Image

ഇടുക്കി ഡാം: ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു;അതിജാഗ്രതാ നിര്‍ദേശം

Published on 31 July, 2018
ഇടുക്കി ഡാം: ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു;അതിജാഗ്രതാ നിര്‍ദേശം
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ വീണ്ടും ഉയരുന്നു. ഡാം നിലനില്‍ക്കുന്ന പ്രദേശത്ത്‌ ശക്തമായ മഴ തുടരുന്നതാണ്‌ ജലനിരപ്പ്‌ ഉയരാന്‍ കാരണമാകുന്നത്‌. ജലനിരപ്പ്‌ 2395 അടിയിലായതിനെ തുടര്‍ന്ന്‌ ഇന്നലെ രാത്രി പ്രദേശത്ത്‌ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നു. ഇന്ന്‌ രാവിലെ ഏഴ്‌ മണി വരെയുള്ള കണക്കനുസരിച്ച്‌ ജലനിരപ്പ്‌ 2395.30 അടിയായിട്ടുണ്ട്‌. ഇത്‌ 2397 അടി ഉയരത്തിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നാല്‍ പ്രദേശത്ത്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിക്കും.

അതേസമയം, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ യാതൊരു ആശങ്കയും വേണ്ടെന്ന്‌ മുഖ്യമന്ത്രിയും ഇടുക്കി ജില്ലാ അധികൃതരും വ്യക്തമാക്കി. ജില്ലഭരണകൂടം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌. ഡാമിന്റെ മൊത്തം സംഭരണ ശേഷിയുടെ 91.06 ശതമാനം ജലനിരപ്പായിട്ടുണ്ട്‌. 2403 അടിയാണ്‌ ഡാമിന്റെ സംഭരണ ശേഷി.

ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകളില്‍ രണ്ട്‌ ഷട്ടറുകളാണ്‌ ആദ്യം തുറക്കുക. റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിന്‌ ശേഷം 24 മണിക്കൂര്‍ കഴിഞ്ഞ്‌ പകല്‍ സമയത്ത്‌ മാത്രമാണ്‌ ഡാം തുറക്കുക. ഡാമിന്‌ താഴെയുള്ളവരും വെള്ളം ഒഴുകിപ്പോകുന്ന നദീ തീരത്തുള്ളവരും ജാഗ്രത പുലര്‍ത്തണമെന്നാണ്‌ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌.

ഓറഞ്ച്‌ അലര്‍ട്ട്‌ നല്‍കി എന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. അതിന്‌ ഷട്ടര്‍ ഏത്‌ നിമിഷവും തുറക്കുമെന്ന്‌ അര്‍ത്ഥമില്ല. ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച്‌ പകല്‍ സമയം മാത്രമാകും ഷട്ടര്‍ തുറക്കുന്നത്‌� മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക