Image

ലീഗിന്റെ അഞ്ചാം മന്ത്രി അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് തങ്ങള്‍

Published on 29 March, 2012
ലീഗിന്റെ അഞ്ചാം മന്ത്രി അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന്  തങ്ങള്‍
മലപ്പുറം: മുസ്‌ലീം ലീഗിന്റെ അഞ്ചാമത്തെ മന്ത്രി അനൂപ് ജേക്കബിനൊപ്പം തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യപ്രതിജ്ഞ അധികം വൈകില്ലെന്നും ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണത്തിന് പിന്നാലെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന. എല്ലാ കാര്യങ്ങളും യുഡിഎഫില്‍ പറഞ്ഞിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം തീരുമാനമായ കാര്യം നടപ്പിലാകട്ടെയെന്നും പിന്നീട് മറ്റു കാര്യങ്ങള്‍ പറയാമെന്നുമായിരുന്നു മറുപടി.

അതേസമയം, കോണ്‍ഗ്രസിന്റെ സംസ്ഥാന, കേന്ദ്രനേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനമുണ്ടാകുമെന്നും അതുവരെ അഞ്ചാം മന്ത്രി കാര്യത്തില്‍ കാത്തിരിക്കാന്‍ തയാറാണെന്നും സംസ്ഥാന വ്യവസായ മന്ത്രിയും ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അനൂപിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയും ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന തന്റെ ഇന്നലത്തെ നിലപാടില്‍ നിന്നു മലക്കംമറിഞ്ഞാണ് കുഞ്ഞാലിക്കുട്ടിയുടെ ഇന്നത്തെ പ്രസ്താവന.

പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളതെന്ന് യു.ഡി.എഫ്. യോഗത്തില്‍ മുസ്ലീംലീഗ് നേതാക്കള്‍. ഒരുമന്ത്രിയെ കൂടി വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണിയോഗത്തില്‍ സംസാരിക്കുമ്പോഴാണ് ലീഗ് നേതാക്കളായ കേന്ദ്രമന്ത്രി ഇ. അഹമ്മദും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ നേരിടുന്ന സമ്മര്‍ദം പരാമര്‍ശിച്ചത്.
അഞ്ചാം മന്ത്രിയില്ലാതെ ലീഗിന് മുന്നോട്ടുപോകാനാവില്ല. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി നേതൃത്വം യു.ഡി.എഫില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്ന പരാതിയാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. എക്കാലവും മുന്നണിക്ക് സഹായകമായ നിലപാടാണ് ലീഗ് സ്വീകരിച്ചിട്ടുള്ളത്. മുന്നണിയുടെ ഉറപ്പ് നിലനില്‍ക്കണം. ഒപ്പം, എക്കാലവും മുന്നണിക്കുവേണ്ടി നിലനിന്നിട്ടുള്ള ലീഗിന്‍െറ ആവശ്യവും അംഗീകരിക്കണം. സര്‍ക്കാറിന്‍െറ രൂപവത്കരണഘട്ടത്തില്‍ തങ്ങള്‍ വിട്ടുവീഴ്ച ചെയ്തു. ഇനി അത് പറ്റില്ല -ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അഞ്ചാംമന്ത്രിയെ ചോദിക്കാന്‍ ലീഗിന് അവകാശമുണ്ടെന്നും  അത് ന്യായമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീഗിന്‍െറ ആവശ്യം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യും.  തുടര്‍ന്ന് ഹൈകമാന്‍ഡുമായും ചര്‍ച്ചചെയ്തശേഷം എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
അതേസമയം, ബുധനാഴ്ച മുന്നണി യോഗം ചേരും മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ്നേതാക്കള്‍, തങ്ങളുടെ ആവശ്യത്തില്‍ ഏകദേശം അനുകൂല തീരുമാനം ഉണ്ടാകുമെന്ന ഉറപ്പുനേടിയതായി സൂചനയുണ്ട്. ആവശ്യം നടപ്പാക്കുന്നതിന് സാവകാശം തരണമെന്നും സമയപരിധി വെക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  പാര്‍ട്ടിയുമായും ഹൈകമാന്‍ഡുമായും വിഷയം ചര്‍ച്ചചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിലപാടും ലീഗ്നേതൃത്വം അംഗീകരിച്ചു.
പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമായ കാര്യങ്ങള്‍ മാത്രമാണ്  ഗണേഷ്കുമാര്‍ ചെയ്യുന്നതെന്നും അങ്ങനെയൊരു മന്ത്രിയെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും ബാലകൃഷ്ണപിള്ള യോഗത്തില്‍ തുറന്നടിച്ചു. ഗണേഷിന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍ രണ്ടുസി.പി.എമ്മുകാരുണ്ട്.
പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും തോന്നുംപടിയാണ് അംഗങ്ങളെ നിശ്ചയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് വരെ നിയമനം നല്‍കി. എത്രയുംവേഗം മന്ത്രിസഭയില്‍നിന്ന് ഗണേഷിനെ ഒഴിവാക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. പിള്ള ഉന്നയിച്ചത് ഗൗരവമായ പ്രശ്നമാണെന്നും  10 ദിവസത്തിനകം തീര്‍പ്പുണ്ടാക്കാമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ ഉറപ്പുനല്‍കി.
അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് പിറവം തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണം നടത്തിയിട്ടും  തീരുമാനം വൈകുന്നതിലായിരുന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരിന്‍െറ പരിഭവം. എത്രയുംവേഗം തീയതി കണ്ടെത്തി അനൂപിനെ മന്ത്രിയാക്കണമെന്നും വകുപ്പ് തങ്ങളുടെ പാര്‍ട്ടിക്ക് നേരത്തെ നിശ്ചയിച്ചുനല്‍കിയിട്ടുള്ളതിനാല്‍ അതിനെപ്പറ്റി താന്‍ പറയുന്നില്ലെന്നുമായിരുന്നു ജോണിയുടെ നിലപാട്. അക്കാര്യത്തിലൊന്നും തര്‍ക്കമില്ലല്ലോയെന്നും വേഗം തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, അനൂപിന്‍െറ സത്യപ്രതിജ്ഞ വൈകുമെന്നാണ് അറിയുന്നത്. അഞ്ചാംമന്ത്രി എന്ന ലീഗിന്‍െറ ആവശ്യത്തില്‍ തീരുമാനമെടുക്കുന്നതിനൊപ്പം മാത്രമേ  അനൂപിന്‍െറ സത്യപ്രതിജ്ഞയും നടക്കൂവെന്നാണ് സൂചന.  
അനൂപും ലീഗിന്‍െറ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുന്നത് ഒരുമിച്ചായിരിക്കുമോയെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ അപ്രകാരം ആകണമെന്നില്ല എന്നായിരുന്നു പി.പി. തങ്കച്ചന്‍െറ മറുപടി. അനൂപിനെ മന്ത്രിയാക്കുമെന്ന വാഗ്ദാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക