Image

ശബരിമലയും പമ്പയും ഒറ്റപ്പെട്ടു; ഭക്തര്‍ യാത്ര ഒഴിവാക്കണമെന്ന്‌ കര്‍ശന നിര്‍ദേശം

Published on 15 August, 2018
ശബരിമലയും പമ്പയും   ഒറ്റപ്പെട്ടു; ഭക്തര്‍ യാത്ര ഒഴിവാക്കണമെന്ന്‌ കര്‍ശന നിര്‍ദേശം

പത്തനംതിട്ട : ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന്‌ ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം. പമ്പയില്‍ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്‌. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തിനടിയിലായി. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പും ഉണ്ട്‌. മഴ ശക്തമായി തുടരുന്നു.

പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക്‌ ക്രമാതീതമായി ഉയരുകയാണ്‌. കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ്‌ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പമ്പയിലേക്കുള്ള ബസ്സ്‌ സര്‍വ്വീസ്‌ കെ.എസ്‌ ആര്‍ ടി സി നിറുത്തിവച്ചു.

പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്‌. പമ്പയിലെ ഒഴുക്ക്‌ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. കൊമ്പു പമ്പാ ഡാമിന്റെ ഷട്ടറുകള്‍ കൂടുതലായി തുറന്നിട്ടുണ്ട്‌. പമ്പയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ്‌ വെള്ളത്തിനടിയിലായിരിക്കുകയാണ്‌. വൈദ്യുതി ബന്ധവും ഫോണ്‍ ബന്ധവും തകരാറിലായിട്ടുണ്ട്‌.

പൂര്‍ണ്ണമായും ശബരിമലയും പമ്പയും ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ അയ്യപ്പഭക്തരെ ശബരിമലയിലേക്ക്‌ കടത്തിവിടില്ല. പൊലീസ്‌ പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ പാതകള്‍ അടച്ചിട്ടു.

അതേ സമയം എല്ലായിടത്തും മുന്നറിയിപ്പ്‌ നല്‍കാന്‍ ദേവസ്വം ബോര്‍ഡ്‌ പൊലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ്‌. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ അറിയിച്ചു.

പമ്പയിലേക്ക്‌ വരുന്ന വാഹനങ്ങള്‍ നിലയ്‌ക്കലില്‍ തടഞ്ഞ്‌ തിരിച്ചയക്കാനും പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക