Image

ഇ- മലയാളി ഓണം സ്‌പെഷല്‍-4: ഓണനാളുകളുടെ സ്വപ്‌നം- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 August, 2018
ഇ- മലയാളി ഓണം സ്‌പെഷല്‍-4: ഓണനാളുകളുടെ സ്വപ്‌നം- (ഏബ്രഹാം തോമസ്)
സ്വപ്‌നം കാണുന്നതിന് വിലക്കില്ല. ആര്‍ക്കും ആകാം. എന്ത് വേണമെങ്കിലും കാണാം. മനസ്സില്‍ താലോലിച്ച് വച്ചിരിക്കുന്നതെല്ലാം സ്വപ്‌നത്തില്‍ നേടാം. സ്വപ്‌നങ്ങള്‍ നമ്മില്‍ പ്രതീക്ഷയുണര്‍ത്തുന്നു. പ്രത്യേകിച്ച് ഉണര്‍ന്നിരുന്ന് കാണാവുന്നവ. സ്വപ്ന ലോകത്ത് ജീവിക്കുവാന്‍ പലരും ആഗ്രഹിക്കാറുണ്ട്. സ്വപ്‌ന തുല്യമായ നാളുകള്‍ ഉണ്ടായിരുന്നു എന്ന് ഐതീഹ്യങ്ങളിലൂടെ അറിയുകയും ആ നാളുകള്‍ ആസ്വദിച്ച് അനുഭവിക്കുവാനുമുള്ള മനുഷ്യന്റെ ആഗ്രഹമാണ് ഉത്സവനാളുകള്‍ നല്‍കുന്ന സന്തോഷം.

കള്ളവും ചതിയും ഇല്ലാത്ത, കപടതയും വഞ്ചനയും ഇല്ലാത്ത, എല്ലാവരും സഹോദരരെപോലെ കഴിഞ്ഞിരുന്ന സമ്പല്‍ സമൃദ്ധമായ നാളുകള്‍ മനുഷ്യന്റെ സ്വപ്‌നമാണ്. ഇതേ സ്വപ്‌നം തന്നെയാണ് പല മഹാന്മാരും കണ്ടിരുന്നത്. ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറും മാര്‍ട്ടിന്‍ ലൂതര്‍കിംഗ് ജൂനിയറുമെല്ലാം സ്വപ്‌നസുന്ദരമായ രാജ്യത്തെ കുറിച്ചും നാളുകളെ കുറിച്ചും പറഞ്ഞിരുന്നു. ഈ കഥകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി ഇന്നും ജനങ്ങള്‍ സായൂജ്യമടയുന്നു.

ഗാന്ധി ഉദ്ദേശിച്ച സമത്വസുന്ദര ഇന്ത്യ ഇന്നും സ്വപ്‌നമായി അവശേഷിക്കുന്നു. സംവരണം ഒരു വലിയ ഉദാഹരണമാണ്. ഇന്ന് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം, എന്ന് ചിലര്‍  വീറോടെ വാദിക്കുന്നത് പോലെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സമൂഹത്തിലെ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണം എന്ന് ചിലര്‍ ശക്തമായി വാദിച്ചു. സംവരണം അവരെ മറ്റ് ജനവിഭാഗങ്ങള്‍ക്കൊപ്പം ഉയരുവാന്‍ സഹായിക്കുകയില്ല. മറിച്ച് അവര്‍ സ്വയം വളരാന്‍ സാഹചര്യം ഒരുക്കുകയാണ് വേണ്ടത് എന്നായിരുന്നു ഗാന്ധിജി വാദിച്ചത്. ഒടുവില്‍ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം പതിനഞ്ച് വര്‍ഷത്തേയ്ക്ക് സംവരണം ആകാം എന്ന് സമ്മതിച്ചു. അതിന് ശേഷം സംവരണം അരുത് എന്നും ഗാന്ധിജി നിഷ്‌കര്‍ഷിച്ചു. ഗാന്ധിജി കടന്നു പോയി. ഒരു വലിയ ആയുധമായി രാഷ്ട്രീയത്തേക്കാള്‍ ഇന്നും സംവരണം ഉപയോഗിക്കുന്നു. ഇപ്പോള്‍ സംവരണശതമാനം നൂറിന് അടുത്തെത്തി. ഇനി എങ്ങനെ പുതിയ സംവരണ ശതമാനങ്ങള്‍ ഏര്‍പ്പെടുത്താനാവും എന്നാണ് നേതാക്കള്‍ തല പുകഞ്ഞാലോചിക്കുന്നത്.

ടാഗോര്‍ ബംഗാളി കവി ആയിരുന്നു. സമഗ്രഭാരതത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ വികസനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി, ടാഗോര്‍ സ്വപ്‌നം കണ്ട സമത്വ സുന്ദരലോകം ഇന്നും ബംഗാളില്‍ പോലും സ്വപ്‌നമായി അവശേഷിക്കുന്നു. കപടതയും വഞ്ചനയും സഹോദരനെ വെറുക്കുന്നതും അവനെ അതിക്രൂരമായി കൊലപ്പെടുത്തുന്നതും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലുമെന്നപോലെ ബംഗാളിലും സര്‍വ്വസാധാരണമാണ്.

കേരളത്തില്‍ ധാരാളം സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുണ്ടായി. ഇവര്‍ക്കെല്ലാമുപരി നമുക്കെല്ലാം പ്രിയങ്കരനായ മഹാബലി നാടുവാണീരുന്ന ഐതീഹ്യം നാം പാടി തളരാറുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് എല്ലാ ജാതി മതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവം ഉള്ളതായി അറിയില്ല. എന്നാല്‍ കേരളത്തില്‍ സര്‍വ്വമതസ്ഥരും ഒന്നായി ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. 1962 ലാണ് കേരളത്തില്‍ ഓണം പൊതുസ്ഥലങ്ങളില്‍ ആഘോഷിക്കുവാന്‍ ആരംഭിച്ചത്. അതിന് മുമ്പ് അമ്പലങ്ങളില്‍ പൊതുവായും വീടുകളില്‍ കുടുംബസമേതമായും മാത്രമാണ് ഓണം ആഘോഷിച്ചിരുന്നത്. ഓണത്തിന് ഒരു സാര്‍വ്വലൗകീക സ്വഭാവം വന്നതിന് ശേഷം കലാസാംസ്‌കാരിക സംഘടനകള്‍ ഈ ആഘോഷങ്ങള്‍ ബഹുദിന പരിപാടികളായി കെങ്കേമമായി നടത്തുവാന്‍ ആരംഭിച്ചു.

താമസിയാതെ ഈ ആഘോഷം ഹിന്ദു ഇതര ആരാധനാലയങ്ങളിലും നടത്തുവാന്‍ തുടങ്ങി. ഇത് ചില ആരാധനാലയങ്ങളില്‍ ചില ചെറുത്ത് നില്‍പുകളും സൃഷ്ടിച്ചു. കൂടുതല്‍ വിഭാഗീയ ചിന്തയ്ക്ക് അടിപെട്ട് വരികയാണ് മലയാളി. വായനക്കാര്‍ ഏറെ ഉണ്ടെന്ന് അവകാശപ്പെടുന്ന മലയാളദിനപ്പത്രങ്ങളിലെ വിവാഹ പരസ്യങ്ങള്‍ വളരെ പ്രയാസപ്പെട്ട് ജാതി, ഉപജാതി വിഭാഗങ്ങളുടെ പേരുകള്‍ വിവരിച്ച് വേര്‍പെടുത്തിയിരിക്കുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മനസിലാകും ഓണനാളുകള്‍ വെറും സ്വപ്‌നമാണെന്ന്. എത്ര എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ദൈനംദിന കേരളജീവിതത്തില്‍ നിന്ന് ഉദാഹരിക്കുവാന്‍ കഴിയും.

കള്ളവും ചതിയും കപടതയും വഞ്ചനയും ഏറ്റവും താഴേക്കിടയില്‍ നിന്ന് ഏറ്റവും മുകളില്‍ വരെ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. നികുതി നല്‍കാതിരിക്കുവാന്‍ പയറ്റുന്ന തന്ത്രങ്ങള്‍, തുടര്‍ച്ചയായി നടത്തുന്ന 'തേപ്പ്' പരിപാടികള്‍ ഇവയൊക്കെ ഓണനാളുകള്‍ എത്ര അകലെയാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തും. കേരളം വലിയ ദുരന്തനാളുകളിലൂടെ കടന്നു പോവുകയാണ്. ചരിത്രത്തില്‍ കേട്ടുകേഴ് വിപോലും ഇല്ലാത്ത വെള്ളപ്പൊക്കകെടുതികള്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയോ വളരെയധികം പരിമിതിപ്പെടുത്തുകയോ ചെയ്യേണ്ടതാണെന്ന് നമ്മെ ബോധവാന്മാരാക്കേണ്ടതാണ്.

വലിയ പ്രകൃതി ദുരന്തം അനുഭവിച്ചവര്‍ക്ക് ദശകോടികള്‍ ഓരോ ചലച്ചിത്രത്തിനും പ്രതിഫലമായി വാങ്ങുന്നവരില്‍ നിന്ന് ഇതുവരെ ഒരു സഹായവും ഉണ്ടായിട്ടില്ല. അന്യഭാഷയിലെ താരങ്ങളാണ് സഹായിക്കുവാന്‍ ആദ്യം മുന്നോട്ട് വന്നത്. ഏവരും സോദരത്യേനയല്ല വാഴുന്നത് എന്ന് ഇത് വിളിച്ചറിയിക്കുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ ഐഹാവ് എ ഡ്രീം(എനിക്കൊരു സ്വപ്‌നമുണ്ട്) എന്ന വാചകം പല ദശകങ്ങളായി അമേരിക്കയിലെ വിവിധ ജനവിഭാഗങ്ങളെ ആവേശഭരിതരാക്കുവാന്‍ ഇടയ്ക്കും മുറയ്ക്കും ആവര്‍ത്തിക്കാറുണ്ട്. അമേരിക്കന്‍ സ്വപനം എന്ന വിശേഷണവും ഇതില്‍ നിന്നാരംഭിച്ചു. ലണ്ടനിലെ തെരുവുകളില്‍ പാതകള്‍ പോലും സ്വര്‍ണ്ണനിര്‍മ്മിതമാണ് എന്ന് ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ പറഞ്ഞത് പോലെ സ്വര്‍ണ്ണം(സമ്പന്നമായ ജീവിതം) തേടിയെത്തിയ അഭയാര്‍ത്ഥികളാണ് അമേരിക്കയിലെ ഭൂരിപക്ഷവും, ഈ ഭാഗ്യാന്വേഷികളില്‍ ഒരു വലിയ വിഭാഗത്തിന് സമ്പത്തും നേടാന്‍ കഴിഞ്ഞു. സമൂഹത്തിലെ അസമത്വവും അനീതിയും ഒരു വലിയ ന്യൂനപക്ഷ വിഭാഗത്തിന് പരശതം വ്യവഹാരങ്ങളിലൂടെയും പലപ്പോഴും അക്രമാസക്തമാവുന്ന പ്രതിഷേധങ്ങളിലൂടെയും നേടാന്‍ കഴിഞ്ഞു. എന്നാല്‍ ചെറിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇവ ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. ലൂതര്‍കിംഗ് ജൂനിയറിന്റെ സ്വപ്‌നം ഇനിയും യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്.

പുരാണ ഭാരതത്തിലെ രാമന്റെ ഭരണം സമ്പല്‍ സമൃദ്ധവും സമത്വസുന്ദരവുമായ നാളുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു എന്ന് ഇതിഹാസങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. രാമരാജ്യം എന്ന പ്രയോഗം തന്നെ ഇങ്ങനെ ആരംഭിച്ചു. മഹാബി കേരളം ഭരിച്ചപ്പോള്‍ കേരളവും ഇങ്ങനെ ആയിരുന്നു എന്ന് ഐതീഹ്യകഥകള്‍ നമ്മെ ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. അങ്ങനെ കേരളത്തിന് മാവേലിനാട് എന്ന് അപരനാമം ഉണ്ടായി.
ദേവാനന്ദിന്റെ തേരേ മേരേ സപ്‌നേ എന്ന ഹിന്ദി ചിത്രത്തിന്റെ പരസ്യം ഇങ്ങനെ ആയിരുന്നു! നിങ്ങള്‍ സ്്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍ സ്വപ്‌നങ്ങള്‍ തകരുന്നത് കണ്ടിട്ടുണ്ടോ?'

ഓണനാളുകള്‍ സ്വപ്‌നം കാണുന്നവര്‍ക്ക് സ്വപ്‌നം തകരുന്നത് കാണാന്‍ ചുറ്റും നോക്കിയാല്‍ മാത്രം മതി.
നിങ്ങളുടെ ഓണസ്വപ്‌നം സഫലീകരിക്കട്ടെ!
ഇ- മലയാളി ഓണം സ്‌പെഷല്‍-4: ഓണനാളുകളുടെ സ്വപ്‌നം- (ഏബ്രഹാം തോമസ്)
Join WhatsApp News
Sudhir Panikkaveetil 2018-08-15 11:12:25
നല്ല ലേഖനം.  ഓണാശംസകൾ .
Abraham Thomas 2018-08-15 11:38:11
Thanks. Wish you a Happy Onam!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക