Image

നദിക്കടിയില്‍ മ്യൂസിയം (ലൗഡ് സ്പീക്കര്‍ 43: ജോര്‍ജ് തുമ്പയില്‍)

Published on 09 August, 2018
നദിക്കടിയില്‍ മ്യൂസിയം (ലൗഡ് സ്പീക്കര്‍ 43: ജോര്‍ജ് തുമ്പയില്‍)
ബോളീവിയെക്കുറിച്ചു കേട്ടിട്ടുള്ളതു ചെഗുവേര എന്ന വിപ്ലവകാരിയുടെ പേരിലാണെങ്കില്‍ ഇനി മറ്റൊരു വിശേഷണമാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തെ കാത്തിരിക്കുന്നത്. അതിനു മുന്‍പ്, ബൊളീവിയ എവിടെയാണ് എന്നൊന്ന് അറിയണം. തെക്കേ അമേരിക്കയിലാണു റിപ്പബ്ലിക് ഓഫ് ബൊളീവിയ. പൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട ഒരു രാജ്യം. വടക്കും കിഴക്കും ദിശയില്‍ ബ്രസീല്‍, തെക്ക് ദിശയില്‍ പരാഗ്വെയും അര്‍ജന്റീനയും. പടിഞ്ഞാറ് ദിശയില്‍ ചിലിയും പെറുവും. അങ്ങനെയുള്ളൊരു രാജ്യത്തു നിന്നു കേള്‍ക്കുക, ഇതാ അവരുടെ പൈതൃക നദിയില്‍ ഒരു മ്യൂസിയം വരുന്നു. വെറുമൊരു മ്യൂസിയമല്ല ഇത്. നദിക്കടിയിലാണു മ്യൂസിയം. ഇതിനായി വേണ്ടി വരുന്നതു ലക്ഷക്കണക്കിനു ഡോളര്‍. അതിനുള്ള സാമ്പത്തിക ഭദ്രത ഈ രാജ്യത്തിന് ഉണ്ടോയെന്നു ചോദിച്ചാല്‍, പൈതൃകങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ബോളിവീയ ലോകത്തിനു മാതൃകയാവുകയാണ് ലക്ഷ്യമെന്നു പ്രസിഡന്റ് ഇവോ മൊറാലീസ് പറയുന്നു. പൈതൃകപദവിയുള്ള റ്റിറ്റികക്കാ നദിയിലാണു മ്യൂസിയം നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടുമത്രേ. ലോകത്തില്‍ ഇത്തരമൊരു മ്യൂസിയം ഇതാദ്യമായിരിക്കും. ഇനി, ലോകത്തില്‍ ഇതുപോലൊരു മ്യൂസിയം ഉണ്ടാവില്ലെന്നും ബോളീവിയന്‍ ഭരണകൂടം പറയുന്നു. വിനോദസഞ്ചാര കേന്ദ്രമെന്നതിനു പുറമേ പുരാവസ്തു ഗവേഷണങ്ങള്‍ക്കും നരവംശ ശാസ്ത്ര പഠനങ്ങള്‍ക്കുമുള്ള വേദികൂടിയാകും ഈ മ്യൂസിയം. ബോളീവിയന്‍ സാംസ്കാരിക മന്ത്രി വില്‍മ അലനോകയ്ക്കാണു മ്യൂസിയം നിര്‍മ്മാണത്തിന്റെ ചുമതല. ഇതിനു വേണ്ടി ഭരണകൂടം ഇപ്പോള്‍ തന്നെ ഏതാണ്ട് 10 മില്യണ്‍ യുഎസ് ഡോളര്‍ നീക്കി വച്ചു കഴിഞ്ഞു. മ്യൂസിയം നിര്‍മാണത്തിനുള്ള ചെലവു കണ്ടെത്താന്‍ അധികനികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. യുനസ്‌കോയുടെയും ബെല്‍ജിയം ഡെവലപ്‌മെന്റ് ഏജന്‍സിയുടെയും സഹകരണത്തോടെയാകും നിര്‍മാണം. എഡി 300 കാലഘട്ടത്തിലെയും മറ്റും ചരിത്രശഷിപ്പുകള്‍ അടുത്തിടെ റ്റിറ്റികക്കാ നദിക്കരയില്‍ കണ്ടെത്തിയിരുന്നു. ഈ നദി ചെന്നു ചേരുന്നത് വലിയൊരു തടാകത്തിലേക്കാണ്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകമാണ് റ്റിറ്റികക്കാ എന്ന പേരില്‍ തന്നെയുള്ള ഈ തടാകം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, ഏറ്റവും വലുതും ഗതാഗത യോഗ്യവുമായ തടാകവും ഇതു തന്നെ. സമുദ്ര നിരപ്പില്‍നിന്ന് 3800 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം ആന്‍ഡീസ് പര്‍വതനിരയിലെ ബൊളീവിയന്‍ പീഠഭൂമിയിലാണ് വ്യാപിച്ചു കിടക്കുന്നത്.

*** ***** *****

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രൂപസാദൃശ്യത്തില്‍ നിരവധി ഉത്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ വിപണിയിലുണ്ട്. അടുത്തിടെ, പടുകൂറ്റന്‍ കോഴി പ്രതിമയുണ്ടാക്കിയപ്പോള്‍ അതിന് ട്രംപിന്റെ മുഖമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല രസകരം. അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മയക്കുമരുന്നു ഗുളികകള്‍ക്കു സാക്ഷാല്‍ ട്രംപിന്റെ മുഖഛായ. ദിവസങ്ങള്‍ നീണ്ടുനിന്ന റെയ്ഡില്‍ ലക്ഷക്കണക്കിനു ഡോളറിന്റെ ലഹരി വസ്തുക്കളാണു കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 129 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു മുന്‍പും ട്രംപിന്റെ രൂപസാദൃശ്യമുള്ള മയക്കുമരുന്നു ഗുളികകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അമേരിക്കയില്‍ നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം മയക്കുമരുന്നു ഗുളികകള്‍ എത്തുന്നുണ്ടത്രേ. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍നിന്ന് ഇത്തരത്തിലുള്ള 5,000 കേസ് ഓറഞ്ച് നിറത്തിലുള്ള ചെറിയ ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്. എന്തായാലും, അമേരിക്കയില്‍ ഈ ട്രംപ് ഗുളിക കണ്ട പോലീസ് പോലും ഒന്നും ഞെട്ടി. ട്രംപിന്റെ മുഖഛായ ഗുളികകള്‍ക്കു നല്‍കിയതെന്തിനാണെന്ന് കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ് പോലീസ്.

*** ***** *****

ലോകത്തു ചില യാദൃശ്ചികതകള്‍ സംഭവിക്കാം. അത് ഒരു പക്ഷേ വലിയൊരു റിക്കാര്‍ഡ് ആയെന്നും വരാം. ഇത്തരമൊരു സംഭവത്തിനാണ് അമേരിക്കയിലെ ഡാളസിലുള്ള ആശുപത്രി വേദിയായത്. ബെയ്‌ലര്‍ സ്‌കോട്ട് ആന്‍ഡ് വൈറ്റ് ഓള്‍ സെയ്ന്റ്‌സ് മെഡിക്കല്‍ സെന്ററിലെ പ്രസവമാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. ഇവിടെ പിറന്നത് അത്യപൂര്‍വമായ ഒരു റിക്കാര്‍ഡ്. 42 മണിക്കൂറിനുള്ളില്‍ പിറന്നതു 48 കുഞ്ഞുങ്ങള്‍. വളരെ യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ഇതു വലിയൊരു സംഭവമായി അമേരിക്കന്‍ ഐക്യനാടുകളില്‍ അറിയപ്പെട്ടു കഴിഞ്ഞു. ഇത്രയധികം പ്രസവങ്ങള്‍ ഒരുമിച്ചു നടന്ന ആശുപത്രിയെന്ന റിക്കാര്‍ഡ് എന്തായാലും ഇനി, ബെയ്‌ലര്‍ സ്‌കോട്ട് ആന്‍ഡ് വൈറ്റ് ഓള്‍ സെയ്ന്റ്‌സ് മെഡിക്കല്‍ സെന്ററിനു സ്വന്തം. ഇത്തരമൊരു സംഭവം നടക്കുമെന്ന് ഏകദേശം മുന്‍കൂട്ടി അറിയാമായിരുന്നതുകൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ നേരത്തെതന്നെ ആശുപത്രി അധികൃതര്‍ എടുത്തിരുന്നു. ലേബര്‍ റൂമുകള്‍ കൂടുതലായി സജ്ജീകരിച്ചു. ഇതിനായി 64 മുറികള്‍ പ്രത്യേകമായി തയ്യാറാക്കി. ആവശ്യത്തിനു നഴ്‌സുമാരെ ഒരുക്കി നിര്‍ത്തി. അമേരിക്കയിലെ അറിയപ്പെടുന്ന ആശുപത്രികളിലൊന്നാണ് ബെയ്‌ലര്‍ സ്‌കോട്ട്. എന്നാല്‍ ഇത്രയധികം കുട്ടികള്‍ ഇവിടെ ഒരുമിച്ച് പിറക്കാന്‍ പോവുകയാണെന്ന് അവരുടെ അമ്മമാര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ജൂണ്‍ 26 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവിലായിരുന്നു സംഭവം. ശരാശരി ദിനം പ്രതി 15 കുട്ടികള്‍ മാത്രം ജനിക്കുന്ന ആശുപത്രിയിലാണ് ഇത്രയും കുട്ടികള്‍ ഒന്നിച്ച് ഉണ്ടായത്. ഒമ്പതു കുട്ടികള്‍ ഒരേ സമയത്തു തന്നെയാണ് ഉണ്ടായത്. ഇതില്‍ തന്നെ 40 മിനിറ്റുകളുടെ ഇടവേളയിലാണ് 9 കുട്ടികള്‍ ജനിച്ചത്. എല്ലാം ദൈവത്തിന്റെ മറിമായം എന്നല്ലേ പറയേണ്ടൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക