Image

ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

Published on 29 March, 2012
ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌
കൊച്ചി: കൊല്ലം തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കൊച്ചി തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.

മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെയ്ക്കണമെന്നാണ് ഒരു ഉപാധി. കേസിന്റെ അന്വേഷണത്തിനായി അധികൃതര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ജീവനക്കാരെയും കപ്പിത്താനെയും ഹാജരാക്കാമെന്ന് ഉടമകള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് രണ്ടാമത്തെ ഉപാധി. കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നുവെന്ന് കാണിച്ച് കപ്പലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാതെ കപ്പല്‍ വിട്ടുനല്‍കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം മര്‍ക്കന്റൈല്‍ വിഭാഗത്തിന്റെ പരിശോധന കഴിഞ്ഞതായും അതുകൊണ്ടു തന്നെ കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക