Image

സെന്റ് പാട്രിക് ദിന ഫോട്ടോഗ്രാഫി മത്സരത്തില്‍ കെ.ആര്‍.അനില്‍കുമാറിന് ഒന്നാം സ്ഥാനം

Published on 30 March, 2012
സെന്റ് പാട്രിക് ദിന ഫോട്ടോഗ്രാഫി മത്സരത്തില്‍ കെ.ആര്‍.അനില്‍കുമാറിന് ഒന്നാം സ്ഥാനം
ടുള്ളമോര്‍: സെന്റ് പാട്രിക്‌സ് ദിനത്തോടനുബന്ധിച്ച് ഐറിഷ് സര്‍ക്കാര്‍ ദേശീയ തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിയായ കെ.ആര്‍.അനില്‍കുമാറിന് ഒന്നാം സ്ഥാനം. സെന്റ് പാട്രിക് ദിനത്തില്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്‌ളിനില്‍ നടന്ന വര്‍ണാഭമായ പരേഡ് ദൃശ്യങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

വിവിധ രാജ്യക്കാരായ 100 ലധികം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 425 ചിത്രങ്ങളില്‍ നിന്നാണ് അനിലിന്റെ ചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 250 യൂറോ അനിലിന് സമ്മാനമായി ലഭിക്കും. ഇവാ ഫിഗാസ്വെസ്‌ക രണ്ടാം സ്ഥാനവും ആഡ്രിയന്‍ സാഡ്‌ലിയര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് പാട്രിക് ഫെസ്റ്റിവലിന്റെ ഊര്‍ജവും പ്രസരിപ്പും നിറഞ്ഞുനില്‍ക്കുന്ന ചിത്രമെന്നാണ് അനിലിന്റെ സമ്മാനാര്‍ഹമായ ചിത്രത്തെ സംഘാടകര്‍ വിശേഷിപ്പിച്ചത്. അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രികിന്റെ അനുസ്മരണദിനം സര്‍ക്കാര്‍തലത്തില്‍ വിപുലമായാണ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചത്.

അയര്‍ലന്‍ഡിലെ ടുള്ളമോറില്‍ നാലുവര്‍ഷമായി കുടുംബസമേതം താമസിക്കുന്ന അനില്‍കുമാര്‍ കോട്ടയം സ്വദേശിയാണ്. 1994 മുതല്‍ പ്രമുഖ ദിനപത്രങ്ങളായ ദീപിക, ദ പയനിയര്‍, ദ ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ് എന്നീ പ്രമുഖ ദിനപത്രങ്ങളില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം പ്രസ് ക്ലബ്ബ് ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ഗുജറാത്ത് യൂത്ത് അഫയേഴ്‌സ് ആന്റ് കള്‍ച്ചറല്‍ ആക്ടിവിറ്റീസ് നാഷണല്‍ അവാര്‍ഡ്, എ.ആര്‍.ഡി.എസ്.ഐ നാഷണല്‍ അവാര്‍ഡ്, ഐറീഷ് ഫോട്ടോഗ്രാഫി ഫെഡറേഷന്‍ നാഷണല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും മുന്‍പ് അനില്‍കുമാറിനെ തേടിയെത്തിയിട്ടുണ്ട്.

ടുള്ളമോര്‍ മിഡ്‌ലാന്റ് റീജിയണല്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്ധ്യാ അനില്‍ കുമാറാണ് ഭാര്യ. അനന്ദകൃഷ്ണന്‍, നന്ദന എന്നിവരാണ് മക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക