Image

ജര്‍മനിയിലെ എയര്‍ലൈന്‍ ടാക്‌സിനെതിരേ യുഎസ്‌ കമ്പനികള്‍ ; യാത്രക്കാരും വിഷമത്തില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 27 March, 2012
ജര്‍മനിയിലെ എയര്‍ലൈന്‍ ടാക്‌സിനെതിരേ യുഎസ്‌ കമ്പനികള്‍ ; യാത്രക്കാരും വിഷമത്തില്‍
ബര്‍ലിന്‍: ജര്‍മന്‍ വിമാനത്താവളങ്ങളില്‍ നിന്നു പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാര്‍ 45 യൂറോ വീതം ടാക്‌സ്‌ അടയ്‌ക്കണമെന്ന നിബന്ധനക്കെതിരേ അമേരിക്കന്‍ എയര്‍ലൈന്‍ കമ്പനികള്‍ രംഗത്തെത്തുന്നു.

ഡെല്‍റ്റ, യുണൈറ്റഡ്‌, കോണ്‌ടിനെന്റല്‍ തുടങ്ങിയ വന്‍ കമ്പനികള്‍ ഉള്‍പ്പെടുന്ന എയര്‍ലൈന്‍ ട്രേഡ്‌ ഓര്‍ഗനൈസേഷനായ, എയര്‍ലൈന്‍സ്‌ ഫോര്‍ അമേരിക്ക (എ4എ) നിയമപരമായി തന്നെ മുന്നോട്ടു നീങ്ങാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ ആദ്യ പടിയായി പരാതിയും നല്‍കിക്കഴിഞ്ഞു.

ദീര്‍ഘവീക്ഷണമില്ലാത്ത ധനസമ്പാദനം മാത്രമാണ്‌ ഇങ്ങനെയൊരു ടാക്‌സ്‌ ഏര്‍പ്പെടുത്തതുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ എ4എ ആരോപിക്കുന്നു. ഭാവിയില്‍ ജര്‍മനിയില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ കുറയാനും എയര്‍ലൈന്‍ കമ്പനികള്‍ നഷ്‌ടത്തിലാകാനും ഇതു കാരണമാകും. ഇപ്പോള്‍ തന്നെ ജര്‍മനിക്കു പകരം അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നു യാത്ര തുടങ്ങാന്‍ പലരും തയാറാകുന്നുണ്‌ടെന്നും പരാതിയില്‍ ചൂണ്‌ടിക്കാട്ടുന്നു.

യുഎസില്‍നിന്നു ജര്‍മനിയിലേക്കു വരുമ്പോള്‍ തന്നെ യാത്രക്കാര്‍ ആവശ്യത്തിനു ടാക്‌സ്‌ നല്‍കുന്നുണ്‌ട്‌. ഇതിനു പുറമേ ജര്‍മനിയില്‍ ഒരു അധിക നികുതി കൂടി ഏര്‍പ്പെടുത്തുന്നത്‌ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്‌ടാക്കും. യുഎസ്‌ കമ്പനിള്‍ക്ക്‌ ഇതു വന്‍ തിരിച്ചടിയാകുമെന്നാണ്‌ വിലയിരുത്തല്‍.

യുഎസ്‌ കമ്പനികളെ കൂടാതെ മറ്റു എയര്‍ലൈന്‍സുകളും ടാക്‌സിന്റെ കാര്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്‌ട്‌. പുതിയ ടാക്‌സ്‌ മുഖേന ടിക്കറ്റൊന്നിന്‌ 30 യൂറോയാണ്‌ അധിക ചാര്‍ജായി യാത്രക്കാര്‍ നല്‍കേണ്‌ടത്‌. എമിറേറ്റ്‌, എത്തിഹാദ്‌, ഒമാന്‍ എയര്‍ലൈന്‍സ്‌, ലുഫ്‌ത്താന്‍സാ, ഖത്തര്‍ എയര്‍വേയ്‌സ്‌ തുടങ്ങിയ മലയാളികളുടെ ഇഷ്‌ടസര്‍വീസുകളിലും ടാക്‌സിന്റെ ബലത്തില്‍ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയത്‌ മലയാളികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്‌ട്‌. ഈസ്റ്റര്‍ അവധി പ്രമാണിച്ച്‌ യാത്രകള്‍ക്കു തയ്യാറെടുത്ത കുടുംബങ്ങളുടെ സാമ്പത്തിക ബജറ്റ്‌ ടിക്കറ്റ്‌ നിരക്കിലും ടാക്‌സിലുംപെട്ട്‌ താളംതെറ്റുമെന്നു തീര്‍ച്ച.
ജര്‍മനിയിലെ എയര്‍ലൈന്‍ ടാക്‌സിനെതിരേ യുഎസ്‌ കമ്പനികള്‍ ; യാത്രക്കാരും വിഷമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക