Image

കേരളമെന്ന സുന്ദരനാട് (വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)

Published on 04 August, 2018
കേരളമെന്ന സുന്ദരനാട് (വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)
വളരെ വിചിത്രം. ഒരു പബ്ലിക്കേഷനില്‍ വായിച്ചു “ചില ഭൂമി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു കേരളമെന്ന നാടു പിറന്നിട്ടേയില്ല” എന്ന്. ങ്ഹാ... അതുതന്നെയാണു ഈ കേരളത്തിന്റെ പ്രത്യേകത. എന്നാല്‍ മറ്റൊരു പ്രത്യേകതയുള്ളതു ഈ പിറന്നിട്ടില്ലാത്ത നാട്ടില്‍ കുറെ മനുഷ്യര്‍ പിറന്നിട്ടുണ്ടെന്നുള്ളതാണ്.

ഒരു തനി കേരളക്കാരന്‍ എന്നഭിമാനിക്കുന്നവന്‍ ആ നാട്ടിലെ മണ്ണില്‍ തന്നെ അലിഞ്ഞുചേരുന്നവനാണ്. ആ നാട്ടിലെ ദാരിദ്യത്തിലും, ദുഃഖത്തിലും, സമ്പന്നതയിലും സമ്മിശ്രമായി കിട്ടുന്ന സുഖാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവന്‍... ഈ ലേഖകന്‍ ഒരു പൊയ്മുഖം വച്ചു അല്പം ജാള്യതയോടെയാണിതെഴുതുന്നത്. എന്റെ പ്രിയ അനുവാചകര്‍ കല്ലെറിയല്ലെ എന്നു മുന്‍കൂര്‍ ജാമ്യം ചോദിക്കുകയാണ്...

ഇന്നോളം ഒരു മലയാളിയും കേരളനാടിന്റെ തരുണിമ ആവോളം നുകര്‍ന്നനുഭവിച്ചിട്ടില്ല. അത്രയ്ക്കു മാദകത്വം തുളുമ്പി നില്‍ക്കുന്ന നാടാണ്. എത്ര കണ്ടാലും കൊതി തീരാത്ത നാട്...! അതായിരിക്കുമോ കാലാകാലങ്ങളായി വിദേശീയര്‍ ഈ നാടിനെ ഉന്നം വച്ചു വിമാനം കയറുന്നത്...?

ലെമൂറിയ ദ്വീപത്തില്‍ നിന്നോ, ഏലാമില്‍ നിന്നോ, അതോ സുമേറിയായില്‍ നിന്നോ വന്നു എന്നു പറയുന്ന ദ്രാവിഡന്‍ മുതല്‍ സൂര്യന്‍ അസ്തമിക്കാത്ത നാട്ടില്‍ നിന്നുള്ള വെള്ളക്കാരന്‍ വരെ അമ്പിളിക്കലയുടെ അല്ലെങ്കില്‍ പരശുരാമന്റെ മഴുവിന്റെ ആകൃതിയിലുള്ള ആ നാട്ടിലേക്കു വന്നതു ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ലല്ലോ? ഇതിനെ മാര്‍ക്കോപോളോ ‘മെലിബാറെ’ന്നും, ഹിയൂണ്‍റ്റ്‌സാംഗ് ‘മലക്കോട്ട’ എന്നും പേര്‍ വിളിച്ചിട്ടു പോയി. വൈരുദ്ധ്യങ്ങള്‍ ഒത്തുചേര്‍ന്നു പോകുന്ന ഈ നാട്ടില്‍ ജനിക്കുന്നവന്‍ അഥവാ ജനിച്ചവന്‍ സുകൃതം ഉള്ളവനാണ്. ഭാഗ്യം കിട്ടിയവനാണ്.

പ്രകൃതി അനുഗ്രഹിച്ച ഈ നാട്ടില്‍ ഇടവപ്പാതിയുടെ നനവുള്ള ശുദ്ധവായുവിനു ഇലഞ്ഞിപ്പൂവിന്റെ മണം...! ഗ്രാമീണ അടുപ്പുകളില്‍ നിന്നും അപ്പത്തിനും, കറിക്കും കടുകുപൊട്ടിക്കുന്ന മണം...! അവിടുത്തെ ഗ്രാമവീഥികളില്‍ സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം പരത്തുന്ന കാറ്റിനു സൂര്യപ്രകാശത്തിന്റെ സ്വര്‍ണ്ണനിറം...! ഈ സുഗന്ധദ്രവ്യങ്ങളുടെയൊക്കെ പരിമളം ലോകമെമ്പാടും പരന്നു. ഇറ്റലി, ഗ്രീസ്, ഈജിപ്ത് എന്നീ രാജ്യങ്ങളും ഈ ദ്രവ്യത്തിന്റെ മണം പിടിച്ചോടിവന്നു. കുരുമുളക്, കറുവാപ്പട്ട, ഏലം എന്നുള്ള സുഗന്ധദ്രവ്യങ്ങള്‍! പ്രവാചകനായ മോശ സമാഗമന കൂടാരത്തില്‍ പുകച്ചിരുന്ന സുഗന്ധദ്രവ്യക്കൂട്ടുകളും ഇവിടെ നിന്നും കൊണ്ടുപോയതെന്നു പറയപ്പെടുന്നു. തീരാവ്യാധികള്‍ക്കു ശമനം നല്‍കുന്ന ഔഷധമൂല്യമുള്ള വൃക്ഷങ്ങളുടെയും, ചെടികളുടെയും വേരുകള്‍ തഴുകിയൊഴുകിയെത്തുന്ന കാട്ടരുവിയിലെ ജലം ഒരു കാലത്ത് ഒരു സിദ്ധൗഷധം തന്നെയായിരുന്നു. ആ അരുവിയുടെ മുകളിലൂടെ പരന്നു പറക്കുന്ന ഔഷധമൂല്യമുള്ള കാറ്റു ശാസിക്കുന്നവന് എന്നും നിത്യയൗവ്വനം.

അറേബ്യന്‍ സമുദ്രത്തിന്റെ തീരജനപഥങ്ങളിലൂടെ കാലുകള്‍ പരതുന്ന ഒരുവന് കുബ്ലൈഖാന്റെ നാട്ടിലെ ചീനവലകള്‍ മാറാല കെട്ടിയിരിക്കുന്നതു ചൈനയുമായുള്ള പ്രാചീനബന്ധം എടുത്തു കാട്ടുന്നു. ഇവിടെ ഏഴു നിലയുള്ള ദ്രാവിഡഗോപുരമുണ്ട്. ലക്ഷാര്‍ച്ചന നടക്കുന്ന ദേവീക്ഷേത്രമുണ്ട്. തുമ്പമലരിനെ വെല്ലുന്ന ആമ്പല്‍പ്പൂക്കളുണ്ട്, ആകാശം മുട്ടുന്ന സ്വര്‍ണ്ണഗോപുരമുണ്ട്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുണ്ട്. നൃത്തസംഗീതവാദ്യഘോഷതാളമേളങ്ങളുടെ തനനമുണ്ട്. ക്ഷേത്രത്തോടു തൊട്ടുരുമ്മി നില്‍ക്കുന്ന ക്രൈസ്തവ ദേവാലയ ജാലകങ്ങളില്‍ നിന്നും വിശ്വാസികളുടെ അനവരതമുള്ള അയ്യം വിളി കേള്‍ക്കാം. ആ ദേവാലയ കിളിവാതിലുകളില്‍ കൂടെ നോക്കിയാല്‍ കാണാവുന്ന മുസ്ലീം പള്ളിയുടെ താഴികക്കുടം... ആ താഴികക്കുടത്തില്‍ നിന്നും നിരഝരിക്കുന്ന വാങ്കുവിളി... ഒരുകാലത്തുണ്ടായിരുന്ന മതസൗഹാര്‍ദ്ദത്തിന്റെ തെളിവ്... ഇതൊക്കെയും അന്യംനിന്നു പോവുമോ ആവോ...?

ഇതാണു ജറുശലേം ദേവാലയത്തിന്റെ നശീകരണത്തോടുകൂടി യൂദന്മാര്‍ അഭയം തേടിയ നാട്. ഇവിടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന യൂദത്തെരുവുണ്ട്. ആദ്യമായി ഇന്ത്യയില്‍ ഒരു മുസ്ലീം ദേവാലയം പണിയപ്പെട്ടത് കേരളത്തിലാണെന്നു അവകാശവാദം. ഈ മണ്ണില്‍നിന്നുകൊണ്ടാണു ‘ശത്രുക്കളെ സ്‌നേഹിപ്പീന്‍’ എന്ന ക്രിസ്തുസന്ദേശം തോമസ് സ്ലീഹാ കേരളത്തിനു വിളമ്പിക്കൊടുത്തത്. ഒന്നാം ശതകത്തില്‍ റോമാക്കാര്‍ അഗസ്റ്റിന്റെ അമ്പലവും മറ്റും നിര്‍മ്മിച്ചതായി ചരിത്രരേഖ. ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റു ഭരണമുള്ള സംസ്ഥാനം എന്നു പേരു കേട്ട നാട്. ഈ നാട്ടുകാര്‍ സംസാരിക്കുന്ന ഭാഷ ഒരു അനുലോമവിലോമ പദമാണ് (Palindrome).

കക്ഷത്തില്‍ എപ്പോഴും ചുരുട്ടി മടക്കിയ വര്‍ത്തമാനപ്പത്രവും, എണ്ണപുരട്ടി ചീകി മിനുക്കിയ മുടിയും, പഴുതാരവാലന്‍ മീശയുമുള്ള പുരുഷന്മാരും, നാട്ടിന്‍പുറങ്ങളിലെ കുളത്തില്‍ മുലക്കച്ചയും കെട്ടി നട്ടുച്ചയ്ക്കു കുളിക്കാനിറങ്ങുന്ന ‘പുരുഷനെ കണ്ടിട്ടില്ലാത്ത’ ഗ്രാമീണസുന്ദരികളും, എപ്പോഴും ചൂടിയ കുടയുമായി തോള്‍മുണ്ടിട്ടു നടക്കുന്ന വൃദ്ധജനങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ യാത്ര ചെയ്യുന്നവന്; മലയാളിയുടെ ചുവരില്‍-ക്രിസ്ത്യാനിയ്ക്കു ക്രിസ്തുദേവന്റെ ചിത്രവും, ഹൈന്ദവനു ശ്രീകൃഷ്ണന്റെ ചിത്രവും, കമ്മ്യൂണിസ്റ്റുകാരനു കാള്‍മാക്‌സിന്റെ ചിത്രവും അവനവന്റെ വിശ്വാസത്തെ വരച്ചുകാട്ടുന്നതു കാണാം. ഇതെല്ലാം ഒന്നിച്ചു കൂടുമ്പോള്‍ ഒരുകാലത്തെ ചേരമാന്‍ രാജാവിന്റെ ‘ചേരളം’ കേരളമാവുകയാണ്. ഇവിടെയാണു മുന്‍പറഞ്ഞ ഭൂമിശാസ്ത്രജ്ഞന്മാര്‍ക്കു തെറ്റുപറ്റിയത്.

ഈ നാട്ടിലാണ് എന്നും സൂര്യന്‍ ഉദിക്കുന്നത്. ഇവിടെ എപ്പോഴും ഇളംകാറ്റില്‍ ആലോലം ആടിയുലയുന്ന സംഗീതാത്മക മര്‍മ്മരമുണര്‍ത്തുന്ന പച്ചിലം തെങ്ങോലകള്‍ ഉണ്ട്. അതില്‍ ഷഡ്ജ, പഞ്ചമ, നിഷാദസ്വരങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതു നാനാലോകരേയും മാടിവിളിക്കുന്ന പോലെ. വാടി തളര്‍ന്നു അന്തിയുറങ്ങാന്‍ പോവുന്ന ആ നാടിനെ അതു വെണ്‍ചാമരം വീശി നിദ്രയിലാഴ്ത്തുന്നു. ഈ തെങ്ങിനെ ഇന്‍ഡോനേഷ്യയില്‍ നിന്നോ ഈഴങ്ങളുടെ നാടായ ശ്രീലങ്കയില്‍ നിന്നോ കൊണ്ടുവന്നു എന്നുള്ള വാദം ഇന്നും തീര്‍ന്നിട്ടില്ല. ശ്രീലങ്ക കഴിഞ്ഞാല്‍ പിറന്ന ഈഴവൃക്ഷങ്ങളുടെ നാട്. മലകളും താഴ്‌വാരങ്ങളും ഓരം ചേര്‍ന്ന ഭൂമി. അതിന്റെ താഴ്‌വാരങ്ങളിലെ തത്തിക്കളിക്കുന്ന അരുവികളെ നോക്കി ധാരാളം കവിതാകോവതന്‍മാര്‍ തങ്ങളുടെ മനസ്സില്‍ കവിതകള്‍ കുറിച്ചിട്ടു. ഈ നാട്ടില്‍ ജനിച്ചവനു വാര്‍ദ്ധക്യമില്ല, മരണമില്ല.

ഇതാണു കഥകളിയുടെ നാട്, വള്ളംകളിയുടെ നാട്, കളരിപ്പയറ്റിന്റെ നാട്, തൃശൂര്‍ പൂരത്തിന്റെ നാട്, ആദിശങ്കരന്റെ നാട്, ശ്രീനാരായണഗുരുവിന്റെ നാട്, ചേരമാന്‍ രാജാവിന്റെ ചേരനാട്. ക്രിസ്തുശിഷ്യനായ തോമസ് സ്ലീഹായുടെ പാദസ്പര്‍ശനമേറ്റ നാട്, ശ്രേഷ്ഠമലയാളം സംസാരിക്കുന്നവന്റെ സാക്ഷരതയുടെ നാട്, ഈയുള്ളവനെ പ്രസവിച്ച നാട്, തട്ടുകടയുടെ നാട്, കറുത്തസ്വര്‍ണ്ണത്തിന്റെ (കുരുമുളക്) നാട്, ‘ദൈവത്തിന്റെ സ്വന്തം നാട്’. ഈ ലേഖകന്‍ നാട്ടിലായിരുന്നപ്പോള്‍ ഈ നാട് ദൈവം തീറെഴുതി വാങ്ങിയിരുന്നതായി ഓര്‍ക്കുന്നില്ല. നേരംവെളുക്കും മുതല്‍ വൈകുന്നേരം വരെ ഒരു വര്‍ത്തമാനപ്പത്രവും നിവര്‍ത്തിപ്പിടിച്ചു നിഷ്ക്രിയരായി ദിവസം തികയ്ക്കുന്നവരുടെ നാട്, കേരളത്തിനു വെളിയില്‍ പോയാല്‍മാത്രം കഠിനാദ്ധ്വാനം ചെയ്യുന്നവന്റെ നാട്. ഇത്രയും വൈവിധ്യം മറ്റെവിടെയെങ്കിലുമുണ്ടോ ആവോ?

കടലില്‍ നിന്നും പൊങ്ങി വരുന്നതിനു മുമ്പ് കിഴക്കന്‍ മലയോരങ്ങളിലെ വനാന്തരങ്ങലില്‍ വസിച്ചിരുന്നവരാണു ആദിവാസികളായ തനി കേരളമക്കള്‍. നെഗ്രറ്റോയിഡും, ആസ്ട്രലോയിഡുകളുമായ കാടുകാണിക്കാര്‍, മലമ്പണ്ടാരം, പണിയന്‍, ഊരാളി, മുതവന്‍, ഉള്ളാടന്‍, ഇരുളര്‍, കുറിച്ചിയാര്‍, കരിമ്പാലന്‍, മലയരയന്‍, മലവേടന്‍ എന്നിവരത്രേ ഈ കരയിലെ ആദ്യത്തെ യഥാക്രമ അവകാശികള്‍. എന്തുചെയ്യാം ഇന്നു അവര്‍ക്കുള്ള ഏക അവകാശം (സമ്പാദ്യം) പട്ടിണി തന്നെ!

സദാചാരചിന്തകളും, കിഴക്കന്‍ തത്വചിന്തകളും ഒരുകാലത്തു കയറ്റുമതി ചെയ്തിരുന്ന ഈ നാട്ടില്‍ ഇന്നു പാശ്ചാത്യ ജാരചിന്തകളും തത്വശാസ്ത്രങ്ങളുമൊക്കെ ഇറക്കുമതി ചെയ്യുകയാണ്. അതിനിന്നിവിടെ വളരെയധികം കമ്പോളമുണ്ടുപോലും. എങ്കിലും അഭ്യസ്തവിദ്യരെ കയറ്റുമതി ചെയ്യുന്നതില്‍ ആ നാടിന്നും മുന്‍പന്തിയില്‍ തന്നെ. അതാണല്ലോ മലയാളിയ്ക്ക് ഈ പാശ്ചാത്യരാജ്യത്തു താവളം ഒരുക്കിയത്? ഇന്നു മലയാളിക്ക് ഇവിടെ നിന്നും പോവാന്‍ വയ്യ. കാരണം അവന്റെ കാര്‍ഡിയോളജിസ്റ്റു ഇവിടെയാണല്ലോ? നാട്ടില്‍ പോയി നാലുപേരെ കാണ്‍കെ അവിടെ തന്നെ കിടന്നു മരിക്കണമെന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഇവിടെ നിന്നുപോവാനും വയ്യാ; ഇവിടെ കിടക്കാനും വയ്യ- ഒരുവക ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍! ഭീകരരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുശഷം അമേരിക്കന്‍ മലയാളിയ്ക്കും ഒരുള്‍ക്കിടിലം! ഈ ക്രോസ്ഫയറില്‍ അറിയാതെ അവനും വെടിയുണ്ട ഏല്‍ക്കേണ്ടിവരുമോ എന്ന്.

ഇന്ന് അമേരിക്കന്‍ മലയാളി ‘അമേരിക്കന്‍ തത്തക്കൂട്ടില്‍’ കിടന്നു ഡോളര്‍ എന്ന കിളിത്തീറ്റയും കഴിച്ചുകൊണ്ടു ഒരുവക ലൈഫ്‌സപ്പോര്‍ട്ടു സിസ്റ്റത്തില്‍ കിടക്കുകയാണ്.

ജാതിമതഭേദമന്യേ ഒന്നിച്ചുകൂടുന്ന ഒരു സംഗമവേദികൂടിയാണല്ലോ കേരളം? ആ കേരളത്തിന്റെ മാസ്മരശക്തി അവനെ മാടി വിളിയ്ക്കയാണ്. മറ്റേതു രാജ്യത്തുപോയാലും, എത്രയധികം സമ്പാദിച്ചാലും വീണ്ടും തിരികെ വന്നു ആ നാട്ടില്‍ തന്നെ കിടന്നു മരിയ്ക്കണമെന്നു പിടിവാശി പിടിക്കുന്നതു ഒരു മലയാളിയെ മലയാളിയാക്കുന്നതു കൊണ്ടു മാത്രം.
**********
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക