Image

ഇടുക്കി എന്ന കലാപരിപാടി

സിബി കളരിക്കാട്ട് Published on 04 August, 2018
ഇടുക്കി എന്ന കലാപരിപാടി
വീക്കെന്‍ഡ് നോട്‌സ്-1

കാര്യം, താമസം ഇവിടെയാണെങ്കിലും ഒരു രാജ്യസ്‌നേഹിയായി മലയാളി എന്ന നിലയ്ക്ക് കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയാനാണ് എന്നെ പോലെയുള്ള മിക്ക അമേരിക്കന്‍ മലയാളികളുടെയും താത്പര്യം. ഞങ്ങള്‍ കോട്ടയം പാലാക്കാരാണ്. അതു കൊണ്ടു തന്നെ രാവിലെ പത്രം വായന, അതിലെ രാഷ്ട്രീയകാര്യങ്ങളുമായി ഒരു ചര്‍ച്ച ഒക്കെ ഒരു ശീലമായി കൊണ്ടു നടന്നിരുന്ന ക്ഷുഭിത യൗവനം കഴിഞ്ഞിട്ടാണ് നേരെ ഇങ്ങോട്ടേക്ക് കച്ചവടത്തിനായി വന്നത്. ചുട്ടയിലേ ശീലം മറക്കുമോ മാനുഷനുള്ള കാലം എന്നു പറയുന്നതു പോലെ, ഇപ്പോഴും കേരളത്തില്‍ കിളി ചിലിച്ചോ, വാവല് ഞാവല് കൊത്തിയോ എന്നൊക്കെ നോക്കി ഇരിക്കുന്നതിന്റെ ഉദ്വേഗത്തെക്കുറിച്ച് നിങ്ങള്‍ക്കു മനസ്സിലായി കാണുമല്ലോ. 

ഇപ്പോള്‍ ഇതു പോലെയൊരു കുറിപ്പ് എഴുതുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ നമ്മുടെ ഇടുക്കി ഡാമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാനാണ്. കഴിഞ്ഞ ഒരാഴ്ച ഇപ്പോള്‍ തുറക്കും എന്ന മട്ടില്‍ കേട്ടിരുന്ന ഡാമിന് ഇപ്പോള്‍ എന്തു പറ്റി. ഡാം തുറക്കാനായി ഇടുക്കിയിലെത്തിയ വൈദ്യുതി മന്ത്രി മണിയാശാന്‍ പറയുന്നു. ഡാം തുറക്കേണ്ട ഒരു കാര്യവുമില്ലെന്ന്. ഡാമില്‍ നിന്നും നല്ല ഉശിരന്‍ മീന്‍ ചാടുമെന്നും, അതിനെ അങ്ങനെ ഫ്രഷ് ആയി തന്നെ പിടിക്കാന്‍ ഒടുക്കു വലയും വീശു വലയും തുടങ്ങിയ സര്‍വ്വവിധ സന്നാഹങ്ങളുമായി കാത്തിരുന്ന ചെറുതോണിക്കാരുടെയും, പിന്നെ പാലായില്‍ നിന്നു രായ്ക്ക് രാമാനം വണ്ടി പിടിച്ച് സംഘടിപ്പിക്കാവുന്ന ദ്രാവകങ്ങളൊക്കെയുമായി എത്തിയ നമ്മുടെ സുഹൃത്തുക്കളുടെയും ചങ്കു പിളര്‍ക്കുന്ന പ്രഖ്യാപനമാണ് സഖാവ് മണിയാശാന്‍ നടത്തിയത്. ഡാം തുറക്കില്ലെങ്കില്‍ പിന്നെ എന്നാത്തിനായിരുന്നു ഇമ്മാതിരി നാടകമെന്നു ഉറക്കെ വിളിച്ചു ചോദിക്കാന്‍ പറ്റിയ ആണുങ്ങളൊന്നും ഇപ്പോള്‍ അവിടെയില്ലല്ലോ. ഉള്ള പൂഞ്ഞാറിലെ ആശാന്‍ ഇപ്പോള്‍ ബിജെപിയിലേക്ക് പോണോ, മോന് സീറ്റ് മേടിച്ചു കൊടുക്കണോ എന്നൊക്കെയുള്ള ചര്‍ച്ചയുമായി നടക്കുന്നതിനാല്‍ ആര്‍ക്കും എന്തു തോന്ന്യാസവും കാണിക്കാമെന്നും ആയിട്ടുണ്ട്. 

സത്യമായിട്ടും സുഹൃത്തുക്കളെ, ഈ ഓറഞ്ച് അലേര്‍ട്ട് വന്ന് ഒരോ മിനിറ്റിലും ഇപ്പോള്‍ വെള്ളം ഇത്ര അടിയിലെത്തി എന്നു പറഞ്ഞു കൊതിപ്പിച്ചിരുന്ന മാധ്യമങ്ങളെയും ഇപ്പോള്‍ കാണാനില്ല. അവരിങ്ങനെ നൈസായി പറ്റിക്കുമെന്നു ഞങ്ങളാരും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ടിവിയില്‍ ലൈവ് കണ്ടോണ്ടിരുന്ന ഞാനടക്കം എല്ലാവരും വിചാരിച്ചത് ഇപ്പോള്‍ തുറക്കുമെന്നു തന്നെയായിരുന്നു. അത് രണ്ടടിയാണോ നാലടിയാണോ എന്ന കാര്യത്തില്‍ മാത്രമേ ബെറ്റ് വെക്കേണ്ടിയിരുന്നുള്ളു. പിന്നെയല്ലേ പിടികിട്ടിയത്, ഓറഞ്ച് അലര്‍ട്ട് കഴിഞ്ഞ് അഞ്ചടി പിന്നെയും പൊങ്ങിയാലോ ഷട്ടറു പൊക്കണോ എന്നു പോലും തീരുമാനിക്കൂ എന്ന്. അപ്പോള്‍ പിന്നെ, ആലപ്പുഴയില്‍ കടലുണ്ടെന്നു കരുതി പാലായില്‍ നിന്നു തന്നെ മുണ്ടും മടക്കി കുത്തിയെത്തുന്ന പാലാക്കാരോട് ഇങ്ങനെയൊരു കൊലച്ചതി കാണിക്കേണ്ടതില്ലായിരുന്നു എന്നു വളരെ ദയനീയമായി തന്നെ പറഞ്ഞു പോവുകയാണ്. ഇപ്പോള്‍ റബ്ബറിനു വിലയില്ലെന്നതു കാര്യം ശരിയാണ്, എന്നു കരുതി വെറുതെ ചൊറിയും കുത്തി മാണി കോണ്‍ഗ്രസ് അപ്പി ഇടുന്നുണ്ടോ, മൂത്രം ഒഴിക്കുന്നുണ്ടോ എന്നു നാലു നേരവും നോക്കിയിരിക്കലൊന്നുമല്ല ഞങ്ങളുടെ പണി. ആ വക പരിപാടിക്ക് ഇനിയൊട്ട് ഞങ്ങളെ കിട്ടത്തുമില്ല. അതു കൊണ്ട് തന്നെ ഇനി തുലാവര്‍ഷ മഴ വരെ ഡാം തുറക്കാന്‍ കാത്തിരിക്കണമെന്ന സാങ്കേതിക വിദഗ്ധരുടെ ന്യായത്തിലൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് അലര്‍ട്ട് പ്രഖ്യാപിച്ച് വെറുതെ ഡിങ്കോള്‍ഫിക്കേഷന്‍ സൃഷ്ടിക്കാതെ തലേന്നു പറഞ്ഞിട്ട് അങ്ങു തുറന്നോണം. ഇപ്പോള്‍ എന്തായാലും വെള്ളത്തിന് റൂട്ട് മാപ്പ് ഒക്കെ കിട്ടിയതു കൊണ്ടു കൃത്യമായി അതു അറബിക്കടലിലും വേമ്പനാട്ടു കായലിലുമൊക്കെ ചെന്നു നിന്നോളും.

ഇതിനിടയില്‍ വലിയൊരു കാര്യം കൂടി എല്ലാരും ചേര്‍ന്ന് മുല്ലപ്പെരിയാറിനെ വിസ്മൃതിയിലാക്കിയത് ശരിയായില്ല. മുല്ലപ്പെരിയാറിനേക്കാള്‍ വലിയ ഇടിനാശമായി ഇടുക്കി തുറക്കാന്‍ പോകുന്നു അതു കൊണ്ടു പ്രളയം ഇതാ ഇങ്ങടുത്ത് എന്നൊക്കെ പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പൊട്ടും എന്നു പേടിപ്പിച്ചിരുന്ന ഈ ഡാമിനെക്കുറിച്ച് മിണ്ടുന്നതേയില്ല. അവിടെ എന്താണ് നടക്കുന്നതെന്തോ? രണ്ടു കൊല്ലം മുന്നേ വരേ ഇപ്പോ ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് മുല്ലപ്പെരിയാര്‍ പൊട്ടുമെന്നു പറഞ്ഞ് പേടിപ്പിച്ചവരെയും കാണാനില്ല. ഈ മഴയത്ത് ഇടുക്കി ഡാം വരെ തുറക്കേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നടിയാവുന്ന നിലയ്ക്ക് ഇരിക്കുന്ന ചുണ്ണാമ്പു ഡാമിനെക്കുറിച്ച് ആരുമൊന്നും മിണ്ടി കണ്ടതുമില്ല. ഇതിലേതാണ്ട് സൂത്രമുണ്ടെന്നു ഞങ്ങള്‍ ന്യായമായും വിശ്വസിക്കുകയാണ് സര്‍. എന്തായാലും, ഒരു കാര്യം ഉറപ്പായി. ഇടുക്കിയും മുല്ലപ്പെരിയാറുമൊന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വിഷയമേയല്ല. അതിലും ഏതാണ്ട് വലുത് വരാനിരിക്കുന്നുണ്ട്, അത്ര തന്നെ.
Join WhatsApp News
Observer 2018-08-05 13:42:54
This damn thing has been going on for a while. Kerala government will wait until something happens.
soy varughese 2018-08-05 08:36:31
ലോകമെമ്പാടും ഡാം ഉണ്ട്. അതു നിറയും, തുറക്കും. അതിന് കേരളത്തിലുള്ളവര് ഇത്രമാത്രം കിടന്ന് കോട്ടുവാ ഇടുന്നത് എന്തിനാണെന്നു മാത്രം മനസ്സിലാവുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക