Image

സമാധാനത്തിന്‍റെ പ്രായോക്താക്കളും സന്ദേശവാഹകരും യുവാക്കളെന്ന് മാര്‍പാപ്പ

Published on 30 March, 2012
സമാധാനത്തിന്‍റെ പ്രായോക്താക്കളും സന്ദേശവാഹകരും യുവാക്കളെന്ന് മാര്‍പാപ്പ
മെക്സിക്കോ: ഗ്വനഹാത്തോയിലെ സമാധാന ചത്വരത്തില്‍ യുക്കള്‍ക്കു നല്കുയ സന്ദേശത്തില്‍നിന്ന് :

ഈ ചത്വരംനിറഞ്ഞ് പുഞ്ചിരിക്കുന്ന കുട്ടികളേയും യുവജനങ്ങളേയും കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. പാപ്പായുടെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. ഇവിടെ മെക്സിക്കോയിലുള്ള യുവാവും യുവതിയും കുട്ടിയും അതറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ഒറ്റപ്പെടുത്തലിന്‍റേയും അനാതത്വത്തിന്‍റേയും അക്രമത്തിന്‍റേയും വിശപ്പിന്‍റേയും, അടുത്ത കാലത്തുണ്ടായ വരള്‍ച്ചയുടേയും വേദന അനുഭവിക്കുന്ന മക്കളേ, പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ സന്തോഷനിര്‍ഭരവും സംഗീത സാന്ദ്രവുമായ ഈ വിശ്വാസ സംഗമത്തിന് അദ്യംതന്നെ നന്ദിപറയുന്നു. നാം ഇന്ന് ആഹ്ളാദ തിമര്‍പ്പിലാണ്. എല്ലാവരും സന്തോഷമായി ജീവിക്കണക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടുന്നു നമ്മെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്തുവിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനംചെയ്യാന്‍ അനുവദിച്ചാല്‍, നമുക്ക് ഈ ലോകത്തെയും പരിവര്‍ത്തന വിധേയമാക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
യഥാര്‍ത്ഥ സന്തോഷത്തിന്‍റെ രഹസ്യം ഇതാണ് – ദൈവം നിങ്ങളേയും എന്നേയും സ്നേഹിക്കുന്നു, എന്ന സത്യം. ഏവരുടെയും ഹൃദയാന്തരാളത്തില്‍ എന്നുമുയരുന്ന തീവ്രമായ ഒരാഗ്രഹം വെളിപ്പെടുത്തുന്നതാണ് നാം ഒത്തുകൂടിയിരിക്കുന്ന ഈ ചത്വരത്തിന്‍റെ പേര് –PEACE SQUARE സമാധാന ചത്വരം. സമാധാനം ഉന്നതങ്ങളില്‍നിന്നും നല്കപ്പെടുന്ന ദാനമാണ്.
സമാധാനം നിങ്ങളോടുകൂടെ. (യോഹന. 20, 21). ഇത് ഉത്ഥിതനായ ക്രിസ്തുവിന്‍റെ വാക്കുകളാണ്. എന്നും ദിവ്യബലിയില്‍ ആവര്‍ത്തിക്കുന്ന സൂക്തമാണിത്. നാമോരോരുത്തരും ക്രിസ്തുവില്‍ രൂപാന്തരപ്പെടണം, എന്നിട്ട് അവിടുന്നു ജീവന്‍ നല്കി വളര്‍ത്തിയ സമാധാന ദാനത്തിന്‍റെ വിതയ്ക്കാരും സന്ദേശ വാഹകരുമാണ് എന്ന പ്രത്യാശയാണ് ഇന്ന് ഈ ചത്വരത്തില്‍ മാറ്റൊലിക്കൊള്ളുന്നത്. നിങ്ങള്‍ക്കായി ഞാന്‍ ആശംസിക്കുന്നത്.

ക്രിസ്തുവിന്‍റെ അനുയായികള്‍ തിന്മയെ തിന്മകൊണ്ടല്ല നേരിടേണ്ടത് – മറിച്ച് നന്മകൊണ്ടാണ്. ക്രൈസ്തവര്‍ ക്ഷമയുടേയും സന്തോഷത്തിന്‍റേയും ഐക്യത്തിന്‍റേയും ശുശ്രൂഷകരാണ്. ഒരു സുഹൃദ്ബന്ധത്തിന്‍റെ കഥ നിങ്ങളുടെ ഓരോരുത്തരുടേയും ഹൃദയത്തില്‍ കുറിക്കുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നുണ്ട്. നിങ്ങളെന്നും ക്രിസ്തുവിന്‍റെ നല്ല സുഹൃത്തുക്കളായിരിക്കുക. നന്മ അന്വേഷിക്കുവരോടും സ്നേഹമുള്ളവരോടും അവിടുന്ന് എന്നും സംവദിക്കുന്നു, സംഭാഷിക്കുന്നു. ജീവിതയാമങ്ങളില്‍, വിശിഷ്യാ പ്രതിസന്ധികളില്‍ തന്നെ അന്വേഷിക്കുന്നവരെ അവിടുന്ന് ഒരിക്കലും കൈവെടിയുകയില്ല. നിങ്ങളോടുള്ള വാത്സല്യത്തിന്‍റെ പ്രതീകമായിട്ടാണ് ഇവിടെ ഞാന്‍ എത്തിയിരിക്കുന്നത്. യുവാക്കളായ നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ നാടിനും ലോകത്തിനുമുള്ള സമ്മാനമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ കുടുബങ്ങളും വിദ്യാലയങ്ങളും സഭയും, അധര്‍മ്മവും ഭിന്നതയുമില്ലാത്തൊരു നല്ല ലോകത്ത് കുട്ടികള്‍ ജീവിക്കാനും വളരാനും, ഏറെ ശ്രദ്ധചെലുത്തേണ്ടതാണ്.

അവരുടെ പുഞ്ചിരി കെട്ടുപോകാതെ ഓരോ കുഞ്ഞും ഓരോ യുവാവും യുവതിയും സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും, അങ്ങനെ അവര്‍ സമാധാനത്തില്‍ ജീവിച്ച് ആത്മവിശ്വാസത്തോടെ നല്ലൊരു ഭാവിയിലേയ്ക്ക് കുതിക്കണമെന്നതാണ് നിങ്ങള്‍ക്കായുള്ള ഈ വാക്കുകളുടെ സാരാംശം. പ്രിയ കുട്ടികളേ യുവജനങ്ങളേ, നിങ്ങള്‍ ഓറ്റയ്ക്കല്ല. നിങ്ങളുടെ ജീവിതങ്ങളെ നന്മയില്‍ കരുപ്പിടിപ്പിക്കാന്‍ ക്രിസ്തുവിലും അവിടത്തെ സഭയിലും നിങ്ങള്‍ക്ക് എന്നും ആശ്രയിക്കാം. ഞായറാഴ്യ്ച ദിവ്യബലിയിലും, മതബോധന ക്ലാസ്സുകളിലും പ്രേഷിത ജോലികളിലും ഉപവി പ്രവര്‍ത്തനങ്ങളിലും കുടുബപ്രാര്‍ത്ഥനയിലും നിങ്ങള്‍ എന്നും പങ്കുചേരണം.

തക്സാലയിലെ കുട്ടികളായ രക്തസാക്ഷികള്‍, വാഴ്ത്തപ്പെട്ട ക്രിസബെലും, ആന്‍റെണിയും ജുവാനും നന്മയില്‍ ജീവിച്ച് ക്രിസ്തുവിനെ അടുത്ത് അറിഞ്ഞവരാണ്. ക്രിസ്തുവിനെ ജീവിതത്തിന്‍റെ അമൂല്യനിധിയായി തിരിച്ചറിഞ്ഞവരാണ് അവര്‍. അവര്‍ നിങ്ങളെപ്പോലെ യുവാക്കളായിരുന്നു. സ്നേഹിക്കാനും ശുശ്രൂഷിക്കാനും യുവാക്കള്‍ക്ക് സാധിക്കും എന്നാണവര്‍ പഠിപ്പിക്കുന്നത്.

ഇപ്പോള്‍ നിങ്ങളോട് താല്ക്കാലികമായി യാത്രപറയുകയാണ്. സമയമായി. പ്രാര്‍ത്ഥനയില്‍ നമുക്ക് ഒന്നായിരിക്കാം. എപ്പോഴും പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍പ്പിക്കുന്നു. അങ്ങനെ മാത്രമേ, നമ്മുടെ കുടുബങ്ങളിലും സമൂഹങ്ങളിലും ദൈവികാനന്ദം അനുഭവിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഏവര്‍ക്കുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ മാര്‍പാപ്പയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുമല്ലോ. അങ്ങനെ. ദൈവസ്നേഹത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഈ നാട്ടില്‍ സ്നേഹവും കൂട്ടായ്മയും വളരട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക