Image

വെള്ളം കുതിച്ചൊഴുകി വരുമ്പോള്‍ കുഞ്ഞിനെയും നെഞ്ചോട്‌ ചേര്‍ത്ത്‌ മറുകരയിലേക്ക്‌ പാഞ്ഞ രക്ഷാപ്രവര്‍ത്തകന്‍ ബിഹാര്‍ സ്വദേശി

Published on 11 August, 2018
വെള്ളം കുതിച്ചൊഴുകി വരുമ്പോള്‍ കുഞ്ഞിനെയും നെഞ്ചോട്‌ ചേര്‍ത്ത്‌  മറുകരയിലേക്ക്‌ പാഞ്ഞ   രക്ഷാപ്രവര്‍ത്തകന്‍ ബിഹാര്‍ സ്വദേശി


ഇടുക്കിയില്‍ നിന്നും വെള്ളം കുതിച്ചൊഴുകി വരുമ്പോള്‍ ചെറുതോണി പാലത്തിലൂടെ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചോടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ന്യൂസ്‌ 18 കേരള ചാനലിലെ ക്യാമറാമാനാണ്‌ ദുരന്ത നിവാരണ സേനാ പ്രവര്‍ത്തകന്റെ ദൃശ്യം ഒപ്പിയെടുത്തത്‌. ചിത്രം വൈറലായതോടെ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ അടക്കമുള്ളവര്‍ ഇദേഹത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ രക്ഷാപ്രവര്‍ത്തകന്‍ ആരാണെന്ന്‌ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ദുരന്ത നിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയായ കനയ്യകുമാറാണ്‌ ആ രക്ഷകന്‍ ഇന്ന്‌ ന്യൂസ്‌ 18 ചാനല്‍ തന്നെയാണ്‌ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.

കുതിച്ചുപായുന്ന വെള്ളത്തെ വെക്കാതെ കുഞ്ഞിനെയും നെഞ്ചോട്‌ ചേര്‍ത്ത്‌ പാലത്തിലൂടെ മറുവശമെത്തിയ ഇദേഹത്തെ തേടി സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്‌.

കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ചെറുതോണി പാലം കടക്കാതെ മറ്റ്‌ മാര്‍ഗമില്ലാതെ വന്നു. മരങ്ങള്‍ അടക്കം കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച്‌ കടക്കുന്നത്‌ വലിയ വെല്ലുവിളിയായി. പ്രത്യേകിച്ച്‌, പാലം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയില്‍.

എങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന വയര്‍ലെസ്‌ സന്ദേശം ലഭിച്ച പാടേ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ കനയ്യകുമാര്‍ ആ സാഹസം ഏറ്റെടുത്തു. അക്കരെയെത്തി കുഞ്ഞിനെയും നെഞ്ചോട്‌ ചേര്‍ത്ത്‌ മറുകരയിലേക്ക്‌ പാഞ്ഞു.

ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ ഉയര്‍ത്തിയപ്പോഴാണ്‌ കനയ്യയും കുഞ്ഞും സാഹസികമായി പാലം മുറിച്ച്‌ കടന്നത്‌. `വിവരം അറിഞ്ഞപ്പോള്‍ തന്നെ സമയം കളയാതെ കുഞ്ഞിനെ രക്ഷിക്കാന്‍ ഓടുകയായിരുന്നു. അക്കരെയെത്തി ഉടന്‍ കുഞ്ഞിനെയുമെടുത്ത്‌ പാലം കടന്ന്‌ ആശുപത്രിയിലേക്ക്‌ അയക്കുകയായിരുന്നുവെന്ന്‌ കനയ്യ കുമാര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക