Image

മഴയുടെ സംഹാര താണ്ഡവം തുടരുന്നു; 22 മരണം, 24 അണക്കെട്ടുകള്‍ തുറന്നു

Published on 09 August, 2018
മഴയുടെ സംഹാര താണ്ഡവം തുടരുന്നു; 22 മരണം, 24 അണക്കെട്ടുകള്‍ തുറന്നു
വ്യാഴാഴ്ച്ച മാത്രം മഴയില്‍ 22 പേരാണ് മരിച്ചത്. നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. 

അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. ഇടുക്കി ഉള്‍പ്പെടെ 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. 

ഇടുക്കിയില്‍ നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്പാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു. വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു. എറണാകുളം ജില്ലയിലെ ഐരാപുരത്ത് രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു.

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ 26 വര്‍ഷത്തിനു ശേഷം വീണ്ടും തുറന്നു. ഇടമലയാര്‍, കക്കി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്.

ഇടമലയാറിലെ വെള്ളം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ജലനിരപ്പ് ഉയര്‍ത്തി. രണ്ടു മണിക്കൂര്‍ നേരം വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തില്‍ മുങ്ങി.

എറണാകുളം ജില്ലയിലെ 10 ക്യാമ്പുകളിലായി 600 ല്‍ പരം പേരെ പാര്‍പ്പിച്ചിട്ടുണ്ട്.

പാലക്കാട് നഗരത്തില്‍ വെള്ളം കയറി. 

മണ്ണിടിച്ചിലില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 2 പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വട്ടിക്കുന്നു മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ ഒളിച്ചു പോയി. കണ്ണപ്പന്‍കുണ്ടില്‍ പുഴ ഗതി മാറി ഒഴുകുന്നു. കല്‍പ്പറ്റയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടു.

കേരളത്തില്‍ ഇപ്പോഴുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഡാമുകള്‍ മുഴുവന്‍ തുറക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കര്‍ക്കടക വാവ് ബലിയോട് അനുബന്ധിച്ച് പിതൃതര്‍പ്പണം നടത്തുന്നവര്‍ ശ്രദ്ധിക്കണം

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സേവനം തേടി.

വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്കാണ് സേനയെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചത്. ദേശീയ ദുരന്തനിവാരണ സമിതിയുടെ മൂന്ന് സംഘങ്ങളെ കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടു ബറ്റാലിയന്‍ കൂടി കോഴിക്കോട് ,വയനാട് ജില്ലകളില്‍ എത്തും.

പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അവരുടെ എല്ലാ ശേഷിയും വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിന് സാധ്യമായതെല്ലാം ചെയ്യും. ആവശ്യമായ ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ.കെ. ശൈലജ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴയെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലുകളെടുക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കി. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ 3.05 നു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു.

റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു.

വെള്ളപ്പൊക്കെ ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ അടിയന്തര ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.

അന്താരാഷ്ട്ര ടെര്‍മിനലില്‍ ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 0484 3053500 
മഴയുടെ സംഹാര താണ്ഡവം തുടരുന്നു; 22 മരണം, 24 അണക്കെട്ടുകള്‍ തുറന്നു മഴയുടെ സംഹാര താണ്ഡവം തുടരുന്നു; 22 മരണം, 24 അണക്കെട്ടുകള്‍ തുറന്നു
Join WhatsApp News
Tom 2018-08-09 08:06:32

Will Maveli come at least by boat this year?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക