Image

കാലവര്‍ഷം: നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റി

Published on 10 August, 2018
കാലവര്‍ഷം: നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റി

കാലവര്‍ഷം കനത്ത പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കേണ്ട നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ്ചത്തേക്കു മാറ്റാന്‍ എന്‍.ടി.ബി.ആര്‍.സൊസൈറ്റി ഭരണസമതിയോഗം തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുക്കാമെന്നേറ്റിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സൗകര്യം കൂടി നോക്കിയാവും പുതിയ തീയതി.

ഈമാസം 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തീയതിയില്‍ വള്ളംകളി നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും നേരിട്ടും വാങ്ങിയവര്‍ക്ക് ആവശ്യമെങ്കില്‍ തിരിച്ചു നല്‍കും. പുതിയ തീയതിയില്‍ കളി കാണാന്‍ ഇതേ ടിക്കറ്റുപയോഗിക്കാന്‍ അനുവാദമുണ്ടാകും.

ചാമ്ബ്യന്‍സ് ബോട്ട് ലീഗിന് ഈവര്‍ഷം തുടക്കം കുറിക്കുന്നതിനാല്‍ കര്‍ശനമായ അച്ചടക്കം പാലിച്ചാവും മല്‍സരം. നിയമവിരുദ്ധമായ ഏതു പ്രവൃത്തിയും വീഡിയോ സഹായത്തോടെ അച്ചടക്കസമതി പരിശോധിച്ച്‌ നടപടിയെടുക്കും. ഇവിടെ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പിന്നീട് ലീഗിലെ എല്ലാ കളികളും നഷ്ടപ്പെടുമെന്നും മന്ത്രി പറഞ്ഞു.

വള്ളംകളിക്കുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമായതിനാല്‍ വള്ളങ്ങള്‍ക്ക് പരിശീലനത്തിന് ധനസഹായം നല്‍കുന്നത് പരിഗണിക്കും. ഇതിനകം 30 ലക്ഷം രൂപ സൊസൈറ്റിക്കു ചെലവായിട്ടുണ്ട്.

പുതുതായി സര്‍ക്കാരില്‍ നിന്ന് ധനസഹായം പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രായോജകരെ കണ്ടെത്തി ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണ് ശ്രമമെന്ന് ധനമന്ത്രി പറഞ്ഞു. പരമ്ബരാഗത സ്റ്റാര്‍ട്ടിങ് സംവിധാനത്തിനു പുറമേ പുതിയ ഓട്ടോമാറ്റിക് സംവിധാനം ഇക്കുറി പ്രയോഗത്തില്‍ വരും.

മൂന്നു തലത്തിലുള്ള ഈ സംവിധാനം കഴിഞ്ഞ ദിവസം പരിശോധിച്ച്‌ റേസ് കമ്മറ്റി അംഗീകരിച്ചിട്ടുണ്ട്. വള്ളംകളി നീട്ടിയ സാഹചര്യത്തില്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴിയുള്ള പുരവഞ്ചികളുടെ സഞ്ചാരം വഴിതിരിച്ചുവിടും.

ഇക്കാര്യത്തിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, ടൂറിസം വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കളിവള്ളങ്ങളിലെ തുഴച്ചിലുകാരില്‍ 25 ശതമാനം പുറത്തുനിന്നുള്ളവരാ കാമെന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നുവെന്നുറപ്പാക്കും. ഹോളോഗ്രാം പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളാണ് കളിക്കാര്‍ക്കായി നല്‍കുന്നത്.

ഇതിനുപുറമേ വീഡിയോ നിരീക്ഷണവും ഉണ്ടാകും. സംശയമുള്ള വള്ളങ്ങളെ പ്രത്യേകം നിരീക്ഷിക്കുമെന്നും സൊസൈറ്റി ചെയര്‍മാനായ ജില്ല കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. സൊസൈറ്റി ഉപാധ്യക്ഷനായ ജില്ല പൊലീസ് ചീഫ് എസ്.സുരേന്ദ്രന്‍,സെക്രട്ടറിയായ സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ, റേസ് കമ്മറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.പി.ഹരന്‍ബാബു, പ്രചരണസമതി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക