Image

രക്ഷാ പ്രവര്‍ത്തകര്‍ നെഞ്ചത്ത് ജെ സി ബി ഓടിച്ചു കയറ്റുമോ (മുരളി തുമ്മാരുകുടി)

Published on 02 August, 2018
രക്ഷാ പ്രവര്‍ത്തകര്‍ നെഞ്ചത്ത് ജെ സി ബി ഓടിച്ചു കയറ്റുമോ  (മുരളി തുമ്മാരുകുടി)
പാലക്കാട്ട് കെട്ടിടം പൊളിഞ്ഞുവീണിടത്തു നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ കണ്ടു.
കെട്ടിടത്തിന് ചുറ്റും പുരുഷാരം ആണ് (ഇവിടെ സ്ത്രീകളെ അധികം കണ്ടില്ല, പുരുഷന്മാരുടെ കൂട്ടം ആയതിനാല്‍ ആയിരിക്കണം). കാക്കി കുപ്പായം ഇട്ടവര്‍ (പോലീസ്/ഫയര്‍ഫോഴ്സ്, രണ്ടുമാകാം) കുറച്ചുണ്ട്. അതില്‍ കുറെ പേര്‍ക്ക് റിഫ്‌ലെക്റ്റീവ് വെസ്റ്റ് ഉണ്ട്, കുറച്ചു പേര്‍ക്ക് ഹെല്‍മെറ്റ് ഉണ്ട്, കുറച്ചു പേര്‍ക്കിത് രണ്ടും ഇല്ല, കുറച്ചു പേര്‍ക്ക് വെസ്റ്റും ഹെല്‍മെറ്റും ഉണ്ട്). പക്ഷെ അവരുടെ ചുറ്റും വലിയ ആള്‍ക്കൂട്ടമാണ്. മാറി നില്‍ക്കാന്‍ അവര്‍ പറയുന്നുണ്ട്, അവരുടെ ചുറ്റും നില്‍ക്കുന്നവര്‍ മറ്റുള്ളവരോട് മാറിനില്‍ക്കാന്‍ പറയുന്നു... പക്ഷെ ആരും എങ്ങോട്ടും മാറുന്നില്ല. ഇവരൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യുന്നുമില്ല, മൊബൈലില്‍ ഫോട്ടോ എടുക്കുന്നതൊഴിച്ചാല്‍.

കൂടുതല്‍ വിഷമിപ്പിച്ചത് ജെ സി ബി ഉപയോഗിച്ച് ബാക്കിയായ കെട്ടിടം പൊളിക്കുകയോ അവശിഷ്ടങ്ങള്‍ മാറ്റുകയോ ചെയ്യുന്നത് കണ്ടപ്പോളാണ്. 'അനവധി പേര്‍ കുടുങ്ങിക്കിടക്കുന്നു'വെന്നാണ് ലൈവ് റിപ്പോര്‍ട്ട്.

തകര്‍ന്ന കെട്ടിടത്തില്‍ ആളുകളുണ്ടെന്ന് ചെറിയ സംശയം എങ്കിലും ഉണ്ടെങ്കില്‍ അത് ജെ സി ബി ഉപയോഗിച്ച് പൊളിക്കുകയല്ല വേണ്ടത്. അവിടെ മൂന്നു സാധ്യതകള്‍ ആണ് ഉള്ളത്. ഒന്ന്, അകത്ത് ആളുകള്‍ മരിച്ചു കിടക്കുന്നുണ്ട്, രണ്ട് അകത്താളുകള്‍ പരിക്കേറ്റ് കിടക്കുന്നുണ്ട്, മൂന്ന് അകത്ത് പരിക്ക് പറ്റാതെ കുടുങ്ങി കിടക്കുന്നുണ്ട്. ഇതൊക്കെ പരിശോധിക്കുകയാണ് ആദ്യത്തെ ജോലി. അതിനുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും നിലവിലുണ്ട്. നമ്മുടെ ഫയര്‍ഫോഴ്സിന്റെ കൈവശം അതുണ്ടോ എന്നറിയില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം തൃശൂര്‍ ഉണ്ട്, അവരുടെ പക്കല്‍ ഉണ്ടാകണം, ഇല്ലെങ്കില്‍ കൊച്ചിയില്‍ നേവിയില്‍. ആളുകള്‍ അടിയിലുണ്ടെന്ന് മനസ്സിലായാല്‍ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തണം. ജെ സി ബി ഉപയോഗിച്ച് വലിച്ചു പറിക്കുന്നത് രക്ഷപെടാന്‍ സാധ്യതയുള്ളവരെക്കൂടി അപകടത്തിലാക്കും.

ഒരപകടം പറ്റിയാല്‍ ചുറ്റുമുള്ളവര്‍ തന്നെയാണ് ആദ്യം ഓടി എത്തേണ്ടത്. അവര്‍ക്ക് സാധിക്കുന്ന രീതിയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇടപെടണം. ഔദ്യോഗിക സംവിധാനങ്ങള്‍ എത്തിയാല്‍ അപകട സ്ഥലം ഒരു കയര്‍/റിബണ്‍ കെട്ടി തിരിക്കണം, അതിനകത്തേക്ക് പരിശീലനവും വ്യക്തി സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആരെയും കയറ്റിവിടരുത്, നാട്ടുകാരായാലും പൊലീസായാലും മന്ത്രിയായാലും. ശേഷം പരമാവധി ആളുകളെ രക്ഷപ്പെടുത്താനുള്ള സ്ട്രാറ്റജി തീരുമാനിച്ച് അത് ആളുകളെ പറഞ്ഞു മനസിലാക്കിയ ശേഷം അത് ചെയ്യുക.

എല്ലാവരും കൂട്ടമായി നിന്ന്, നൂറു പേര്‍ പറയുന്ന അഭിപ്രായം കേട്ട്, അക്ഷമരായ ആളുകളെ സമാധാനിപ്പിക്കാന്‍ 'ഇപ്പോ ശരിയാക്കി തരാം' എന്ന മട്ടില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കിലും പ്രൊഫഷണല്‍ അല്ല. ഇക്കാര്യം പതുക്കെ പതുക്കെ എങ്കിലും നാട്ടുകാരെയും മാധ്യമങ്ങളെയും ജനപ്രതിനിധികളേയും പറഞ്ഞു മനസ്സിലാക്കണം.

നാട്ടില്‍ വച്ച് ഒരു റോഡപകടം ഉണ്ടായാല്‍ എന്റെ ഒരു പേടി ഓടി എത്തി നമ്മളെ എണീപ്പിച്ചു നിര്‍ത്താനും വെള്ളം കുടിപ്പിക്കാനും ശ്രമിക്കുന്ന തികച്ചും ആത്മാര്‍ത്ഥതയുള്ള നാട്ടുകാരെയാണ്. പരിക്കുകള്‍ ഗുരുതരമാക്കാനും രക്ഷപ്പെട്ടേക്കാവുന്ന ആളുകളെ വരെ കൊല്ലാനും അതുമതി. അതുപോലെ തന്നെ കെട്ടിടത്തിനടിയില്‍ അകപ്പെട്ടാല്‍ ഞാന്‍ പേടിക്കാന്‍ പോകുന്നത് മുകളില്‍ നിന്ന് കല്ല് അടര്‍ന്നു വീഴുമോ എന്നല്ല, രക്ഷാ പ്രവര്‍ത്തകര്‍ നെഞ്ചത്ത് ജെ സി ബി ഓടിച്ചു കയറ്റുമോ എന്നാണ്.
രക്ഷാ പ്രവര്‍ത്തകര്‍ നെഞ്ചത്ത് ജെ സി ബി ഓടിച്ചു കയറ്റുമോ  (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക