Image

പ്രകൃതി എന്ന വികൃതി (പകല്‍ക്കിനാവ്- 113 ജോര്‍ജ് തുമ്പയില്‍)

Published on 15 August, 2018
പ്രകൃതി എന്ന വികൃതി (പകല്‍ക്കിനാവ്- 113 ജോര്‍ജ് തുമ്പയില്‍)
ലോകത്ത് ഇത് എന്താണ് സംഭവിക്കുന്നത്. എസിയും ഫാനുമൊക്കെ കേട്ടുകേള്‍വി മാത്രമായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്. എപ്പോഴും തണുത്ത കാലാവസ്ഥ. അവരിപ്പോള്‍ കടുത്ത വേനലില്‍ പുളയുകയാണ്. പലേടത്തും ഫാനില്ല. ഫാനിനും തണുപ്പിക്കാവുന്നതല്ല, അവിടുത്തെ ചൂട്. എസി- എന്നത് ഒരു തരത്തിലും ആവശ്യമില്ലാതിരുന്ന രാജ്യത്ത് ഇപ്പോള്‍ എസി- ഉണ്ടെന്ന് കാണിച്ചാണ് പലേടത്തും കച്ചവടം പോലും. മിക്കയിടത്തും ചൂട് 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. കേരളത്തേക്കാള്‍ ചൂടാര്‍ന്ന പ്രദേശമായി ബ്രിട്ടന്‍ മാറിയിരിക്കുന്നു. കടുത്ത ചൂടില്‍ നിന്നും ആശ്വാസം തേടി ബ്രിട്ടീഷ് ജനത ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മറ്റ് തുറസായ ഇടങ്ങളിലേക്കും കൂട്ടത്തോടെ ഇറങ്ങുകയാണിപ്പോള്‍. അവിടെയുള്ള പല സുഹൃത്തുക്കളും വിളിച്ചു പറയുന്നു, ഇതൊന്നും കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ്, എന്താണ് ഇങ്ങനെ? ഇത് ലോകാവസാനം തന്നെയോ? ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നും യൂറോപ്പിനെ ലക്ഷ്യമാക്കി വന്ന ചൂടന്‍ കാറ്റാണ് ഇപ്പോഴത്തെ ഈ ചൂടിനു കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. ധ്രുവപ്രദേശങ്ങളില്‍ നിന്നുള്ള പോളാര്‍വിന്‍ഡ് ഈ ഡിസംബറില്‍ യൂറോപ്പിനെ അതിശൈത്യത്തിലേക്ക് തള്ളിവിടുമെന്നാണ് പ്രവചനം. അതിനെ നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറെടുത്തു കൊണ്ടിരിക്കവേയാണ് ഇപ്പോള്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഉഷ്ണക്കാറ്റ് ഈ ശീതരാജ്യങ്ങളെ പിടിച്ചുലച്ചത്. ഒപ്പം പലേടത്തും അഗ്നിപ്രവാഹവും.

പോര്‍ച്ചുഗലിലും സ്‌പെയിനിലും ഇത് 40 കവിഞ്ഞു. ഓര്‍ത്തു നോക്കു, 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഒരിക്കലും അനുഭവപ്പെടാതിരുന്ന ഒരു രാജ്യത്ത് ജനങ്ങള്‍ക്ക് ചൂടു പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജനജീവിതം താറുമാറായി. രാവിലെ പതിനൊന്ന് മുതല്‍ മൂന്നുമണിവരെ വീടുവിട്ട് പുറത്തിറങ്ങരുതെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നു. ജോലിക്ക് പോയി മടങ്ങുന്നവര്‍ ട്യൂബ് ട്രെയിനില്‍ ശ്വാസം മുട്ടിയും വിയര്‍ത്തൊട്ടിയും എന്തു ചെയ്യണമെന്നറിയാതെ വേവലാതിപ്പെടുന്നു. കൈയിലുള്ളതെന്തും വിശറിയാക്കി അവര്‍ വീടുകളിലേക്ക് പോകണോ, സെന്‍ട്രല്‍ എസി ഉള്ള മാളുകളിലേക്ക് പോകണോയെന്ന് സംശയിക്കുന്നു. ഇവിടെ ആദ്യമായാണ് ഇങ്ങനെ ചൂടുപിടിക്കുന്നത്. ചൂട് കൂടുന്നതിനാല്‍ വീടിന് പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെമ്പാടും ഈ ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കാലാവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും അടുത്തെങ്ങും ഉണ്ടാവാനില്ലെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. ബ്രിട്ടീഷ് ജനതയുടെ ജീവിതം ആകെ താറുമാറായ സ്ഥിതിയിലാണ്. പൊള്ളുന്ന ചൂടില്‍ ഗള്‍ഫില്‍ ജോലിയെടുക്കേണ്ടി വരുന്നവരെയോര്‍ത്തു സഹതപിച്ചിരുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ വിഷമവൃത്തത്തില്‍ പെട്ട് നട്ടം തിരിയുന്നത്. പല ഓഫീസുകളുടെയും പ്രവര്‍ത്തനം ഇപ്പോള്‍ത്തന്നെ മന്ദഗതിയിലായിക്കഴിഞ്ഞു. ജീവനക്കാരില്‍ പലരും കാലാവസ്ഥ കാരണങ്ങള്‍ പറഞ്ഞ് അവധിയില്‍ പ്രവേശിക്കുന്നു. ഡോക്ടര്‍മാര്‍പോലും എത്താത്തതിനാല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളെയും ചൂട് ബാധിച്ചുതുടങ്ങി. തിരക്കേറിയ സമയങ്ങളില്‍ റോഡിലൂടെയും ട്രെയിനിലൂടെയും സഞ്ചരിക്കുക ഏറെക്കുറെ അസാധ്യകരമായ അവസ്ഥയിലായി. തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ ഉചിതമായ സമയം അനുവദിക്കണമെന്ന ആവശ്യം യൂണിയനുകള്‍ ഉന്നയിച്ചിട്ടുണ്ട്. ആശുപത്രികളില്‍ കടുത്ത ചൂടില്‍ കാത്തിരിക്കാന്‍ വയ്യെന്നതിനാല്‍ രോഗികളെത്തുന്നതും കുറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായെത്തിയ വേനല്‍ കാര്‍ഷിക മേഖലയെയും തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് കൃഷിക്കാരും പറയുന്നു.

ചൂട് ഇനിയും കൂടിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. താപനിലയിലെ മാറ്റം റോഡ്, റെയില്‍ ഗതാഗതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പല കൗണ്‍സിലുകളും ചൂട് നേരിടാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഫാനുകളും എസികളും ഇല്ലാത്ത വീടുകളില്‍ കഴിയുന്ന ദുര്‍ബലരായ ആളുകളെ കണ്ടെത്താനുള്ള ശ്രമം കൗണ്‍സിലുകള്‍ നടത്തുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തുന്ന ഏറെപ്പേരും ഫാനുകളാണ് ആവശ്യപ്പെടുന്നത്. ചൂടുകൂടിയതോടെ സണ്‍ക്രീമിന്റെ ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിലുള്ള സണ്‍ക്രീം ഫാക്ടറിയില്‍ തൊഴിലാളികള്‍ ഓവര്‍ടൈം ജോലി ചെയ്താണ് വര്‍ധിച്ച ആവശ്യം നേരിടുന്നതിനായി ക്രീം ഉത്പാദിപ്പിക്കുന്നത്. 

റെയില്‍വേ പാളങ്ങള്‍ പലതും ചുട്ടുപഴുത്ത് വികസിച്ച് ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പല റൂട്ടുകളിലും ട്രെയിനുകള്‍ വേഗം കുറച്ചാണ് സര്‍വീസ് നടത്തുന്നത്. തിരക്കേറിയ സമയങ്ങളില്‍ ശ്വാസംമുട്ടി യാത്ര ചെയ്യുന്നവര്‍ക്ക് വേഗം കുറയ്ക്കുക കൂടി ചെയ്തതോടെ യാത്ര ദുസ്വപ്‌നമായി മാറിയിട്ടുണ്ട്. ചൂടിനിയും കൂടിയാല്‍ പലേടത്തും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നേക്കുമെന്ന ആശങ്കയുമുണ്ട്. റോഡുകളും പലയിടത്തും ഉരുകിയൊലിച്ച് ഗതാഗതയോഗ്യമല്ലാതായി മാറിയിട്ടുണ്ട്.

ലണ്ടനില്‍ 2018ലെ ഏറ്റവും കൂടിയ താപനിലയായ 29.4 ഡിഗ്രിയാണ് ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ (ഓഗസ്റ്റ് 3, 2018) രേഖപ്പെടുത്തിയത്. ഏപ്രില്‍ 19-ലെ റെക്കോര്‍ഡാണിത് മറികടന്നത്. സൗത്ത് ഈസ്റ്റ്, സെന്‍ട്രല്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഈ ആഴ്ച താപനില 38 ഡിഗ്രി യായി ഉയരുമെന്നാണ് പ്രവചനം. തല്‍ഫലമായി ഇവിടെ ബ്രസീലിലെ ചില പ്രദേശങ്ങളേക്കാള്‍ ചൂടുള്ളതായിത്തീരുമെന്നാണ് അനുമാനം. ആഫ്രിക്കന്‍ കാറ്റ് പലപ്പോഴും ഈജിപ്തിനെയും ഗ്രീസിനെയും വിഷമിപ്പിക്കാറുണ്ടെങ്കിലും വഴിതെറ്റി ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെ കീഴടക്കുന്നത് ഇതാദ്യമാണ്. ഇപ്പോള്‍ ലിസ്ബണില്‍ 38 ഡിഗ്രിയാണ് ചൂട്. ഇത്രയും കനത്ത ചൂട് സഹിക്കാന്‍ കഴിയാത്തവര്‍ ചൂടുകുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ ജോലിക്കാരും മധ്യവര്‍ഗ്ഗക്കാരും എന്തു ചെയ്യണമെന്നറിയാതെ പ്രകൃതിയുടെ വികൃതിയില്‍പ്പെട്ട് നട്ടം തിരിയുകയാണ്. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിനു പോലും ഇപ്പോള്‍ മനസ്സിലായിരിക്കുന്നു. പ്രകൃതി ഇപ്പോള്‍ ശരിക്കും വില്ലന്‍ തന്നെയായിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
Join WhatsApp News
Geevarughese 2018-08-15 10:28:23
കേരളത്തിലെ മഴയെക്കുറിച്ച് കൂടി എഴുതേണ്ടിയിരിക്കുന്നു... ഈ പ്രളയം കാണാതെ പോകരുത്.
George 2018-08-15 20:50:27
ചലച്ചിത്ര സംവിധായകൻ
അലി അക്ബർ എഴുതുന്നു :
പെരുന്നാൾ ഉടുപ്പുകളും, കളിപ്പാട്ടങ്ങളും വാങ്ങി, ആഘോഷത്തിനു കാത്തു നിന്ന കുറേ മനുഷ്യർ... നല്ല നാളേയ്ക്ക് വേണ്ടി നോമ്പ് നോറ്റ് പ്രാർത്ഥനയോടെ കിടന്നവർ നിമിഷാർദ്ധം കൊണ്ട് സംഹാരതാണ്ഡവമാടി പാറയും മണ്ണും മരവും കുഴച്ചുമറിച്ചു ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിലിൽ ഒന്നുറക്കെ നിലവിളിക്കും മുൻപേ പ്രാണനറ്റ് ഭൂമിയുടെ ഗർഭപാത്രത്തിലേക്ക് മടങ്ങി...
മലമുകളിൽ 400000000 കോടി  ലിറ്റർ ജലം സൂക്ഷിച്ചുവെയ്ക്കാൻ കുഴിയെടുത്ത യന്ത്രങ്ങൾ തന്നെ രാവും പകലും ചെളി നീക്കി, പാറ നീക്കി, മരം നീക്കി, മണ്ണുമാന്തി സ്വപ്നങ്ങളറ്റുപോയ ജഡങ്ങളെ പുറത്തെടുത്തു.... അവസാന യാത്രയായ് ഒന്നിടവിട്ടുയർന്നു പ്രകൃതിയിൽ ലയിച്ചു... ഇനി... മറന്നു തുടങ്ങാം.... കോറിയിൽ നിന്നും അടുത്ത വെടിയൊച്ചക്ക് കാതോർക്കാം.ഇരമ്പി പായുന്ന ലോറികളിൽ നിന്നും പറന്നു വരുന്ന പൊടി കണ്ണിൽ പെടാതിരിക്കാൻ കണ്ണടയ്ക്കാം.

ദുഃഖാചരണം കഴിഞ്ഞു രാഷ്ട്രീയ നേതാക്കൾക്ക് കണ്ണുനീർ തുടച്ചു കോറി മുതലാളിമാർക്ക് മുൻപിൽ കൈ നീട്ടാം. 
ദാരുണ കാഴ്ചകളും തൊണ്ടയിടറിയുള്ള വാർത്ത വായന സാഹസവും കണ്ടു ചാനൽ മാറ്റാൻ റിമോട്ട് തപ്പുമ്പോൾ ടീപോയ്ക്കടിയിൽ നിന്നും ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചിരിക്കുന്നു... 
വാർത്ത കേട്ടു ചിരിച്ചതാവാം. കസ്തൂരി രംഗൻ റിപ്പോർട്ട് പൂച്ച ടോയ്ലറ്റ് ആക്കി അടക്കിയതിനാൽ കരച്ചിൽ കേൾക്കേണ്ടി വന്നില്ല.. ഗാഡ്ഗിൽ എനിക്കൊരു പ്രതീക്ഷയായിരുന്നു.. എന്തുകൊണ്ടെന്ന് ചോദ്യം ഉയരാം..
ഉത്തരം ഒറ്റവാക്കിൽ പറയാൻ പറ്റില്ല അല്പം സമയമെടുക്കും.
ഉത്തരം തുടങ്ങുന്നത് 51 വർഷം മുൻപാണ്.

അന്നെനിക്ക് നാല് വയസ്സ്, സ്ഥലം വയനാട്ടിലെ മീനങ്ങാടി..
സമയം സന്ധ്യ.. ഞങ്ങൾ കുട്ടികൾ കരിയിലയും, ചുള്ളിക്കമ്പുകളും വാരി കൂട്ടുന്നു.. എന്തിനാന്നല്ലേ രാവിലെ മദ്രസ്സയിലും സ്കൂളിലും പോണം അതിനു തണുപ്പ് മാറ്റണ്ടേ അതെ തണുപ്പ് മാറ്റാൻ രാവിലെ കരിയിലയും ചുള്ളികളും കത്തിച്ചു ദേഹം ചൂടാക്കും.. അപ്പോൾ ഒരു പാട്ടുണ്ട്, തീ കാഞ്ഞാൽ മേക്കായും, മേക്കാഞ്ഞാൽ അസ്ഥികായും, അസ്ഥി കാഞ്ഞാൽ ബുദ്ധി കായും, ബുദ്ധി കാഞ്ഞാൽ ചത്തുപോകും... അതുകൊണ്ട് ബുദ്ധി കായും മുൻപേ മദ്രസ്സയിൽ എത്തും... ഹിന്ദു കുട്യോൾക്ക് കുറച്ചു സമാധാനം ഉണ്ട് 10മണിക്ക് സ്കൂളിൽ എത്തിയാൽ മതി, പടച്ചോന്റെ മക്കൾക്ക് 7മണിക്ക് മദ്രസ്സയിൽ എത്തണം അതുകൊണ്ട് തന്നെ പടച്ചോനോട് ഇത്തിരി ദേഷ്യം അന്നേ തുടങ്ങി..

മദ്രസയിൽ എത്തിയാലും പല്ല് തണുപ്പാൽ കൂട്ടിയിടിച്ചുകൊണ്ടിരിക്കും അതുമാറ്റാൻ ഒറ്റ വഴിയേ ഉള്ളു തിക്കി തിക്കി ബഞ്ചിൽ ഇരിക്കുക, ഇതുതന്നെ സ്കൂളിലും തുടരും തിക്കി തിക്കിയും ഓടിയോടിയും തണുപ്പ് മാറ്റിയ കാലം.

അക്കാലത്തു തന്നെയാണ് പിതാവിന് ക്യാൻസർ ബാധിക്കുന്നതും ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവുന്നതും ആ യാത്രയിലാണ് ലക്കിടി കാണുന്നത് കൊടും വേനലിലും മഴമാറാത്ത ലക്കിടി ലക്കിടിയിലെ മഴമാപിനി, ചെകുത്താൻ ചങ്ങല തുടർന്ന് വയനാടൻ ചുരം. ഇരുവശവും ഇടതൂർന്നു വൻമരങ്ങൾ നട്ടുച്ചയിലും ഇടുങ്ങിയ വഴിയിൽ കൂരിരുട്ട് മുഴുവൻ വെളിച്ചവും, മഞ്ഞ വെളിച്ചവുമിട്ട് ജീപ്പ് നിരങ്ങി ചുരമിറങ്ങും ഇടയ്ക്കിടെ വണ്ടി തണുപ്പിക്കും,ഒടുവിൽ അപകടം കൂടാതെ അടിവാരത്ത് ഒരു ചായകുടി, നന്ദി സൂചകമായി ഒരുങ്ങാൻകാട് പള്ളിയിൽ നേർച്ച പണം ...

പിതാവ് വിടപറഞ്ഞു പോയി.. പിന്നെ പലപ്പോഴായി ചുരമിറങ്ങി... ഓരോ തവണ ഇറങ്ങുമ്പോഴും ചുരം വെളുത്തു തുടങ്ങി... മഴനൂലുകൾ പൊട്ടി തുടങ്ങി, പിന്നെ പിന്നെ നൂല് തന്നെ കാണാതായി.. താഴെ നിന്നും റബ്ബർ മരങ്ങൾ കുന്നു കയറി വന്നു..
ശേഷം ഞാൻ തിരുവനന്തപുരത്തേക്ക്..
വല്ലപ്പോഴും തിരികെ ചുരം കയറി...
അപ്പോഴേക്കും വൻ മരങ്ങളെല്ലാം ചുരമിറങ്ങി.

നിയമ സഭയിൽ ഒരു ചോദ്യവും ഉയർന്നു:

"കടലിൽ മരമുണ്ടായിട്ടാണോ മയ പെയ്യുന്നത്??"

 പിന്നെ റിസോർട്ടുകളുടെ കാലം...

വൈത്തിരിയിൽ കെട്ടിടമുയർന്നു.

എന്റെ ആദ്യസിനിമ ഷൂട്ട് ചെയ്ത പച്ചകുന്നിൽ പൂക്കോട്ട് വെറ്റിനറി കോളേജ് ഉയർന്നു...

ജോൺ "അമ്മയറിയാൻ" ഷൂട്ട് ചെയ്ത മഞ്ഞപ്പാറ മല, കാണാതെ പോയി...

അങ്ങാടിയിൽ വൈകുന്നേരങ്ങളിൽ കൂട്ടം കൂടിയിരുന്ന പണിയർ ബാറിന് മുൻപിൽ ക്യൂ നിൽക്കുന്നത് കണ്ടു. മാറിൽ വെള്ളമുണ്ട് കെട്ടിയ കുറുമാട്ടികൾ ചൂരിദാരിൽ കയറി.. എല്ലാം മാറി..

മലമുകളിൽ കോൺക്രീറ്റ് പടർന്നു...വരൾച്ച വന്നു, കുരുമുളകിന് മഞ്ഞ വന്നു, ഫുരുഡാൻ കൊണ്ട് നേന്ത്ര വാഴക്ക് ഗർഭമുണ്ടായി.. രാസവളമേറ്റ് മണ്ണ് മച്ചിയായി..

മനുഷ്യരും മാറി മഴയും മാറി ദുരന്തം തല നീട്ടി തുടങ്ങി...

അപ്പോഴുള്ള യാത്രയിലാണ് പച്ച പുതപ്പ് മാറ്റി പച്ച ബിക്കിനിയും ബ്ലൗസുമൊക്കെയിട്ട വനഭൂമിയെ കണ്ടു തുടങ്ങിയത്.

ഇംഗ്ലീഷ് കാരന്റെ വസ്ത്രം പോലെയെങ്കിലും, അത്രയും പച്ചപ്പ് അവശേഷിക്കാൻ മണ്ണിലേക്ക് ചാണക ഗന്ധം കടന്നു വരാൻ, പ്രകൃതിദത്ത കൃഷിയിടങ്ങൾ ഒരിക്കൽ കൂടി കാണാൻ ഇട വരുമോ എന്നാശിച്ചിരുന്നപ്പോഴാണ് ഒരു മഴനൂൽ കനവ് പോലെ, നേർത്ത മഞ്ഞു പോലെ ഗാഡ്ഗിൽ വന്നത് ഇപ്പോൾ മനസ്സിലായില്ലേ ഗാഡ്ഗിലിൽ എന്റെ പ്രതീക്ഷ എന്തായിരുന്നുവെന്ന്.....?

ആ പ്രതീക്ഷയും ആസ്ഥാനത്തതാക്കി കൊണ്ട് പൗരോഹിത്യ വർഗ്ഗവും പൊതുജനവും റിപ്പോര്ട്ട് പോലും വായിക്കാതെ, റിപ്പോർട്ട് കർഷക ഹിതം കാക്കുന്നതാണെന്ന കാര്യം മറച്ചു വച്ച് കോറി മാഫിയയുടെ കരുത്തിൽ അവരുടെ പണം കൈപ്പറ്റിയ രാഷ്ട്രീയ കരുത്തിൽ, ഒരു ജന സൗഹൃദ പ്രകൃതി സൗഹൃദ റിപ്പോർട്ട് കുഴിച്ചു മൂടി.....
ഒരു ചാനൽ പോലും ആ റിപ്പോർട്ടിന്റെ ഉള്ളടക്കം ചർച്ച ചെയ്യാതെ മലയോര കർഷകർക്കിടയിൽ ഭീതി പരത്തി യാഥാർഥ്യം മറച്ചു വച്ചു എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു..

പിന്നീട് നാമറിഞ്ഞു താമരശ്ശേരിയിൽ സമരം നടത്തിയ വൈദികനും സ്വന്തമായി കോറിയുണ്ടായിരുന്നു.

ഒന്ന് ചിന്തിച്ചു നോക്കൂ ഗാഡ്ഗിൽ റിപ്പോര്ട്ട് നടപ്പിലായിരുന്നു എങ്കിൽ കട്ടിപ്പാറയിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നോ?

ഇല്ല ഉണ്ടാകുമായിരുന്നില്ല.

എന്തുകൊണ്ടെന്നാൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലായിരുന്നുവെങ്കിൽ ഒരു ജെസിബി ക്കും മലമുകളിൽ കയറി വെള്ളം ശേഖരിക്കാൻ കുഴി കുഴിക്കാനാകുമായിരുന്നില്ല.

മാത്രമല്ല ഇടിഞ്ഞിടം ശാസ്ത്രീയ പഠനപ്രകാരം മണ്ണൊലിപ്പ് തടയുന്ന തരത്തിലേക്കുള്ള ജൈവ കൃഷിയിടമായി മാറിയേനെ.

അതിനുള്ള സബ്സിഡികൾ കർഷകന് ലഭിച്ചേനെ.

ഇന്ന് മലമുകളിൽ നിന്നും കർഷകരുടെ രോദനം കേൾക്കുന്നു..

കോറി മാഫിയക്കാരെകൊണ്ട് നിവൃത്തിയില്ല എന്നും പറഞ്ഞു. ഇതേ കർഷകർ തന്നെയാണ് കോറി പാടില്ലെന്ന് പറഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം ചെയ്തത്.

അന്ന് സമരത്തിന് മുൻപിൽ നിന്ന നേതാക്കൾ ആരെങ്കിലും ഇന്ന് കോറിക്കെതിരെ കമാന്നു മിണ്ടുന്നുണ്ടോ......??

ഇന്ന് ജൈവ കൃഷിയിലേക്ക് കർഷകൻ ഒരു സഹായവും ലഭിക്കാതെ തിരിയുന്നു...ഗാഡ്ഗിൽ, ജൈവ കൃഷിക്ക് ആനുകൂല്യങ്ങൾ ശുപാർശ ചെയ്തിരുന്നില്ലേ......??

ജൈവ കൃഷി ചെയ്യുമ്പോൾ വിളവിൽ വരുന്ന കുറവിന് സബ്സിഡി നൽകാൻ പറഞ്ഞിരുന്നില്ലേ.....??

ഇപ്പോൾ വല്ലതും കിട്ടുന്നുണ്ടോ......??

ഗാഡ്ഗിൽ കർഷകർക്ക് വീടു വയ്ക്കാൻ പറ്റില്ലെന്ന് റിപ്പോര്ട്ടിൽ പറഞ്ഞിരുന്നോ..??

ഇല്ല...... കുറേ നുണകളാണ് കർഷകർ കേട്ടത്,

ഗാഡ്ഗിൽ അൻവറിന്റെ പാർക്കിന് എതിരായിരുന്നു..കാരണം പാർക്ക് പ്രകൃതിക്കു എതിരാണ്, അതുവഴി അതിനു താഴെ ജീവിക്കുന്ന മനുഷ്യരുടെ ജീവൻ കാക്കാൻ പ്രതിബദ്ധവുമായിരുന്നു...

ചിലർക്ക് സംശയം ഉണ്ടാകും എന്താ കസ്തൂരി രംഗനെക്കുറിച്ച് മിണ്ടാത്തതെന്നു??

അതിനു കസ്തൂരിയുടെ മണമല്ല കോറിയുടെയും പാർക്കിന്റെയും ഫാക്ടറിയുടെയും മണമാണ് എന്നത് കൊണ്ടും അതു കര്ഷകന് എതിരാണ് എന്നതുകൊണ്ടും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.

മഴ ഇനിയും പെയ്യും പെയ്യണം പക്ഷെ കുന്നിടിയാൻ പാടില്ല, ചുരമിടിയാൻ പാടില്ല.

അതിനെന്തു വേണം എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. പ്രത്യേകിച്ചും പശ്ചിമ ഘട്ടത്തെയും അവിടെ വസിക്കുന്ന കർഷനെയും എങ്ങിനെ രക്ഷിക്കാമെന്ന ശാസ്ത്രീയ പഠനവും അതിന്റെ സുതാര്യമായ നടപ്പാക്കലുമായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്.

സർക്കാരിന്റെ ഏക പക്ഷീയ നടപ്പാക്കൽ ആയിരുന്നില്ല. നടപ്പാക്കേണ്ട തീരുമാനം എടുക്കുന്നതും നടപ്പാക്കുന്നതും കർഷകർ ഉൾപ്പെടുന്ന പ്രാദേശിക കൂട്ടായ്മയായിരുന്നു എന്നതാണ് പ്രത്യേകത.

ഇതെങ്ങിനെ കർഷക വിരുദ്ധമാവും?.

ഭൂമിയെ മൂന്നു വിഭാഗങ്ങളായി തിരിക്കുക..

ഓരോ വിഭാഗത്തിലും ഭൂമിയുടെ സ്വഭാവം അനുസരിച്ചു,  അഥവാ മഴയുടെ ലഭ്യത, ഭൂമിയുടെ ചരിവ്, വന സാമീപ്യം, മണ്ണിന്റെ ഘടന ഇവ അനുസരിച്ചു അനുവദനീയമായത് എന്തൊക്കെ, അനുവദിക്കേണ്ടാത്തത് എന്തൊക്കെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ഏതൊക്കെ, കൃഷിയിൽ ഭൂമിയുടെ വൈവിദ്ധ്യം അനുസരിച്ചു എന്തെല്ലാം കരുതൽ വേണം, ഏതിനം കൃഷി അനുയോജ്യം നാൽക്കാലി വളർത്തിനുള്ള അനുകൂല സാഹചര്യം ഉണ്ടെങ്കിൽ അതു പ്രോത്സാഹിപ്പിക്കുക, തരിശിടങ്ങൾ പുൽമേടുകളാക്കുമ്പോൾ മണ്ണൊലിപ്പിന് തടയും പശുവിനു തീറ്റയുമെന്നത്.. ഉദാഹരണം.ദുർബലമായ മലകൾ തുരക്കാനുള്ളതല്ല.

റിസോർട്ടുകൾ പണിതുയർത്താനുമുള്ളതല്ല. എന്ന അടിസ്ഥാന പ്രമാണത്തിൽ ഗാഡ്ഗിൽ ഉറച്ചു നിന്നു എന്നതാണ് എതിരെ ഉയർന്ന മാഫിയ സമരങ്ങൾക്ക് കാരണം.

ഒരു റിസോർട്ടോ, കോറിയോ വരുമ്പോൾ അത് വരുന്നിടത്തു മാത്രമല്ല, റോഡായും, മറ്റു അനുബന്ധ ഘടകമായി ആ ചുറ്റുപാടും തകരും എന്നതാണ് മുഖ്യം. അതേ സമയം പ്രകൃതി സൗഹൃദമായ പാർക്കുകളെ ഗാഡ്ഗിൽ എതിർത്തിട്ടുമില്ല.

30%കൂടുതൽ ചെരിവുള്ള വാർഷിക വിളകൾ നിരുത്സാഹപ്പെടുത്തണം, ദീർഘ കാല വിളകൾ പ്രോത്സാഹിപ്പിക്കണം എന്ന നിർദ്ദേശം ഗാഡ്ഗിൽ വച്ചത് കർഷകരെ ദ്രോഹിക്കാനല്ല പകരം കർഷകരെയും ഒപ്പം മണ്ണിനെയും നിലനിറുത്തുക എന്ന ഗുണപരമായ നിർദ്ദേശമായിരുന്നു എന്നത് ഓരോ ജീവിതങ്ങളും മണ്ണിലാണ്ടു പോവുമ്പോൾ നാം ഓർത്തെടുക്കണം...

കൂടിയ ചെരിവുള്ള ഇടങ്ങളിൽ പാർക്ക് പണിതു സാമ്പത്തിക നേട്ടമുണ്ടാക്കി വളരെ സുരക്ഷിതമായ ഇടങ്ങളിൽ വീടു വച്ചു താമസിക്കുന്ന ജനപ്രധിനിതികളെ ജനം തിരിച്ചറിയാൻ വൈകി എന്നതും ശ്രദ്ധേയമാണ്. മലമുകളിലെ മണ്ണ് അസ്ഥിയുടെ ചേർന്ന് നിൽക്കുന്ന മാംസം പോലെയാണ് പരസ്പര ബന്ധം വിശ്ചേദിക്കാൻ ചെറിയ കാരണം മതി...

പശ്ചിമ ഘട്ടം മലയോര നിവാസികളുടെ മാത്രം പ്രശ്നം ആണെന്നൊരു ധാരണ ഉണ്ട്. വയനാട്ടിലെ ജലമാണ് കോഴിക്കോട്ടുകാരുടെ ദാഹമകറ്റുന്നത് എന്നു കോഴിക്കോട്ടുകാർ കരുതുന്നില്ല, ഇടുക്കിയിലെ ജലമാണ് കൊച്ചി വരെ എത്തുന്നതെന്ന് കൊച്ചിക്കാരും മറക്കുന്നു. ഇടുക്കിയാണ് കേരളത്തിന്‌ വെളിച്ചം പകരുന്നതെന്നും ഓർക്കണം, ഇടുക്കിയാണ് തമിഴ് നാടിനെ പോറ്റുന്നതെന്നതും അതിശയോക്തിയല്ല,

മലയോര ദുരന്തങ്ങൾ മലയോരത്തിന്റേത് മാത്രമായി കണ്ടു നിസ്സംഗതയോടെ ഇരിക്കുന്ന പട്ടണവാസികൾ അറിയുന്നില്ല തങ്ങളുടെ ജീവിതവ്യവസ്ഥയാണ് തകരുന്നതെന്ന്.

കീടനാശിനികളോട് ഗാഡ്ഗിൽ കാണിച്ച അസ്വാരസ്യം ഇന്ന് മലയാളി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

കീടനാശിനി നിറഞ്ഞ ഉത്പ്പന്നങ്ങൾ ലോകം ബഹിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു. രാസവളത്തിൽ നിന്നും കർഷകർ ജൈവ രീതിയിലേക്ക് മാറുന്നു, അങ്ങിനെയുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ വിലയും, പ്രത്യേക വിപണന കേന്ദ്രങ്ങളും വന്നിരിക്കുന്നു ഇതൊക്കെ ഗാഡ്ഗിൽ മുൻകൂട്ടി കണ്ടതാണ്, അതിനു കർഷകർക്ക് ലഭിക്കാമായിരുന്ന പ്രോത്സാഹനമാണ് നഷ്ടപ്പെടുത്തിയത്...

സർക്കാർ അഥവാ രാഷ്ട്രീയ നേതൃത്വം ആദ്യം പഠിക്കേണ്ടത് ഭാരതത്തിന്റ ധർമ്മ വ്യവസ്ഥിതിയെ ആയിരുന്നു.

ധർമ്മം എന്നുകേട്ടാൽ ഹിന്ദു എന്നു എന്നു ലേബലിടുന്നവരാണ് ഇന്ന് കൂടുതലും. ധർമ്മമെന്നത് പ്രപഞ്ചം എപ്രകാരം പരസ്പര പൂരകമായി നില്ക്കണമോ അപ്രകാരം നിലനിൽക്കണം എന്ന സാമാന്യ തത്വമാണെന്നത് മനസ്സിലാക്കാതെ ഹിന്ദുത്വത്തിന്റ പ്രമാണമെന്നു കരുതി പുച്ഛിക്കുന്ന ഭൗതിക വാദ പ്രസ്ഥാനങ്ങളുടെ നാവായി മാറുകയാണ് പുരോഗന വാദികൾ..

ഭാരതീയ സങ്കൽപ്പത്തിൽ ദേവതകളായിട്ടാണ് മണ്ണും, മരവും, ജലവും, പുഴയും വായുവുമെല്ലാം കരുതപ്പെടുന്നത്. അത്രമേൽ ഗൗരവം അവയ്ക്കു നൽകി, അവയുടെ ശോഷണം ധർമ്മത്തിന്റ ശോഷണമായി കരുതി അവയെ സംരക്ഷിച്ചും ആരാധിച്ചും പോന്നു.
അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കാവുകൾ.

കാവുകളിൽ നിന്ന് ഒരു ചില്ലി പോലും എടുക്കരുതെന്നാണ് വ്യവസ്ഥ. അത്തരത്തിൽ പൂർവികർ സമൂഹത്തിനു മുൻപിൽ പ്രകൃതിയെ സംരക്ഷിക്കപ്പെടേണ്ട ആവശ്യകത പ്രവൃത്തികമായി തന്നെ കാണിച്ചു കൊടുത്തു.
ഇതിന്റെ കൂടെ വായിച്ചെടുക്കേണ്ട ഒന്നായിരുന്നു നാൽക്കാലി സംരക്ഷണം..

പശു അമ്മയാണോ കാള അച്ഛനാണോ എന്നു ചോദിക്കുന്ന വങ്കന്മാരോട് ഞാൻ പറയും അതേ.. മണ്ണിന്റെ ആവാസ വ്യവസ്ഥയുടെ പിതാവും മാതാവുമാണവർ. പാലും നെയ്യും മാത്രമല്ല മണ്ണിന്റെ ഊർജ്ജം നിലനിറുത്താനുള്ള ചാണകവും മൂത്രവും അവർ നൽകിയിരുന്നു. അതുകൊണ്ട് തന്നെയാണ് വേദത്തിൽ അവർ പൂജ്യരായത്...

കന്നുകാലി സമ്പത്ത് സംരക്ഷിക്കപ്പെടണമെങ്കിൽ പുൽമേടുകൾ സംരക്ഷിക്കപ്പെടണമായിരുന്നു. പുൽമേട് സംരക്ഷിക്കപ്പെടുമ്പോൾ മണ്ണൊലിപ്പ് തടയപ്പെടുമായിരുന്നു. നോക്കൂ എത്ര പരസ്പ്പര പൂരകമായി ആദി മനുഷ്യർ കന്നുകാലി സമ്പത്തിനെ കണ്ടു. ഇന്നോ മനുഷ്യന്റെ ഉദരം നിറയ്ക്കാനുള്ള മാംസക്കഷ്ണമായി കന്നുകാലി സമ്പത്തു മാറുന്നു...

അവയെ സംരക്ഷിക്കണം എന്നു പറയുന്നവരെ മതത്തിന്റെ ഓരം പറ്റി കളിയാക്കുന്നു ഒരു കൂട്ടർ...

കുന്നുകളുടെ സംരക്ഷണവും കന്നുകാലി വളർത്തലും പരസ്പര പൂരകമായി പരിപോഷിപ്പിക്കാമെന്നു ഗാഡ്ഗിൽ പറഞ്ഞതും വെള്ളത്തിൽ വരച്ച വരയായി.

20%ത്തിൽ അധികമുള്ള ചെരിവുകൾ ഉള്ള കുന്നുകൾ മലകൾ ഇവയുടെ ചെരിവുകളിൽ ചെറിയ ഇടനാഴികൾ പോലെ നിരന്നു പാറകൾ തങ്ങിനിൽക്കുന്ന ഇടങ്ങൾ മണ്ണിടിച്ചിലിനു സാധ്യത ഏറെ ഉള്ള ഇടങ്ങളാണ്. പാറയിൽ എത്രമാത്രം ഘനത്തിൽ മണ്ണ് പൊതിഞ്ഞു നിൽക്കുന്നു എന്നതും ഉരുൾ പൊട്ടലിന്റെ സാധ്യതയേ ബാധിക്കും.

മറ്റൊന്ന്, നിയന്ത്രണം വിട്ട പാറ ഖനനം തന്നെ.

അതു നിയന്ത്രിക്കാൻ സർക്കാർ തയ്യാറല്ല ജനങ്ങൾ സംഘടിതരായി ഇറങ്ങുകയേ വഴിയുള്ളു.. അതിനു വേണ്ടിയുള്ള സമരമുഖങ്ങൾ തുറക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ആഖാതം കടുത്തതാവും.

കേരളത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളായ മണ്ടകോൽ, പനത്തടി, പൈതൽ മല, ബ്രഹ്മഗിരി, തിരുനെല്ലി, ബാണാസുര, കുറ്റ്യാടി, നിലമ്പൂർ, മേപ്പാടി, ശിരുവാണി, സൈലന്റ് വാലി, ന്യു അമരമ്പലം, നെല്ലിയാമ്പതി, പീച്ചി, വാഴാനി, അതിരപ്പിള്ളി, വാഴച്ചാൽ, പൂയം കുട്ടി, മൂന്നാർ, കാർഡമം ഹിൽസ്, പെരിയാർ, കുളത്തൂപ്പുഴ, അഗസ്ത്യ മല, തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം മഴയ്‌ക്കൊപ്പം രോദനം കേട്ടേക്കാം..

ചാനലുകൾക്ക് വിരുന്നു ലഭിച്ചേക്കാം... അപ്പോഴും നമ്മുടെ പുസ്തക ശേഖരങ്ങൾക്കിടയിൽ എവിടെ നിന്നെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ട്‌ ചിരിച്ചേക്കാം.

മത പുരോഹിതരെ, നമുക്ക് ഒലിച്ചുപോയൊടുങ്ങിയ ആത്മാക്കൾക്കു വേണ്ടി പ്രാർഥിക്കാം, പ്രകൃതി ദേവതകളെ സംരക്ഷിക്കണമെന്ന ധർമ്മവ്യവസ്ഥ ഉയർത്തുന്നവരെ കളിയാക്കാം. കോറിമുതലാളിമാരുടെ കൊട്ടാരങ്ങളിൽ ചെന്ന് നാൽക്കാലി ഇറച്ചി വിഴുങ്ങി അവരുടെ ശാന്തിക്കും ഉയർച്ചക്കും വേണ്ടി പ്രാർത്ഥിക്കാം..

മലകയറുന്ന,വയൽ കുഴിക്കുന്ന റിസോർട്ട്, തീം പാർക്ക് മുതലാളിമാർക്കുവേണ്ടി പ്രത്യേക സംവരണം വഴി നമ്മുടെ നിയമസഭയിലും, ലോകസഭയിലും, രാജ്യസഭയിലും സീറ്റ് ഉറപ്പു വരുത്താം.....

പാവപ്പെട്ട കർഷകനെ ഗാഡ്ഗിൽ എന്ന ഭൂതത്തിൽ നിന്നും രക്ഷിച്ച ദൈവസ്നേഹികളുടെ കഥ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കാം.....

മഴ കനക്കുമ്പോൾ മലയടിവാരത്തിലെ കർഷകർ ഒലിച്ചുപോവാതിരിക്കാൻ താൽക്കാലിക ക്യാംപിലേക്ക്ഓടട്ടെ, നമുക്ക് മലമുകളിലെ റിസോർട്ടിലിരുന്നു രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ വല്ലതും തടയുമോ എന്നു നോക്കാം......

കാലം അനുവാദം തന്നാൽ ഞാനെന്റെ കൊച്ചുമക്കളോട് കരിയില വാരി കത്തിച്ചു തണുപ്പ് മാറ്റിയ കഥ പറയും, ലക്കിടിയിലെ നൂൽമഴയെക്കുറിച്ചും, ചുരത്തിലെ ഇരുട്ടിനെ ക്കുറിച്ചും പറയും ഒപ്പം പൊട്ടിയൊലിച്ചു പോയ മലയെ കുറിച്ചും ജീവിതങ്ങളെ കുറിച്ചും പറയും...

അപ്പോൾ അവരുടെ കയ്യിലുള്ള കുപ്പി വെള്ളത്തിന്റെ വില എന്താകുമോ.....?
JOHN 2018-08-16 14:53:44
ലേഖനത്തേക്കാൾ നീളം കൂടിയ കമന്റ് ആണെങ്കിലും ഷെയർ ചെയ്തതിനും അത് പ്രസിദ്ധീകരിച്ചതിനും ഒരു പാട് നന്ദി. മലയാള സിനിമയിൽ വേറിട്ടൊരു ശബ്ദത്തിന്റെ ഉടമയാണ് അലി അക്ബർ എന്ന ചെറുപ്പക്കാരൻ.  മനസ്സിൽ ഇത്രയൊക്കെ നന്മ ഉള്ള വ്യക്തി ആണ്  അദ്ദേഹമെന്ന്  അറിയില്ലായിരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക