Image

പകര്‍ച്ചവ്യാധി ഭീഷണി; കുട്ടനാട്ടില്‍ അതിജാഗ്രത നിര്‍ദേശം

Published on 05 August, 2018
പകര്‍ച്ചവ്യാധി ഭീഷണി; കുട്ടനാട്ടില്‍ അതിജാഗ്രത നിര്‍ദേശം


പ്രളയം ബാധിച്ച കുട്ടനാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത്‌ ആരോഗ്യവകുപ്പിന്റെ അതിജാഗ്രത നിര്‍ദേശം. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന്‌ ആരോഗ്യവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍ കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വ്യക്തമാക്കി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ കുട്ടനാട്ടില്‍ കക്കൂസ്‌ മാലിന്യങ്ങള്‍ ജലസ്രോതസ്സുമായി കലര്‍ന്നിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ കുടിക്കാനും പാത്രം കഴുകാനുമുപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തണം. എലിപ്പനിക്കെതിരേ ആഴ്‌ചയിലൊരിക്കല്‍ പ്രതിരോധ മരുന്ന്‌ കഴിക്കുന്നതും ആരോഗ്യവകുപ്പ്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.

വെള്ളം താഴുന്‌പോള്‍ ബാക്ടീരിയയുടെ അളവ്‌ കൂടും. ശീതള പാനീയങ്ങള്‍ കുറച്ചുനാളത്തേക്ക്‌ ഉപയോഗിക്കരുത്‌, പാത്രം കഴുകുന്ന വെള്ളം ബ്ലീച്ചിങ്‌ ഗുളിക ഇട്ട്‌ അണുവിമുക്തമാക്കിയശേഷമേ ചെയ്യാവൂ. വായ കഴുകുന്ന വെള്ളത്തിന്റെയും ശുദ്ധത ഉറപ്പാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

പകര്‍ച്ചവ്യാധിയില്‍നിന്ന്‌ കുട്ടനാടിനെ രക്ഷിക്കാനുള്ള മൂന്നുമാസത്തെ മൈക്രോ ആക്ഷന്‍ പ്ലാനിന്‌ അന്തിമ രൂപമായി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക