Image

മണിയാശാന്റെ വേറിട്ട ഐക്യദാര്‍ഡ്യ പ്രഖ്യാപനം, ഓഫീസിലെത്തിയതും മടങ്ങിയതും നടന്ന്

Published on 07 August, 2018
മണിയാശാന്റെ വേറിട്ട ഐക്യദാര്‍ഡ്യ പ്രഖ്യാപനം, ഓഫീസിലെത്തിയതും മടങ്ങിയതും നടന്ന്

 പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ നടന്നാണ് മന്ത്രി എംഎം മണി ഇന്ന് ഓഫീസിലെത്തിയതും മടങ്ങിയതും. തൊഴിലാളിയായി പ്രവര്‍ത്തിച്ച്‌ മന്ത്രിയായ തനിക്ക് സമരത്തോടുള്ള പിന്തുണയറിയിക്കാനാണ് ഇന്ന് ഒരു ദിവസത്തേക്ക് വാഹനം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

വാഹന പണിമുടക്ക് നടത്തുന്നവരും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്ന യൂണിയന്‍ നേതാക്കളുമൊക്കെ കൊടി നാട്ടിയ സ്വന്തം വാഹനത്തില്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിനിടെയാണ് മന്ത്രി മണിയാശാന്റെ വേറിട്ട ഐക്യദാര്‍ഡ്യ പ്രഖ്യാപനം. കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തിലായാല്‍ അത് രാജ്യത്തെ തൊഴിലാളികളെ ആകെ ബാധിക്കും. ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതമാക്കുന്ന നിയമമാണ് വരാന്‍ പോകുന്നത്. പഴയ തൊഴിലാളിയായ തനിക്ക് അവരോട് പിന്തുണയറിയിക്കാന്‍ ഇന്നൊരു ദിവസം വാഹനം ഉപേക്ഷിക്കുകയാണ് ചെയ്തതെന്നും അതില്‍ വലിയ കാര്യമില്ലെന്നും മന്ത്രി പറയുന്നു.

രാവിലെ വഴുതക്കാടുള്ള വസതിയില്‍ നിന്നും നടന്ന് സെക്രട്ടറിയേറ്റിലേക്ക്. ഓഫീസില്‍ വന്ന് അത്യാവശ്യ ജോലികള്‍ പൂര്‍ത്തിയാക്കി നിയമസഭാ ഓഫീസിലേക്ക് പോയതും നടന്ന് തന്നെ. മണിയാശാന്റെ നടപ്പ് ഇടുക്കിക്കാര്‍ക്ക് പുത്തരിയല്ലെങ്കിലും മന്ത്രി എംഎം മണി നഗരത്തിലൂടെ കൈവീശി നടക്കുന്നത് കണ്ട തിരുവനന്തപുരംകാര്‍ക്ക് കാഴ്ച പുതുമയുള്ളതായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക