വയ്ക്കുന്നതല്ലേ ഉചിതം? ആ പണം നിങ്ങള്‍ നാട്ടിലേക്കയച്ചില്ലെങ്കില്‍ കൂടി അവരുടെ ദുഃഖത്തില്‍ പങ്കു ചേരുകയെങ്കിലും ചെയ്യുക.

ഇതിനകം 54പേരുടെ ജീവഹാനിയാണ് പ്രളയം തട്ടിയെടുത്തത്. 34 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്ക് . അനൗദ്യോഗികമായി കാണാതായവരുടെയും മരണപ്പെട്ടവരുടെയും കണക്കു അതിലേറെയാണ്. ഇന്നലെ മാത്രം 22 പേര് മരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു പൂട്ടി. താല്‍ക്കാലിക സേവനങ്ങള്‍ക്കായി നാവിക വിമാന താവളം തുറന്നു. കേന്ദ്ര സേനയും പട്ടാളവും ഇറങ്ങി . എങ്ങും രക്ഷാപ്രവര്‍ത്തനങ്ങള്‍.കേരളത്തിലെ 14 ജില്ലകളിലുംറെഡ് അലെര്‍ട്ട്പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഓടി നടക്കുകയാണ്. 34 ഡാമുകള്‍ തുറന്നു വിട്ടു. ചരിത്രത്തില്‍ ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമും തുറന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജല നിരപ്പു കൂടിയാല്‍ അത് തകര്‍ന്നു എറണാകുളം ജില്ല മുഴുവന്‍വെള്ളത്തില്‍ മുങ്ങി പോകുമെന്ന് പറഞ്ഞു പ്രസ്താവന യുദ്ധങ്ങള്‍ നടത്തിയ പ്രവാസി നേതാക്കന്മാര്‍എവിടെ?

നിങ്ങള്‍ ഓണാഘോഷങ്ങളുടെ ടിക്കറ്റ് വില്പനകളിലാകുമെന്നറിയാം. നാണമില്ലേ നിങ്ങള്‍ക്ക് ഓണാഘോഷം നടത്താന്‍? പത്തനം തിട്ട ജില്ലയിലെ വിവിധ അസ്സോസിയേഷന്‍കാരെ കേരളത്തില്‍ പത്തനംതിട്ട എന്ന ജില്ല ഭാഗീകമായി വെള്ളത്തിലാണ്. വൈദ്യുതി ബന്ധം താറുമാറായതിനാല്‍ എങ്ങും കൂര കൂരിരുട്ടാണ്. ആലപ്പുഴയുടെ കാര്യം പറയുകയേ വേണ്ട. ജില്ല മുഴുവന്‍ കായല്‍ പോലെ വെള്ളം മൂടികിടക്കുകയാണ്. നാട്ടില്‍ ഒന്നു വിളിക്കൂ, ആരൊക്കെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടെന്നറിയാം.

1.45 ലക്ഷം പേരാണ് ഇന്നലെ വരെ കേരളത്തില്‍ പലയിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. നാളെ ഇതു ഇനിയും വര്‍ധിച്ചേക്കാം. അടുത്ത മൂന്ന് ദിവസവും കേരളത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഡാമുകളില്‍നിന്നൊഴുകുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ വെള്ളമാണ് വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് ഡാമുകളിലേക്കു ഒഴുകിയെത്തുന്നത്. ഈ നില തുടര്‍ന്നാല്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകള്‍ ഉള്‍പ്പെടയുള്ള എല്ലാ ഡാമുകളുടെയും മുഴുവന്‍ ഷട്ടറുകളും പൂര്‍ണമായും തുടര്‍ന്നാലുണ്ടാകുന്ന അവസ്ഥയെന്താണ്?

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ഇപ്പോഴും തുടരുകയാണ്. ജാഗ്രതയല്ലാതെ വേറെ മാര്‍ഗമില്ല. പത്തനംതിട്ടയും ആലപ്പുഴയും മാത്രമല്ല. എല്ലാ മലനാടന്‍ ജില്ലകളും എന്തിനേറെ എറണാകുളം നഗരം മുഴുവനും ഭീതിയുടെ മുള്‍മുനയിലാണ്. മാത്രമല്ല ഏതാണ്ട് കേരളം മുഴുവന്‍ വെള്ളം നിറഞ്ഞുകുത്തി ഒഴുകുകയാണ്.കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ളവര്‍ അമേരിക്കയിലുണ്ട് . ഒരു പക്ഷെ നമ്മുടെ വേണ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടായിരിക്കാം. ഇന്നല്ലെങ്കില്‍ നാളെ അവര്‍ അവിടെ എത്തിപ്പെട്ടേക്കാം. അതുകൊണ്ടു ഒന്നു മനസിലാക്കുക നമ്മുടെ സഹോദരങ്ങളാണ് അവിടെ കഴിയുന്നവര്‍ എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

ഒന്നോര്‍ക്കുക, നമ്മള്‍ ഇവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ നമ്മളും ഇപ്പോള്‍ ഏതെങ്കിലുമൊക്കെദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടവരായിരുന്നു. അതുകൊണ്ടു പ്രിയപ്പെട്ട വായനക്കാരെ, അസ്സോസിയേഷന്‍കാര്‍ ഓണം ആഘോഷിക്കട്ടെ, നിങ്ങള്‍ മനഃസാക്ഷി അല്‍പ്പമെങ്കിലും ഉള്ളവരാണെങ്കില്‍ 50 ഡോളറിന്റെയും 100 ഡോളറിന്റെയും ടിക്കറ്റും കൊണ്ടുവരുന്നവരോട് പറയുക. 'ഞങ്ങള്‍ക്കു ഇക്കുറി ഓണമില്ല. ക്ഷമിക്കണം, ടിക്കറ്റിന്റെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അയക്കുകയാണ്.

പ്രിയപ്പെട്ട വായനക്കാരെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമിതാണ്. നിങ്ങളുടെ കുഞ്ഞുങ്ങളോട് പറയുക. ടെലിവിഷനിലെ പ്രളയ ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുക. ഈസമയത്തു ടൂറു പോകാനും വെക്കേഷന്‍ ആഘോഷിക്കാനുമിരിക്കുന്ന പ്രിയപ്പെട്ട അമേരിക്കന്‍ പ്രവാസി മലയാളികളെ, നിങ്ങള്‍ഒന്ന് വിചാരിച്ചാല്‍ നിങ്ങളുടെ മക്കളെ പറഞ്ഞു മനസിലാക്കിയാല്‍ അവര്‍ നാട്ടിലുള്ള തങ്ങളുടെ ബന്ധുക്കളെപ്രതി വിനോദ യാത്രകള്‍ വേണ്ടെന്നു വയ്ക്കും. അവര്‍ ആ പണം നാട്ടിലേക്കു അയച്ചുകൊടുക്കുന്നതില്‍ സംതൃപ്തി കണ്ടെത്തും.

ഉറപ്പാണ്, കാരണം നമ്മുടെ മക്കള്‍ നമ്മളെക്കാള്‍ ദാനശീലരും സഹാനുഭൂതിയുള്ളവരുമാണ്. മക്കളെ നിങ്ങളില്‍ എത്രപേര്‍ക്ക് അറിയാം ഇക്കുറി നാട്ടിലെ നമ്മുടെ സഹോദരങ്ങളില്‍ ഭൂരിഭാഗവും ഓണം ആഘോഷിക്കുകയില്ലെന്ന്? ഇവിടെ നിങ്ങളുടെ പ്രാത്ഥന മാത്രം പോരാ അകമഴിഞ്ഞ സംഭാവനയാണ് വേണ്ടത്.

ആഹാരമോ വസ്ത്രമോ അല്ല പണമാണ് നമ്മുടെ സഹോദരങ്ങള്‍ക്കാവശ്യം. ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് ചെലവഴിക്കാന്‍ വേണ്ടത്ര പണമില്ലെന്നും ധനസഹായമാണ് കേരളത്തിലെ ജനങ്ങള്‍ക്കാവശ്യമെന്നുംമുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി മലയാളികളോട് പലവട്ടം അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. ഇനിയും നാം എന്തിനു മടിക്കുന്നു.ഭക്ഷണം വസ്ത്രം എന്നിവ പല കേന്ദ്രങ്ങളില്‍ നിന്നും ആവശ്യത്തിന് ലഭിച്ചു കഴിഞ്ഞു. ഇനി വേണ്ടത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട പണമാണ്. നമുക്ക് നല്കാന്‍ കഴിയുന്നതും അതാണ്. മടിക്കാതെ അതിനായി എല്ലവരും മുന്നോട്ടു വരിക. സുനാമിയെക്കാള്‍ , ഓഖിയെക്കാള്‍ വലിയ ദുരന്തമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് . വരാനിരിക്കുന്ന ദിവസങ്ങള്‍ ഇതിലും ദുരിതമായിരിക്കും. പ്രളയം നിലച്ചാലും ദുരിതം തന്നെ. പിന്നീടാണ് പകര്‍ച്ചവ്യാധികളുടെ തുടക്കം. അവ മുളയിലേ നിയന്ത്രിച്ചില്ലെങ്കില്‍;... ഹാ ..മഹാദുരന്തം!

നമ്മുടെ തന്നെ സുഹൃത്തുക്കള്‍ നാട്ടില്‍ പോയവര്‍ മടങ്ങി വരാന്‍ കഴിയാതെ നാട്ടില്‍ കഴിയുകയാണ്. പ്രളയ ഭീതിമൂലം ഇന്നലെ നെടുമ്പാശേരി വിമാനത്താവളം അടച്ചു പൂട്ടി. മുല്ലപ്പെരിയാര്‍ ഡാമുകൂടി തുറന്നതോടെ പെരിയാര്‍ നിറഞ്ഞോഴുകി ഗതിമാറി രൗദ്ര ഭാവത്തിലാണിപ്പോള്‍, ഇടുക്കി ഡാമിലെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയാല്‍ പെരിയാറിന്റെ സ്വഭാവം മാറും. നെടുമ്പാശേരി ഉള്‍പ്പെടെ കൊച്ചി നഗരത്തെ മുഴുവന്‍ വിഴുങ്ങാനുള്ള സംഹാര ശേഷിയുണ്ടു അവള്‍ക്ക്. വയലാറിന്റെ വരികളിലെ 'പര്‍വ്വതനിരകളിലെ പനിനീര്‍...'കുളിരും കൊണ്ട് കുണുങ്ങി നടക്കുകയല്ല ഇപ്പോള്‍ പെരിയാര്‍. അണപൊട്ടി ഒഴുകിയാല്‍ അവള്‍ സംഹാര ദുര്‍ഗയാകും. അങ്ങനെയാവരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

വീണ്ടും പറയുന്നു; ഇതൊരു വെല്ലുവിളിയല്ല. മനഃസാക്ഷിയുള്ള നല്ലവരായ പ്രവാസി മലയാളി അമേരിക്കക്കാരോടുള്ള എളിയ അഭ്യര്‍ത്ഥന മാത്രം. ചിന്തിക്കൂ? ഇക്കുറി നാം ഓണം ആഘോഷിക്കണമോ? ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകളും പല സംസ്ഥാനങ്ങളിലുള്ള മലയാളി സംഘടനകളും ഗോ ഫണ്ട് മീ പോലുള്ള ധന സമാഹരണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇന്നുതന്നെ ഒരു തീരുമാനമെടുക്കുക.

നാട്ടിലും പുറത്തുമുള്ളവര്‍ കൊടുത്ത തുകയുടെ കണക്ക് ഇ-മലയാളിയില്‍ തന്നെ കണ്ടു. കൊടികള്‍. അമേരിക്കന്‍ മലയാളികള്‍ എന്തു കൊടുത്തു? ചുരുങ്ങിയ ലക്ഷങ്ങള്‍. നാം എത്ര ലജ്ജിക്കണം?

അതു പോലെ പലരും പല വഴിക്കു പണപ്പിരിവ് നടത്തുന്നു. ഇതെല്ലാം ഒരൊറ്റ സ്ഥലത്തു കൂടി ആയാല്‍ നന്നായി. ഇതിനൊരു സംവിധാനം ഇപ്പോഴില്ല. അതുണ്ടാവണം.

പണമായി തന്നെ നാം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പോലെയുള്ള സഹായനിധിയിലെത്തിക്കണം.
ഈ ഓണം ഉണ്ണാന്‍ ലജ്ജയില്ലെ? നാട് പ്രളയം വിഴുങ്ങുമ്പോള്‍  ഓണം  ആഘോഷിക്കാന്‍ കഴിയുമോ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Philipose Philip 2018-08-15 18:27:14
well written article. Hope this will change people’s mind. I think everyone with a heart will donate! 4239
വിദ്യാധരൻ 2018-08-15 19:51:35
വെള്ളത്തിൽ മുങ്ങി പൊങ്ങുന്നു കേരളം 
മാവേലി വെള്ളത്തിൽ ആയിപോലും 
പോയൊണത്തിന് നമ്മൾ  കുടിച്ചത് 
നാനൂറ്റി നാല്പ്പത് കോടിടെ വെള്ളം അത്രെ 
ഇത്തവണ വിധി വെള്ളം കുടിച്ചു മരിച്ചിടാൻ 
കൈവിട്ടുവോ ദൈവം സ്വന്ത നാടാം കേരളത്തെ  
ശബരിമല വെള്ളത്തിൽ ആയി ഇപ്പോൾ 
അയ്യപ്പനെയും കാണ്മാനില്ല പോലും
പെണ്ണുങ്ങൾ ഇല്ലാതെ അയ്യപ്പന്മാർക്കൊക്കെ 
ശബരിമലയിൽ പോകാൻ ഒത്തിടുമോ ?
ക്ഷമിക്കണം മാന്യ വായനക്കാരെന്നോട്‌ 
ക്രൂരമാണിതെന്ന് ചൊല്ലിടല്ലേ 
അധർമ്മം ഭൂമിയിൽ പെരുകുന്ന കണ്ടിട്ട് 
ഈശ്വരൻ വല്ലാതെ കോപിഷ്ഠനോ?
അഴുമതിവീരന്മാർ രാഷ്ട്രീയനേതാക്കൾ 
അതിലും ഗതികെട്ട  മത നേതൃത്വവും 
പ്രകൃതിയെ  മാന്തി പുണ്ണാക്കും  ജനം  
നിൽക്കുന്നിടത്തു കുഴികുഴിപ്പവരും 
വിഷലിപ്‌ത  വായു തുപ്പി തുപ്പി നാം 
അന്തരീക്ഷം മുഴുവൻ മലിനമാക്കി 
കാലാവസ്ഥ മാറ്റം വെറും തട്ടിപ്പെന്ന് 
കച്ചവടക്കാർ നുണ പറഞ്ഞു പരത്തി നാട്ടിൽ
അത്യാർത്തിയാൽ നമ്മുടെ കൺകളിൽ    
തിമിരം പടർന്നു പടർന്നു കേറി
കുത്തിക്കുറിക്കുന്നു ഞാനിതൊക്കെയും 
അമർത്താൻ കഴിയാത്ത അമർഷത്താലെ 
ക്ഷമിക്കണം മാന്യ വായനക്കാരെന്നോട്‌ 
ക്രൂരമാണിതെന്ന് ചൊല്ലിടല്ലേ 
എങ്കിലും നാടിനെ മുടിക്കാതെ പെരുമഴ 
നിൽക്കട്ടെയെന്നു നെഞ്ചുരുകി പ്രാർത്ഥിക്കുന്നു 

വിധ്യദരനു സല്യൂട്ട് 2018-08-16 05:35:45
വെള്ളത്തിൽ മുങ്ങി പൊങ്ങുന്നു കേരളം 
മാവേലി വെള്ളത്തിൽ ആയിപോലും 
പോയൊണത്തിന് നമ്മൾ  കുടിച്ചത് 
നാനൂറ്റി നാല്പ്പത് കോടിടെ വെള്ളം അത്രെ 
ഇത്തവണ വിധി വെള്ളം കുടിച്ചു മരിച്ചിടാൻ 
കൈവിട്ടുവോ ദൈവം സ്വന്ത നാടാം കേരളത്തെ  
യേശുവിന്‍ സോന്തേം NY സ്കൂള്‍ ബോര്‍ഡ്‌ മെമ്പര്‍ 
യേശുവിനെ ഒന്ന് വിളിക്കുകില്ലേ 
മറ്റുള്ളവരെ അബ്സേര്ദ് എന്ന് വിളിക്കും 
താന്‍ എന്തൊരു ക്രിസ്ടിയാനി ?
observer 2018-08-16 09:55:26
ഓണാഘോഷം മാറ്റുന്നതിലല്ല കാര്യം. നാട്ടിലേക്കു സഹായം എത്തിക്കുന്നതിലാണു. ഓണത്തിനു ഒരു ഊണിനു 5ഡോളറെ വരൂ. അതു നമുക്ക് അഫ്‌ഫോര്‍ഡ് ചെയ്യാവുന്നതു തന്നെ 
Lal K 2018-08-16 09:26:28

This is America. Mr. Thadathel

If Onam celebrations are canceled, how can executive committee members perform in STAGE?

With their Eastman-Kodak smile, they want to SERVE general public by holding a MIKE in their hand.

Raghav Methil 2018-08-16 11:05:57

Looks like someone observed Government/Samajams/Associations are canceling their Onam Celebrations due to $5 unaffordability. 

reji Koduvath 2018-08-16 16:36:22
മലയാളീ സമാജങ്ങളുടെ തലപ്പത്തിരിക്കുന്ന വിദ്വാന്മാർക്ക് ആള് കളിക്കുവാൻ കിട്ടിയ ഒരവസരം നഷ്ടപ്പെടുത്തണമോ? പുതിയ ജുബ്ബയും തയ്ച്ചു, ഓണക്കോടി മുണ്ടും മേടിച്ചു, നാട്ടിൽ നിന്നും വരുത്തിയ ചങ്ങല പോലത്തെ സ്വർണചെയിനും - എല്ലാ വെറുതെ പോവില്ലേ? അതിനു പുറമെ ഹാൾ ബുക്ക് ചെയ്തതിന്റെ അഡ്വാൻസും, സദ്യയൊരുക്കുവാൻ ഏല്പിച്ച കുശിനിക്കാരന് കൊടുത്ത പണവും!

അതുകൊണ്ടു നമുൾക്കു പൂർവ്വ ഉണർവോടും വാശിയോടും മാവേലി തമ്പുരാനെ ഇത്തവണയും ഏതിരേൽക്കാം!

Ninan Mathulla 2018-08-16 22:18:52
Without any celebration if we can use the occasion of Onam to come together, and to use that occasion to raise funds to give to Chief Minister's fund, please consider it.
Raghu 2018-08-17 11:22:29

Dear writer, after you pen down all these things and tried to engage American Malayalee organizations, only a couple of them cancelled the celebrations and sending that money to Kerala.

 

Sure that none of the Malayalees will object their OnaSdhya ticket money donating to Kerala at this difficult time. Still Executives are Onam Conveners are not doing it. Why?

 

Nothing but, they do not want to lose a chance to get into stage. Shame on them.

ബെന്നി 2018-08-17 12:34:00
യോജിക്കുന്നു... ഒരു നൂറ്റാണ്ടിനുള്ളിൽ ഉണ്ടായിരിക്കുന്ന വലിയ ഒരു ദുരന്തമാണ് നമ്മൾ കാണുന്നത്.   
 
പൊതുജനം കഴുതയല്ല 2018-08-17 13:50:52
കേരളത്തിൽ ആരും തന്നെ ഈ വർഷം ഓണം ആഘോഷിക്കുന്നില്ലായെന്നു കേൾക്കുന്നു. അവനവനെ ബാധിച്ചാലും ഇല്ലെങ്കിലും, നാടൊട്ടുക്കും ഇങ്ങനെ ഒരു ദുരന്തം നടക്കുമ്പോൾ എന്താഘോഷം?

ചില അമേരിക്കൻ സംഘടനാ നേതാക്കളെ സംബന്ധിച്ചിടത്തോളം, കേരളത്തിൽ ഇടി വെട്ടും മഴ പെയ്യും, വെള്ളം കേറും ഇറങ്ങും, വീടുകൾ മുങ്ങും വെള്ളം മാറിയാൽ പൊങ്ങും. നമുക്കെന്തു ചെയ്യാൻ പറ്റും, നമ്മളെന്തിന് ആഘോഷങ്ങൾ ഒഴിവാക്കണം?

ഹിന്ദു അമ്പലങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ അവർ പോലും ഓണാഘോഷങ്ങൾ വേണ്ടെന്ന് വെയ്ക്കുമ്പോൾ, പ്രാദേശിക എക്സിക്യൂട്ടീവ് കമ്മിറ്റികളും അവരുടെ മിടുമിടുക്കരായ കൺവീനർമാരും ഓണം ആഘോഷമായി കൊണ്ടാടട്ടെ!!

പക്ഷേ ഈ പ്രാവശ്യത്തെ ഓണാഘോഷങ്ങൾക്കു ഞാനും എൻറെ കുടുംബവും പോകുന്നില്ലായെന്ന് ജനം തീരുമാനിച്ചാൽ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക