Image

ഫോമാ എന്നും സാധാരണ ജനവിഭാഗങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ (അനില്‍ പെണ്ണുക്കര)

Published on 08 August, 2018
ഫോമാ എന്നും സാധാരണ ജനവിഭാഗങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ (അനില്‍ പെണ്ണുക്കര)
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ശക്തമായ കൂട്ടായ്മയാണ് ഫോമ( ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് ). കഴിവുകള്‍ അംഗീകരിക്കുന്ന, കുറവുകള്‍ നികത്താന്‍ സഹായിക്കുന്ന, നല്ലതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട സംഘടന. ഒരുപക്ഷെ അമേരിക്കന്‍ മലയാളികളുടെ എന്നല്ല, എല്ലാ പ്രവാസികളുടെയും മനസ്സില്‍ ഇടം നേടിയ സംഘടന എന്ന് പറയുന്നതാവും ശരി. അതെ, ഫോമ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഫോമ അമേരിക്കന്‍ മലയാളികളുടെ സ്വന്തം സംഘടന എന്ന് പറയാന്‍ വയ്യ. പേരുകൊണ്ട് അമേരിക്കന്‍ മലയാളികളുടേതാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു വേണ്ടിയാണു ഫോമ എന്ന് പറയാം. ഈയിടെ നടന്ന ചൂടുപിടിച്ച തിരഞ്ഞെടുപ്പിനൊടുവില്‍ പുതിയ ഭാരവാഹികള്‍ ഫോമ അധികാരപദവിയിലേക്ക് എത്തിയിരിക്കുന്നു. അതില്‍ ആദ്യം പറഞ്ഞു തുടങ്ങേണ്ട വ്യക്തിയാണ് ഫിലിപ്പ് ചാമത്തില്‍. 2018 - 20 കാലഘട്ടത്തില്‍ ഫോമയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കാന്‍ നിയമിക്കപ്പെട്ട ഫിലിപ്പ് ചാമത്തിലിന് ചിലത് പറയാനുണ്ട്. ഫോമയുടെ പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു ഫിലിപ്പ് ചാമത്തില്‍ഇ-മലയാളിയുമായ സംസാരിക്കുന്നു.

ചോദ്യം: അമേരിക്കന്‍ മലയാളികളുടെ ശക്തമായ സംഘടനയാണല്ലോ ഫോമ. ശക്തമായ തിരഞ്ഞെടുപ്പിലൂടെ ഫോമയുടെ പ്രസിഡന്റായി താങ്കള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്തെക്കുറിച്ചു എന്താണ് പറയാനുള്ളത് ? ഒപ്പം പുതിയ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുമ്പോള്‍ എന്തൊക്കെയാണ് പുതിയ പദ്ധതികളായി മാടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നത് ?

ഉത്തരം:അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചു മാത്രമല്ല, പ്രവാസി മലയാളികളുടെ ഏറ്റവും ശക്തമായ സംഘടനയാണ് ഫോമ. ഫോമയുടെ ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പാണ് നടന്നത്. അതിന്റെ അര്‍ത്ഥം ഫോമ ഏറ്റവും ശക്തമാണെന്ന് തന്നെയാണ്. തിരഞ്ഞെടുപ്പുകാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, കാലിഫോര്‍ണിയ മുതല്‍ കാനഡ വരെ പല തവണ പ്രാവശ്യം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. പലരെയും നേരിട്ട് കാണാനും, ബന്ധപ്പെടാനും കൂടാതെ ഫോമയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്താണെന്നു മനസിലാക്കാനും സാധിച്ചു. അതുകൊണ്ട് തന്നെ പല നല്ല പദ്ധതികള്‍ ആസൂത്രണം ചെയ്ത നടപ്പിലാക്കുവാനുള്ള ഒരു രൂപ രേഖ കയ്യില്‍ ഉണ്ട് . 

2018 - 20 കാലഘട്ടത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് ഫോമ പ്രധാനമായും ആഗ്രഹിക്കുന്നത്.പുതിയ തലമുറയെ ഫോമയിലേക്കും നമ്മുടെ സംസ്‌കാരത്തിലേക്കും കൊണ്ടുവരാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് . അത് പോലെ അവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളും ഫോമയുടെ ഭാഗത്തു നിന്നുണ്ടാവും. ഇതിനു ഒരു ഉത്തമഉദാഹരണമായിക്കൊണ്ട് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാലസില്‍ ഫോമയുടെ സ്റ്റുഡന്റ് ഫോറം ആരംഭിച്ചു. ഏകദേശം 200 ഓളം മലയാളി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് ഫോമയുടെ സ്റ്റുഡന്റ് ഫോറത്തിന്റെ ഭാഗമായിട്ടുള്ളത്.അത് മറ്റു യൂണിവേഴ്‌സിറ്റികളിലേക്ക് വ്യാപിപ്പിക്കാനുള്ള ധൗത്യം ഏറ്റെടുക്കുക കൂടിയാണ് ഫോമ.
പേരിനൊരു സ്റ്റുഡന്റ് ഫോറമല്ല അവിടെ രൂപീകരിച്ചത്, ഏകദേശം 12 ഓളം പ്രോഗ്രാമുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഓണം, വിഷു, ക്രിസ്തുമസ്, സോക്കറ്റ് ടൂര്‍ണമെന്റ്, ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങീ നിരവധി പരിപാടികള്‍.ഫോമയുടെ പ്രൊഫഷണല്‍ സമ്മിറ്റ് വരെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാലസില്‍ വെച്ചാണ് നടത്തിയത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് നമ്മുടെ നാടന്‍ കലാരൂപങ്ങള്‍ പഠിച്ചു അവതരിപ്പിക്കാനുള്ള വേദി ഒരുക്കിക്കൊടുത്തു. ഇത് മറ്റു യൂണിവേഴ്‌സിറ്റികളിലേക്ക് വ്യാപിപ്പിക്കാനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചെറുപ്പക്കാരെ മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. അത് പോലെ അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുവാനുള്ള പ്രോചോദനങ്ങള്‍ നല്‍കാനും ഫോമ ശ്രമിക്കുന്നുണ്ട്.രാഷ്ട്രീയമായി യുവജനങ്ങളെ സംഘടിപ്പിക്കുവാന്‍ ഫോമയ്ക്ക് ആവുന്നത് ചെയ്യാനാണ് ഞങ്ങളുടെ ശ്രമം .ഇപ്പോള്‍ ചെറിയ രീതിയില്‍ തുടങ്ങിയ സ്റ്റുഡന്റസ് ഫോറത്തിന് ലഭിച്ച പിന്തുണ ഭാവിയില്‍ ഫോമായുടെ പ്രസക്തി കൂടി വെളിച്ചത്തു കൊണ്ടുവരുന്നു എന്നതാണ് സൂചിപ്പിക്കുന്നത് .

ചോദ്യം: വിദ്യാര്‍ത്ഥികള്‍ക്കായി ഫോമ അനേകം പദ്ധതികള്‍ മുന്‍പും വിവിധ യുണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് സംഘടിപ്പിച്ചിട്ടുണ്ടല്ലോ . വിദ്യാഭ്യാസരംഗത്തെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ?

ഉത്തരം: ഗ്രാന്‍ഡ് കാനിയാന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ഫോമയുടെ പങ്കാളിത്തമാണ് ഇവിടെ എടുത്തു പറയേണ്ടത്. മലയാളി സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട് പല മാറ്റങ്ങളും കൊണ്ടുവരാന്‍ സാധിച്ചത് ഈ പങ്കാളിത്തത്തിലൂടെയാണ്. ഏതാണ്ട് 50 കോടി രൂപ ലാഭം കണ്ടെത്താന്‍ ഇതിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് കഴിഞ്ഞു. 200 ഓളം കോഴ്സുകള്‍ക്ക് ഫീസില്‍ ഇളവ് വരുത്തിയത് ഫോമയുടെ വലിയ നേട്ടമായി കാണുന്നു. ജനറല്‍ നഴ്‌സിംഗ് പാസായി അമേരിക്കയില്‍ എത്തിയവര്‍ക്ക് ബി.എസ്.സി നഴ്‌സിംഗ് അത്യാവശ്യമായി വന്നപ്പോള്‍ ഈ അവസരം അവര്‍ ഉപയോഗിച്ചു.ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കാണ് ആണ് ഫീസില്‍ ഉണ്ടായ ഈ ഇളവ് സഹായപ്രദമായത് .

ഗ്രാന്‍ഡ് കാനിയാന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധിയുമായി രണ്ടാഴ്ച മുമ്പ് നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ഏകദേശം 200 ല്‍ അധികം കോഴ്സുകള്‍ക്കാണ് ഇതുകൊണ്ട് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.മലയാളികള്‍ക്ക് മാത്രമല്ല മറിച്ച് നോര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിനും ഫോമക്ക് ഗ്രാന്‍ഡ് കാനിയാന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള പങ്കാളിത്തം സഹായകമായി.

ചോദ്യം: ഫോമയുടെ ആരംഭ കാലം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മൂല്യം നല്‍കിയിരുന്നു. ഫോമയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്തൊക്കെയാണ് ഈ മേഖലക്കായി ഇത്തവണ ആസൂത്രണം ചെയ്തിട്ടുള്ളത്?

കേരളത്തില്‍ ഒട്ടനേകം പേര്‍ പല തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ആദിവാസി മേഖലകളിലും എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകളിലും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനുള്ള ഒരു വലിയ ധൗത്യവും ഫോമയുടെ 2018 - 20 അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കയില്‍ തന്നെ പലരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ചിലര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍, മറ്റുചിലര്‍ക്ക് അനുക്കൂല്യങ്ങള്‍ കിട്ടാത്ത അവസ്ഥ.ഇവരില്‍ പലരും ഒരുപക്ഷെ ഗവണ്മെന്റില്‍ നിന്ന് കിട്ടുന്ന അനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കില്ല. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സമഗ്രമായ സംഭാവനയാണ് കഴിഞ്ഞ അഡ്മിനിസ്‌ട്രേഷന്‍ സമയത്ത് വിമന്‍സ് ഫോറം ചെയ്തത്. നിര്‍ധനരായ നിരവധി നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനു സ്‌കോളര്‍ഷിപ് നല്‍കുകയുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. വിമന്‍സ് ഫോറം ശക്തിപ്പെടുത്താനായി കൂടുതല്‍ സ്ത്രീകളെ ഫോമയിലേക്ക് കൂട്ടിച്ചേര്‍ക്കും.

ചോദ്യം: മലയാളികളെ ആകമാനം ദുരിതത്തിലാക്കി ഈയിടെ കാലവര്‍ഷം തിമിര്‍ത്താടിയപ്പോള്‍ ഫോമയുടെ കാരുണ്യവര്‍ഷം ഏറെ ശ്രദ്ധ നേടിയിരുന്നു .എന്തായിരുന്നു ആ അനുഭവങ്ങള്‍?

ഉത്തരം:കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുവരില്‍ ഏറെയുള്ളത് കുട്ടനാട്ടിലാണ് . മനുഷ്യന്റെ അതിരുവിട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കു'നാടിന്റെ ഭൂപ്രകൃതി തന്നെ മാറ്റിമറിച്ചു. നിലങ്ങള്‍ കരയായപ്പോള്‍ ജലനിര്‍ഗമമാര്‍ഗ്ഗങ്ങളും ജലം കെട്ടി നില്ക്കാറുള്ള തടങ്ങളും ഇല്ലാതായി. ഫലമോ പ്രളയജലം കുട്ടനാടിനെ മുക്കിക്കളഞ്ഞു.
വേണ്ടസമയത്തു സഹായമെത്തക്കാന്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കു കഴിഞ്ഞോ എന്ന് സംശയമുണ്ട് .ഇത്തരം ഘട്ടങ്ങളില്‍ മറ്റു സഹായങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകും . ഈ സാഹചര്യത്തിലാണ് ഫോമയും രംഗത്തിറങ്ങിയത് .ഫോമയുടെ പുതിയ ഭരണ സമിതിയുടെ ആദ്യ ചാരിറ്റി പ്രവര്‍ത്തനം പ്രളയബാധിതപ്രദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.
നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലും, തുരുത്തുകളിലും സഹായവുമായി ഞങ്ങള്‍ എത്തി.അഞ്ഞൂറിലധികം കിറ്റുകളാണ് ദുരിതമമേഖലയില്‍ എത്തിച്ചുകൊടുത്തത്. ഇത് തുടക്കം മാത്രമായിരുന്നു. എവിടെ ദുരിതങ്ങള്‍ ഉണ്ടായാലും അവിടെയെല്ലാം ഓടിയെത്തു ഫോമാ കൃത്യസമയത്തുതന്നെ അവിടെയും എത്തിച്ചേര്‍ന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വളരെസുതാര്യമായ നിലപാടുകള്‍ ഉള്ള ഫോമയുടെ ഈ പ്രവര്‍ത്തനം വലിയ പ്രചോദനമാണ് ഞങ്ങള്‍ക്ക് നേടിത്തന്നത് . ഫോമായുടെ സഹായപദ്ധതികള്‍ ജനം വളരെയധികം പ്രതീക്ഷയോടും സന്തോഷത്തോടെയുമാണ് സ്വാഗതം ചെയ്തത്. സംഘടനയുടെ സഹായഹസ്തം എത്താത്തമേഖലയിലെ ജനങ്ങള്‍ നിരാശരാണെ് ഫോമാപ്രവര്‍ത്തകര്‍ക്കു മനസ്സിലാക്കാന്‍കഴിഞ്ഞു. അവിടെയും എത്തി ദുരിതബാധിതര്‍ക്ക് അടിയന്തിരമായി സഹായം എത്തിച്ചു.പ്രത്യേകിച്ച് വെള്ളം കൊണ്ട് വിച്ഛേദിക്കപ്പെട്ട തുരുത്തുകളില്‍. 

ക്യാമ്പുകളിലും വഴിയരികിലും കഴിയുവരുടെ ദുരിതജീവിതം നേരിട്ട് കണ്ടു വീടുകളില്‍ വെള്ളം കയറികിടക്കുതിനാല്‍ റോഡരികില്‍ ആഹാരം പാകംചെയ്യ്തു കഴിക്കുവരുടെ ദുരിതം ഫോമയെപോലുള്ള ഒരു സംഘടനയ്ക്ക് കണ്ട് സമയംകളയാന്‍ കഴിയില്ല. ഇത്തരത്തില്‍ ഒരു ദുരിതഘട്ടത്തില്‍ കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത്തില്‍ ഫോമയുടെ പ്രസിഡന്റ് എന്ന നിലയില്‍ വലിയ സന്തോഷം ഉണ്ട് .ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഇതര സേവനപ്രവര്‍ത്തനങ്ങളിലും ഇന്ന് അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകളില്‍ എന്തുകൊണ്ടും ഫോമാ വ്യത്യാസപ്പെട്ടിരിക്കുന്നു.പരസ്യത്തിനോ പ്രചാരണത്തിനോ ഫോമാ ഒന്നും ചെയ്യുന്നില്ല . വീണുകിടക്കുവരെ കൈകൊടുത്ത് ഉയര്‍ത്താന്‍ മനസ്സും ക്ഷമയും ശേഷിയുമുള്ള ഏതു സംഘടനയ്ക്കും മാതൃകയാക്കാം നമ്മുടെ ഫോമയെ.

ചോദ്യം : പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ അന്യാധീനപ്പെടുന്ന ചില ഗുരുതരമായ പ്രശ്ങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളില്‍ പലരും അനുഭവിക്കുന്നു .ഇത് ശാശ്വതമായി പരിവഹരിക്കുന്നതിനു ഫോമാ രാഷ്ട്രീയമായി പല നീക്കങ്ങളും നടത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട്
തുടര്‍ന്നുള്ള നീക്കങ്ങള്‍ എന്തെല്ലാമാണ് ?


ഉത്തരം:പ്രവാസി മലയാളികള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് സ്വത്തുസംരക്ഷണം. നാട്ടിലെ സ്വത്തുവകകള്‍ കൈമോശം വന്നതായി നിരവധി കേസുകള്‍ ഫോമയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനായി ഫോമ കൊണ്ടുവന്നതാണ് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍. ഇത് കുറേക്കൂടി വിപുലപ്പെടുത്തി ,വിക്ടിം ആയ ആളുകള്‍,നിയമജ്ഞര്‍ ,ഫോമയുടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി വിപുലപ്പെടുത്തുകയും കേരള ഗവണ്മെന്റുമായി കൂടിച്ചേര്‍ന്ന് ഈ വിഷയത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതായിരിക്കും.

ഒരു പ്രവാസി സംഘടന അവരുടെ ജന്മ ദേശത്ത് എന്താണ് ആവശ്യപ്പെടുന്നത് എന്ന് കൃത്യമായി അറിയാവുന്ന വ്യക്തിയാണ് ഫിലിപ്പ് ചാമത്തില്‍.ആ ദിശയിലേക്കാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നത് .നിരവധി ജീവകാരുണ്യ ,വികസന പദ്ധതികള്‍ നടപ്പിലാക്കാക്കുവാന്‍ കെല്‍പ്പുള്ള,സംഘടന പാരമ്പര്യമുള്ള നിരവധി പ്രവര്‍ത്തകരും ഫിലിപ്പ് ചാമത്തിനൊപ്പം ഉള്ളപ്പോള്‍ ഫോമാ രണ്ടുവര്‍ഷം കൊണ്ട് പ്രവാസിചരിത്രത്താളുകളില്‍ ഇടം പിടിക്കും എന്നത് തീര്‍ച്ച .
ഫോമാ എന്നും സാധാരണ ജനവിഭാഗങ്ങള്‍ക്കൊപ്പം: ഫിലിപ്പ് ചാമത്തില്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക