Image

ബോക്സ് ഓഫിസ് ചരിത്രമെഴുതി ടി. ദാമോദരന്‍ വിടവാങ്ങി

Published on 29 March, 2012
ബോക്സ് ഓഫിസ് ചരിത്രമെഴുതി ടി. ദാമോദരന്‍ വിടവാങ്ങി
ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു ബുധനാഴ്ച വിടവാങ്ങിയ ടി. ദാമോദരന്‍. ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി, 1921, മീന്‍, കാന്തവലയം, കരിമ്പന, ഏഴാംകടലിനക്കരെ, അഹിംസ, തുഷാരം, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍, ഈനാട്, ഇന്നല്ലെങ്കില്‍ നാളെ, വാര്‍ത്ത, ഇനിയെങ്കിലും, അങ്ങാടിക്കപ്പുറത്ത്, ഇന്‍സ്പെക്ടര്‍ ബല്‍റാം തുടങ്ങി ദാമോദരന്‍ തിരക്കഥയെഴുതിയ ഭൂരിഭാഗം സിനിമകളും ബോക്സ് ഓഫിസ് ചരിത്രമെഴുതി.
പ്രിയദര്‍ശനൊപ്പം മേഘം (1999), കാലാപാനി (1996), അദൈ്വതം (92), അഭിമന്യു (91), ആര്യന്‍ (88), ഭരതന്‍െറ ഇത്തിരിപ്പൂവേ ചുവന്നപൂവേ (84), കാറ്റത്തെ കിളിക്കൂട് (83), ഷാജി കൈലാസിന്‍െറ മഹാത്മ (96), ജോമോന്‍െറ ജാക്പോട്ട് (93), ജി.എസ്.  വിജയന്‍െറ ആനവാല്‍ മോതിരം (90), വിജിതമ്പിയുടെ ജനം (93) എന്നീ തിരക്കഥകളെല്ലാം ദാമോദരന്‍ മാസ്റ്ററുടേതാണ്. മണിരത്നത്തിന്‍െറ ഏക മലയാള ചിത്രം ഉണരൂ (1984), ദാമോദരന്‍െറ തിരക്കഥ അടിസ്ഥാനമാക്കിയാണ്.  
ബേപ്പൂര്‍ സ്കൂളില്‍ കായികാധ്യാപകനായിരുന്ന അദ്ദേഹം 70കളിലാണ് തിരക്കഥാ രചന ആരംഭിച്ചത്. 60കളുടെ അവസാനത്തില്‍ നാടക രംഗത്ത് സജീവമായിരുന്നു.
തിക്കോടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തനം.
സാമൂഹിക പ്രശ്നങ്ങള്‍ കുത്തിനിറച്ച അദ്ദേഹത്തിന്‍െറ നാടകരചനയില്‍ ആകൃഷ്ടനായി 73ല്‍ ഹരിഹരന്‍ കഥയെഴുതാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. സമകാലിക സാമൂഹിക സംഭവങ്ങള്‍ വിവരിക്കുന്ന തകര്‍പ്പന്‍ ഡയലോഗുകളുമായി ഇറങ്ങിയ സിനിമകള്‍ 80കളില്‍ തിയറ്ററുകളില്‍ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചു. വ്യവസ്ഥാപിത സമ്പ്രദായങ്ങളെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ നിറഞ്ഞ പടങ്ങള്‍ സാധാരണക്കാര്‍ നെഞ്ചിലേറ്റി.
കഥാപാത്രങ്ങളുടെ പെരുപ്പവും നിര്‍മാണച്ചെലവും ഒരുകാലത്ത് ദാമോദരന്‍ ചിത്രങ്ങളുടെ മുഖമുദ്രയായിരുന്നു. മലബാര്‍ കലാപത്തിന്‍െറ കഥപറയുന്ന അദ്ദേഹത്തിന്‍െറ സ്വപ്നപദ്ധതി ‘1921’ ബോക്സ് ഓഫിസ് ഹിറ്റായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക