Image

ഇറ്റാലിയന്‍ പ്രതിരോധമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published on 29 March, 2012
ഇറ്റാലിയന്‍ പ്രതിരോധമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കാനെത്തിയ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാംപൗലോ ഡി പൗല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

ജയിലില്‍ നാവികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു നിന്നു. രാവിലെ 11 മണിയോടെയാണ് ജിയാംപൗലോ ഡി പൗല തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് അദ്ദേഹം പൂജപ്പുര ജയിലില്‍ കഴിയുന്ന നാവികരെ സന്ദര്‍ശിച്ചു. ജയില്‍ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു നാവികരുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം നാവികരുമായി അദ്ദേഹം ചര്‍ച്ച നടത്തി. നാവികരുമൊന്നിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ജയില്‍ അധികൃതര്‍ അനുവദിച്ചില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് അനുവാദം നല്‍കാനാകൂവെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. 

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും ജിയാംപൗലോ ഡി പൗല താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. വൈകിട്ട് ഡല്‍ഹിക്ക് പോകുന്ന അദ്ദേഹം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായും കൂടിക്കാഴ്ച നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക