Image

ആശങ്കയോടെ മൂന്നു ജില്ലക്കാര്‍, ഇടുക്കി ഡാമിലെ ജലനിരപ്പ് 2,394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട്

Published on 29 July, 2018
ആശങ്കയോടെ മൂന്നു ജില്ലക്കാര്‍, ഇടുക്കി ഡാമിലെ ജലനിരപ്പ് 2,394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2,394 അടിയാണ് ജലനിരപ്പ്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ ഒരടികൂടി മാത്രമെ അവശേഷിക്കുന്നുള്ളൂ. ഡാമിന്റെ പരമാവധി സംഭരണശേഷി 2,400 അടിയാണ്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ ഏറെ ഭീതിയോടെയാണ് ഇടുക്കി ഡാമിലെ ജലനിരപ്പിനെ ഉറ്റുനോക്കുന്നത്. ഇത്തവണ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച കോട്ടയം കുട്ടനാട് ഭാഗത്തുള്ളവര്‍ക്ക് ഇതു വലിയ പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയില്ല. വെള്ളം ചെറുതോണി പുഴ വഴി പെരിയാറിലെത്തി നേരെ അറബിക്കടലിലേക്കാണ് ഒഴുകിയെത്തുക. അങ്ങനെ സംഭവിച്ചാല്‍ തന്നെയും പെരിയാറിന്റെ തീരത്തുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതി. ഏതാണ്ട് പത്തില്‍ താഴെ അണക്കെട്ടുകള്‍ പെരിയാറില്‍ ഉള്ളതിനാല്‍ നിയന്ത്രിതമായ വിധത്തില്‍ ഈ വെള്ളത്തെ കൈകാര്യം ചെയ്യാനാകുമെന്നാണ് കരുതുന്നത്. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കാനാണ് സാധ്യത. ഇന്നത്തെ നീരൊഴുക്കു കൂടി കണക്കിലെടുത്തതിനു ശേഷം തിങ്കളാഴ്ചയോടെ ഷട്ടറുകള്‍ തുറന്നേക്കും. രാവിലെ പത്തിനു ശേഷം തുറക്കുകയും മൂന്നിനു മുന്നേ അടക്കാനുമാണ് ഏകദേശ ധാരണ. വെള്ളപ്പൊക്കമുണ്ടാകുന്ന ഏതു സാഹചര്യവും നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സഹായവും കെഎസ്ഇബി അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം, റവന്യു അധികാരികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പരമാവധി ശേഷിയിലെത്തുന്നതിന് മുന്‍പ് തന്നെ ഡാം തുറക്കാനാണ് നീക്കം. ഇതോടെ ജലനിരപ്പ് 2,39798 അടി ആകുമ്പോള്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. അപായ സൈറണ്‍ മുഴക്കി 15 മിനിട്ടിന് ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീരത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് അറിയിപ്പും നല്‍കും.

പകല്‍ സമയത്ത് ഘട്ടം ഘട്ടമായിട്ടാകും ഷട്ടറുകള്‍ തുറക്കുക. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം മുന്നില്‍ക്കണ്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. അണക്കെട്ട് തുറന്നാല്‍ ആയിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക.

ജലനിരപ്പ് 2,390 അടിയാകുമ്പോള്‍ ബ്ലൂ അലേര്‍ട്ട് നല്‍കും. ഇത് വ്യാഴാഴ്ച നല്‍കിയിരുന്നു. 2,399 ല്‍ എത്തുമ്പോഴാണ് റെഡ് അലേര്‍ട്ട് നല്‍കുന്നത്. റെഡ് അലേര്‍ട്ട് നല്‍കിക്കഴിഞ്ഞാല്‍ ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കാമെന്നതാണ് സ്ഥിതി. ഡാം തുറക്കുന്നതു കാണാന്‍ നിരവധി പേരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക