Image

നിറം നോക്കി വിദേശികളെ പരിശോധിക്കാന്‍ പോലീസിന്‌ അധികാരം: ജര്‍മന്‍ കോടതി

ജോസ്‌ കുമ്പിളുവേലില്‍ Published on 29 March, 2012
നിറം നോക്കി വിദേശികളെ പരിശോധിക്കാന്‍ പോലീസിന്‌ അധികാരം: ജര്‍മന്‍ കോടതി
ബര്‍ലിന്‍: ജര്‍മനിയിലെ വിദേശികളുടെ നിറം നോക്കി അവരുടെ ഐഡി (തിരിച്ചറിയല്‍) കാര്‍ഡുകള്‍ പരിശോധിക്കാന്‍ പോലീസിന്‌ അധികാരമുണ്‌ടെന്ന്‌ റൈന്‍ലാന്റ്‌പ്‌ളാറ്റ്‌സ്‌ സംസ്ഥാനത്തിലെ കോബ്‌ളന്‍സ്‌ ആസ്ഥാനമായുള്ള അഡ്‌മിനിസ്‌ട്രേറ്റീവ്‌ കോടതി വിധി പ്രസ്‌താവിച്ചു.

ജര്‍മന്‍ പൗരത്വം നേടിയ ഒരു കറുത്ത വര്‍ഗക്കാരന്‍ യുവാവിനോട്‌ റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിക്കാന്‍ ജര്‍മന്‍ ഫെഡറല്‍ പോലീസ്‌ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുക മാത്രമല്ല പോലീസിന്റെ ചെക്കിംഗിനെ ചോദ്യം ചെയ്യുകയും ചെയ്‌തതാണ്‌ സംഭവത്തിന്റെ ആധാരം. ഇയാളെ പോലീസ്‌ ബലമായി പോലീസ്‌ സ്റ്റേഷനില്‍ കൊണ്‌ടുപോവുകയും ഇയാളുടെ തോള്‍സഞ്ചിയുള്‍പ്പടെ പരിശോധിക്കുകയും മതിയായ രേഖകള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന്‌ വിട്ടയയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ ഈ ചെക്കിംഗിന്‌ ചോദ്യംചെയ്‌ത്‌ ഇയാള്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്‌തതാണ്‌ പരാതിക്കാരനുതന്നെ വിനയായത്‌.

ജര്‍മന്‍ പൗരനായാലും അല്ലെങ്കിലും നിറം നോക്കി വിദേശികളെ പരിശോധിക്കുന്നതിലൂടെ പോലീസ്‌ അവരുടെ കടമയും കര്‍ത്തവ്യവുമാണ്‌ ചെയ്യുന്നതെന്ന്‌ കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തി ഒരിക്കലും ഒരു വര്‍ണവിവേചനമോ  അധിക്ഷേപിക്കലോ അല്ലെന്ന്‌ കോടതി ചൂണ്‌ടിക്കാട്ടി. പോലീസിന്റെ ഡ്യൂട്ടിയെ തടസപ്പെടുത്തുന്ന ഏതൊരാളും ശിക്ഷാര്‍ഹരാണെന്നും കോടതി സൂചിപ്പിച്ചു.

അടുത്ത കാലത്തായി ജര്‍മനിയില്‍ ക്രിമിനല്‍ കുറ്റങ്ങളും, മോഷണവും, കൊലപാതകങ്ങളും മറ്റും വര്‍ധിക്കുന്നതായി കണ്‌ടെത്തിയതിനെ തുടര്‍ന്ന്‌ പൊതുസ്ഥലങ്ങള്‍, വിമാനത്താവങ്ങള്‍, ബസ്‌സ്റ്റേഷനുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, സിനിമാ തീയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസിന്റെ സാന്നിധ്യം ഏറെയുണ്‌ട്‌. അനവസരങ്ങളില്‍ സംശയത്തിന്റെ പേരില്‍ ചെക്കിംഗ്‌ മാത്രമല്ല അറസ്റ്റും നടത്താറുണ്‌ട്‌. കൂടാതെ ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ പ്രത്യേക സ്‌കാഡ്‌തന്നെ പ്രവര്‍ത്തിക്കുന്നുണ്‌ട്‌.
നിറം നോക്കി വിദേശികളെ പരിശോധിക്കാന്‍ പോലീസിന്‌ അധികാരം: ജര്‍മന്‍ കോടതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക