Image

അഞ്ചാം മന്ത്രി: തീരുമാനം ഹൈക്കമാന്‍ഡിന്

Published on 28 March, 2012
അഞ്ചാം മന്ത്രി: തീരുമാനം ഹൈക്കമാന്‍ഡിന്
തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ലീഗിന് അഞ്ചാം മന്ത്രി പദം നല്‍കുന്നതു സംബന്ധിച്ചു ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ സാവകാശം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ തീയതിയും മന്ത്രി ഗണേഷ് കുമാറിന്റെ ഭാവിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തീരുമാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ അറിയിച്ചു.ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.

നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പു കമ്മിറ്റി വിളിച്ചുകൂട്ടി ഹൈക്കമാന്‍ഡിന്റെ അനുവാദത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പട്ടുവം ഷുക്കൂര്‍ വധക്കേസില്‍ വിട്ടുവീഴ്ചയില്ലാതെ നടപടികളുമായി മുന്നോട്ടുപോകുമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചതായി തങ്കച്ചന്‍ പറഞ്ഞു.ഷുക്കൂര്‍ വധത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നടപ്പിലാക്കിയത് താലിബാന്‍ മോഡല്‍ വിധിയാണെന്ന് അദ്ദേഹം ആരോപിച്ചു.നെല്ലിയാമ്പതി ചെറുനെല്ലി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ടു വനംവകുപ്പ് കൈക്കൊണ്ട നടപടികളില്‍ യുഡിഎഫ് വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം, രാജ്യസഭ സീറ്റ് പ്രശ്‌നം യോഗം ചര്‍ച്ച ചെയ്തില്ല.

ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചതായും പിള്ള യോഗത്തില്‍ അറിയിച്ചു. അഞ്ചാം മന്ത്രിക്കായി ഇനിയും കാത്തിരിക്കാനാവില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക