Image

പ്രശ്‌നങ്ങളുടെ നടുവില്‍ യു.ഡി.എഫ്‌ നേതൃയോഗം ഇന്ന്‌

Published on 27 March, 2012
പ്രശ്‌നങ്ങളുടെ നടുവില്‍ യു.ഡി.എഫ്‌ നേതൃയോഗം ഇന്ന്‌
തിരുവനന്തപുരം: ബാലകൃഷ്‌ണപിള്ളയും മകനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌ കുമാറും തമ്മിലുള്ള പ്രശ്‌നവും, മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ന്‌ യു.ഡി.എഫ്‌ നേതൃയോഗം തിരുവനന്തപുരത്ത്‌ ചേരും. ലീഗിന്‌ അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്ന പ്രചാരം ശക്‌തമാണ്‌. അങ്ങനെ വന്നാല്‍ ലീഗ്‌ എന്തു നിലപാടെടുക്കുമെന്ന ഉത്‌കണ്‌ഠ ഭരണമുന്നണിയെ ഉലയ്‌ക്കുന്നു. തീരുമാനം നീണ്ടാല്‍ അതു കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌) നോമിനി അനൂപ്‌ ജേക്കബിന്റെ മന്ത്രിസഭാ പ്രവേശത്തെയും ബാധിക്കും.

ആര്‍. ബാലകൃഷ്‌ണ പിള്ളയും മന്ത്രി കെ.ബി. ഗണേഷ്‌ കുമാറും തമ്മിലുള്ള ഭിന്നത എല്ലാ സീമകളും ലംഘിച്ചിരിക്കുന്നതാണ്‌ ഇതിനിടെ മറ്റൊരു തലവേദന. അച്‌ഛനെയും മകനെയും ഒരുമിച്ചിരുത്തിക്കൊണ്ടുള്ള ചര്‍ച്ചയാണു യുഡിഎഫ്‌ നേതൃത്വം ഇപ്പോള്‍ കാണുന്ന പോംവഴി. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്നാണു പിള്ളയുടെ മറുപടി.

മഞ്ഞളാംകുഴി അലിയുടെ മന്ത്രിസ്‌ഥാനത്തിന്റെ കാര്യത്തില്‍ ഇനിയും ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടാണു ലീഗ്‌ അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്‌. അഞ്ചാം മന്ത്രിയില്ലെങ്കില്‍ ഉള്ള നാലു മന്ത്രിമാരും വേണ്ടെന്നും പിന്തുണ പുറത്തുനിന്നു മതിയെന്നുമാണ്‌ അദ്ദേഹം നേതാക്കള്‍ക്കു നല്‍കിയ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക