Image

ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രിയ കൂട്ടുകാരന്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 05 July, 2018
 ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രിയ കൂട്ടുകാരന്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: ഇതൊരു അനുഭവ കഥയാണ്. ആരെയും പുകഴ്ത്തിപ്പറയാനോ മറ്റോ കെട്ടിച്ചമച്ച കഥയല്ല! ഈ ലേഖകന്റെ ജീവിതത്തിലെ മറക്കാനാവാത്ത ചില ഏടുകളെക്കുറിച്ചു എഴുതാനിരുന്ന പരമ്പരയില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏതാനും സംഭവങ്ങള്‍ മാത്രമാണിത്.
ഫ്രാന്‍സിസ് തടത്തില്‍ എന്ന ഈ ലേഖകനെ നിങ്ങളില്‍ പലര്‍ക്കും എഴുത്തിലൂടെ മാത്രമേ അറിയാവൂ. നേരിട്ടറിയുന്ന വായനക്കാര്‍ വളരെ കുറവാണ്. ഞാനൊരു പത്രപ്രവര്‍ത്തകനാണെന്നും പെട്ടെന്നൊന്നൊരു ദിവസം മാധ്യമങ്ങളില്‍ ഇടം പിടിച്ചതെങ്ങനെയാണെന്നും പലരും കരുതിയിരിക്കാം. 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയില്‍ കുടിയേറിയ ഇയാള്‍ ഇത്ര കാലം എവിടെയായിരുന്നുവെന്ന് പലരും ചോദിച്ചിരിക്കാം . ആ കഥയാണ് ഇവിടെ വിവരിക്കുന്നത്.

2013 നവമ്പര്‍ മാസം ഏതാണ്ട് ഇതേ ദിവസമാണ് ഞാന്‍ ജീവിതത്തിലാദ്യമായി ഏറ്റവും നിസഹായകതയുടെ പടുകുഴിയില്‍ പെട്ട് ഉഴലുന്നത്. ന്യൂജേഴ്‌സിയിലെ ലിവിങ്സ്റ്റണിലുള്ള സെയിന്റ് ബര്‍ണബാസ് ആശുപത്രിയിലെ എമര്ജന്‍സി റൂമില്‍ പ്രവേശിക്കപ്പെട്ട ഞാന്‍ മയക്കത്തിലായിരുന്നു. കണ്ണ് തുറക്കുമ്പോള്‍ എനിക്കുചുറ്റുമുള്ളവരുടെ കണ്ണുകളില്‍ നിന്നുറ്റ് വീഴുന്ന കണ്ണീര്‍ തുള്ളികള്‍ കണ്ട മാത്രേ പന്തികേട് തോന്നി. കാരണം ആരാഞ്ഞപ്പോള്‍ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയി എനിക്ക് രക്താര്‍ബുദം! കണ്ണില്‍ ഇരുട്ടു കയറി. ഒരു നിമിഷ മാത്രകൊണ്ടു എന്റെ മനസ് നിയന്ത്രണാതീതമായി. എനിയ്ക്കു ജീവിക്കണം.എന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി. ഏതു പ്രതിസന്ധിയിലും എന്നോടൊപ്പം ഉണ്ടായിരുന്ന പ്രിയ സുഹൃത്ത് ഏതാനും മിനിറ്റുനുകള്‍ക്കു മുന്‍പ് മാത്രം ഇന്ത്യയിലേക്ക് വിമാനം കയറി. അത് മറ്റാരുമായിരുന്നില്ല എന്റെ പ്രിയ സുഹൃത്ത് സജിമോന്‍ ആന്റണി. നാട്ടില്‍ എത്തുന്നത് വരെ സജിമോനെ മറ്റു സുഹൃത്തുക്കള്‍ വിവരം അറിയിച്ചില്ല കാരണം വിവരം അറിഞ്ഞാല്‍ അദ്ദേഹം യാത്ര മുടക്കി തിരിച്ചു വരും,സജിമോന്റെ മാസങ്ങള്‍ മാത്രം പ്രായമുള്ള മകന്‍ ഈത്തെന്റെ മാമോദീസ നാട്ടില്‍ നടത്താന്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ക് നടത്തിയതാണ്. അത് മുടങ്ങരുത്.

മാമോദീസ കഴിഞ്ഞു വിവരങ്ങള്‍ അറിഞ്ഞ എന്റെ പ്രിയ സുഹൃത്ത് ഉടന്‍ മടങ്ങി എത്തി. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ ദിവസനങ്ങളിലെല്ലാം അവന്‍ നാട്ടില്‍ കഴിഞ്ഞത്. എനിക്ക് രോഗം വന്നതിലല്ല ഒപ്പം കൈത്താങ്ങായി നില്ക്കാന്‍ കഴിയാഞ്ഞതിലുള്ള ദുഃഖമായിരുന്നു.

സജിമോന്‍ മടങ്ങിയെത്തും മുന്‍പ് തന്നെ എന്റെ കീമോ തെറാപ്പി ട്രീറ്റ് മെന്റ്ആരംഭിച്ചിരുന്നു. മരുന്നിന്റ്‌റെ ശക്തമായ പാര്‍ശ്യഫലം മൂലം മുടി കൊഴിഞ്ഞു തിരിച്ചറിയാന്‍ പറ്റാത്ത വിധമായിരുന്നു എന്റെ അവസ്ഥ. ഒരിക്കല്‍ പോലും മനസ് പതറാതെ നില്‍ക്കാറുള്ള എന്റെ പ്രിയ സുഹൃത്ത് ഒരു നിമിഷം എന്നെ കണ്ട് വാവിട്ടു കരഞ്ഞു. പക്ഷെ എന്റെ പോസിറ്റീവ് നിലപാട് അവനെ അത്ഭുതപരതന്ത്രനാക്കി. കാരണം ചെറിയ കാര്യങ്ങളില്‍ പോലും പതറി പോകാറുള്ള ഞാനാണോ ഇത്ര നിസാരമായി ക്യാന്‍സറിനെ കാണുന്നതെന്നത് അവനു ജിഞ്ജാസ തന്നെയായിരുന്നു. പിന്നീട് അങ്ങോട്ട് ഇന്ന് വരെ എന്റ എല്ലാ കാര്യങ്ങളിലും ഒരു കണ്ണ് ഈ പ്രിയ സുഹൃത്തിനുണ്ടായിരുന്നു. 

6 കീമോതെറാപ്പി ട്രീറ്റ്‌മെന്റുകള്‍ ആറുമാസം കടന്നു പോയത് രണ്ടു സെപ്റ്റിസീമിയ (രക്തത്തില്‍ അണുബാധ) ഐ സി യൂ, ശാസ്ത്രക്രീയകള്‍ തുടങ്ങിയ പല പരീക്ഷണ ഘട്ടത്തിനും ഒടുവില്‍ കീമോതെറാപ്പി നിറുത്തി വയ്ക്കേണ്ടി വന്നു. ശരീരം തളര്‍ന്നു ആറു മാസത്തിനിടെ ആശുപത്രിയില്‍ കഴിഞ്ഞത് നൂറിലേറെ ദിവസങ്ങള്‍.ഐ സി. യൂ വരാന്തയില്‍ കണ്ണീര്‍ വാര്‍ത്തു നിന്ന എന്റെ ഭാര്യക്കൊപ്പം അവളെ ആശസ്വിപ്പിക്കാന്‍ എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം എന്നുമുണ്ടായിരുന്ന ഒരു വ്യക്തിയാണ് സജിമോന്‍. 

സെയിന്റ് ബര്ണബാസിലേ ട്രീറ്റ്മെന്റ് ഫലപ്രദമല്ലാതെ വന്നപ്പോള്‍ സ്റ്റെമ്മ് സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തുവാന്‍ തീരുമാനിച്ചപ്പോഴും ഹാക്കിന്‍സാക്ക് മെഡിക്കല്‍ സെന്റെറില്‍ ഡോക്ടര്‍മാരെ കാണുവാനും തുടര്‍ നടപടികള്‍ ചെയ്യുവാനും എന്നും ഒപ്പമുണ്ടായിരുന്നത് ഈ ആത്മ സുഹൃത്ത് ആയിരുന്നു. ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നെങ്കിലും പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് കോംപ്ലിക്ഷന്‍ നരകതുല്യമായിരുന്നു. വീണ്ടും കടന്നുപോയത് മരണത്തിനും ജീവിതത്തിനും ഇടയ്ക്കു അഞ്ചുതവണ കൂടിയുള്ള യാത്ര, ഐ സി യൂ മുതല്‍ വെന്റിലേറ്റര്‍ വരെ . ഓരോ തവണയും രക്തത്തില്‍ അണുബാധ ഉണ്ടാകുമ്പോള്‍ കാലുകള്‍ കീറിമുറിച്ചു വേണം കെട്ടികിടക്കുന്ന മലിനമായ വെള്ളം നീക്കം ചെയ്യേണ്ടി വന്നത്. ഗ്രാഫ്ട് വേര്‍സ്സ് ഹോസ്റ്റ് ഡിസീസ് അഥവാ ജി വി എച്ച് ഡി എന്ന രോഗത്തിന് തുടര്‍ച്ചയായി സ്റ്റിറോയിഡ് കഴിക്കേണ്ടി വന്നത് മൂലം രണ്ടു ഷോള്‍ഡറുകള്‍ പൂര്‍ണമായും മാറ്റിവച്ചു. ഈ സമയമത്രയും സമചിത്തവെടിയാതെ മുന്നോട്ടു നീങ്ങിയത് എന്നിലെ ദൈവവിശ്വാസവും സജിമോന്‍ ആന്റണിയെ പോലുള്ള അടുത്ത സുഹൃത്തുക്കളുടെ സാമീപ്യവും സഹായവുമായിരുന്നു. ഓരോ ആശുപത്രിവാസവുംതുടര്‍ന്നുള്ള റീഹാബിലിറ്റേഷന്‍ താമസവും 65 മുതല്‍ 75 ദിവസങ്ങള്‍ വരെ നീണ്ടു നിന്നു. വീട്ടില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഇത്രയേറെക്കാലം മാറിനില്ക്കുക എന്നെ സംബന്ധിച്ചു ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ ദിവസങ്ങളില്‍ എല്ലാ ദിവസവും ഒരു തവണയെങ്കിലും എന്നെ കാണാതെ അവന്‍ വീട്ടില്‍ പോകുമായിരുന്നില്ല. തിരക്കുള്ള ചില ദിവസങ്ങളില്‍ രാത്രി വൈകിയാണെങ്കിലും എന്റെ റൂമില്‍ എത്തുന്ന സജിമോന്‍ ഞാന്‍ ഉറങ്ങുകയാണെങ്കില്‍ ശല്യം ചെയ്യാതെ എന്റെ അരികില്‍ നിശ്ശബ്ദനായി ഏറെ നേരം ഇരിക്കും ചിലപ്പോള്‍ ഒരുമണി നേരത്തു ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അടുത്തിരിക്കുന്ന പ്രിയ കൂട്ടുകാരനെ കാണുമ്പോള്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. എന്നെ ഒരക്ഷരം മിണ്ടാന്‍ അനുവദിക്കാതെ അപ്പോള്‍ മുറി വിട്ടു പോകും.

ആശുപത്രിയില്‍ നിന്നിറങ്ങിയാലും ഒന്നരാടന്‍ ദിവസങ്ങളിലും ഡോക്ടര്‍മാരെ കാണാന്‍ പോകണം. ഏറെ തിരക്കുള്ള വ്യക്തിയാണെങ്കില്‍ കൂടി മീറ്റിംഗുകള്‍ പോലും മാറ്റിവെച്ചും അപ്പോയ്ന്റ്‌മെന്റ്റ്കള്‍ എന്റെ കാര്യങ്ങള്‍ക്കു ശേഷം മാത്രം അവ ക്രമീകരിച്ചുകൊണ്ടുപോകുമ്പോള്‍ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട് 10 സഹോദരങ്ങള്‍ സ്വന്തമായിട്ടുള്ള എനിക്ക് ഇവന്‍ പതിനൊന്നാമനാണെന്ന്. പ്രായത്തില്‍ എന്നേക്കാള്‍ ഇളയതെങ്കിലും കര്‍മ്മയോഗത്തില്‍ എനിക്ക് എത്രയോ മുകളില്‍ ആണ് എന്റെ പ്രിയ സുഹൃത്ത്. സ്വന്തമായി ഒരു വീട് ഏവരുടെയും സ്വപ്നമാണ്. ആ സ്വപ്നം ഒരിക്കലും നടക്കില്ലെന്നു കരുതിയിരിക്കുമ്പോഴാണ് ഞാനും എന്റെ കുടുംബവും പ്രതീക്ഷിക്കാത്ത നേരത്തു ഞങ്ങള്‍ക്ക് ഒരു സ്വപ്ന വീട് സ്വന്തമാക്കാന്‍ സജിമോന്‍ നിമിത്തമായത്. ആശുപത്രി യാത്രയ്ക്കിടെ എത്രയോ വട്ടം കാറില്‍ നിന്നും മറ്റും ഇറങ്ങിയപ്പോള്‍ തല ചുറ്റി തളര്‍ന്നു നിലത്തു വീഴാന്‍ പോയപ്പോള്‍ ഒരു കൈത്താങ്ങുമായി എവിടെ നിന്നെങ്കിലും പാഞ്ഞെത്തുമായിരുന്നു ഈ സഹോദരന്‍. കഴിഞ്ഞ വര്ഷം ജനുവരി മുതലാണ് ഞാന്‍ ആശുപത്രിവാസം പൂര്‍ണമായും അവസാനിപ്പിച്ചത്. ഇടയ്ക്കു സൗഖ്യമാകുമ്പോള്‍ പൊതുവേദികളില്‍ വച്ച് ഇമലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് എഴുതുവാന്‍ പറഞ്ഞു നിര്‍ബന്ധിക്കുമായിരുന്നു അങ്ങനെ അദ്ദഹത്തിന്റെ നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങിയത്. ജനവരി 21 നു തുടങ്ങിയ ആ സപര്യ ഇപ്പോഴും തുടരുന്നു.

ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു ഒരു പങ്കുകാരനാണ് എന്റെ ഈ പ്രിയ സുഹൃത്ത്. എനിക്ക് സ്‌നേഹിക്കാനും കലഹിക്കാനും ഒരുപോലെ സ്വാതന്ത്ര്യമുള്ള മറ്റൊരു സുഹൃത്ത് ഇല്ല. രോഗത്തിന്റെ ഭാഗമായി ഉണ്ടാകാറുള്ള അമിതമായ ദേക്ഷ്യം, നിരാശ, ഡിപ്രെഷന്‍, മൂഡ് സ്വിങ്ങ് ...ഇതിന്റെയെല്ലാം കഷ്ടത അനുഭവിക്കേണ്ടിവന്നിട്ടുള്ളതും സജിമോന്‍ തന്നെ.
ഞാന്‍ ഈ പറഞ്ഞത് എന്റെ മാത്രം കഥയാണ്. ഇതുപോലെ എത്രയോ പേരുടെ ജീവതത്തില്‍ സഹായകനായി ഇടപെട്ടു കൊണ്ടിരിക്കുന്ന എന്റെ ഈ പ്രിയ സുഹൃത്ത് ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ഞാന്‍ ഫൊക്കാനയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ പിറകെ ഒരിക്കലും പോയിട്ടില്ലാത്ത വ്യക്തിയാണ് സജിമോന്‍. ഒരുപാടു വ്യക്തികളുടെ സ്വകര്യ വേദനകളില്‍ പങ്കുചേര്‍ന്ന അനുഭവമുള്ള വ്യക്തി. ഒരു പിടി നന്മകള്‍ മാത്രം കൈമുതലായുള്ളവന്‍. അങ്ങനെയുള്ള ഒരാള്‍ തെരെഞ്ഞെടുപ്പിനു നില്‍ക്കുമ്പോള്‍ കൂടെ നിന്ന് സഹായിക്കുവാനല്ലാതെ എനിക്കു മറ്റൊന്നിനും കഴിഞ്ഞില്ല. ഇന്നുവരെ സജിമോനുവേണ്ടി എന്തെങ്കിലും എഴുതുവാന്‍ എന്നോട് പറഞ്ഞിട്ടില്ല. ഈ കുറിപ്പെഴുതുന്നത് അവനറെ അറിവോടെയല്ല. എന്റെ മാത്രം അവകാശമായി കരുതി എഴുതുന്ന ഒന്നാണിത്. 

മാധവന്‍ ബി. നായര്‍ നയിക്കുന്ന പാനലിലെ തെരെഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍ ആയ സജിമോന്‍ പലര്‍ക്കും വേണ്ടി എന്നെക്കൊണ്ട് എഴുതിച്ചു. ഏറ്റവും ഒടുവില്‍ മാത്രമാണ് അവനെക്കുറിച്ചു മാത്രം ഒന്നും എഴുതിയില്ല എന്ന് ഓര്‍ക്കുന്നത്. നാളയെയാണ് ഇലെക്ഷന്‍. ഇനിയെന്ത് എഴുതാന്‍ എന്ന നിസംഗതയായിരുന്നു അവന്റെ മറുപടി.അതിനു മറുപടി ഒന്നും പറയാതെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ കുത്തിക്കുറിച്ചു. ഇതൊരു തെരഞ്ഞെടുപ്പിനുള്ള വോട്ട് പിടുത്തമല്ല . മറിച്ചു ഫൊക്കാനയില്‍ ഇതുപോലുള്ള മനുക്ഷ്യസ്‌നേഹികള്‍ വരേണ്ടതിന്റെ ആവശ്യകത മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. മറുവശത്തെ സ്ഥാനാര്‍ഥി ആരും ആയിക്കോട്ടെ സജിമോന് പകരം വയ്ക്കാന്‍ സജിമോന്‍ മാത്രം. 

പ്രിയപ്പെട്ട ഡെലിഗേറ്റുമാരെ നിങ്ങള്‍ തീരുമാനിക്കുക. ഈ ചെറുപ്പക്കാരനായ ഈ മനുഷ്യസ്‌നേഹി ഫൊക്കാനയുടെ നേതൃത്വത്തില്‍ എത്താന്‍ അദ്ദേഹത്തെ ട്രഷറര്‍ ആയി ജയിപ്പിക്കുവാനുമുള്ള ബാധ്യത എനിക്കുള്ളത് ശരിയെങ്കില്‍ നിങ്ങളും അദ്ദേഹത്തിന് വോട്ടു ചെയ്യുക.
 ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രിയ കൂട്ടുകാരന്‍ (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Joseph Padannamakkel 2018-07-05 17:37:42
ഫ്രാൻസീസ് തടത്തിലിന്റെ ഈ ലേഖനം കണ്ണുകൾ നിറഞ്ഞാണ് വായിക്കുവാൻ സാധിച്ചത്. രോഗത്തിലും ജീവിതവുമായി പട പൊരുതുന്ന സമയത്തിലും ഒപ്പം രാവും പകലും നോക്കാതെ താങ്കളോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ അഭിനന്ദിക്കുന്നു. ആത്മാർത്ഥമായ താങ്കളുടെ സുഹൃത്തിലും അഭിമാനം കൊള്ളുന്നു. ഒരു സംഘടനയിലും ഞാൻ പ്രവർത്തിക്കുന്നില്ലെങ്കിലും ഒന്നുരണ്ടു നല്ല മനസുകളെ എനിക്ക് ഇമലയാളിയിലെ വായനയിൽക്കൂടി മനസിലാക്കാൻ സാധിച്ചു. രേഖാ നായരും ഇപ്പോൾ താങ്കളുടെ സുഹൃത്തും. ഇങ്ങനെയുള്ള പുണ്യ കർമ്മങ്ങൾ ചെയ്യുവാൻ വിശാല ഹൃദയമുള്ളവർക്കേ കഴിയുള്ളൂ. താങ്കളുടെ തൂലികയ്ക്ക് ശക്തി നൽകട്ടെ. താങ്കളുടെ ലേഖനങ്ങൾ എല്ലാം തന്നെ മനസിനെ ചിന്തിപ്പിക്കുന്നതാണ്. ഉറച്ച മനസുള്ളവരെ ഒരു രോഗത്തിനും കീഴ്പ്പെടുത്താൻ സാധിക്കില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക