Image

പെരുന്തച്ചന്‍ നാടകം കാലിഫോര്‍ണിയയില്‍ അരങ്ങേറുന്നു

ജയിംസ് വര്‍ഗീസ് Published on 28 June, 2018
പെരുന്തച്ചന്‍ നാടകം കാലിഫോര്‍ണിയയില്‍ അരങ്ങേറുന്നു
സാന്‍ഫ്രാന്‍സിസ്‌കോ: മലയാളി നെഞ്ചിലേറ്റിയ പറയി പെറ്റ പന്തിരുകുലത്തിലെ തച്ചന്റെ കഥ പറയുന്ന നാടകം 'പെരുന്തച്ചന്‍' കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ അരങ്ങേറുന്നു. ബേ ഏരിയയിലെ കലാകാരന്മാരുടേയും സഹൃദയരുടേയും കൂട്ടായ്മയായ സര്‍ഗ്ഗവേദിയാണ് ഈ നാടകം അരങ്ങിലെത്തിക്കുന്നത്. 2018 സെപ്റ്റംബര്‍ 16 നു ബേ ഏരിയയിലെ ഹേവാര്‍ഡ് ഷാബോട് കോളേജ് പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് സെന്ററിലാണു പ്രദര്‍ശനം. ഇതിന്റെ ടിക്കറ്റ് വില്‍പനയുടേയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം ജൂണ്‍ 23 ന് ബേ ഏരിയയിലെ സാഹിത്യകാരന്മാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും നിറ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു.

പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍ ഐതീഹ്യങ്ങളിലൂടേയും കാവ്യ, നാടക, സിനിമകളിലൂടേയും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ്. പെരുന്തച്ചന്റെ കഥ, അതിന്റെ എല്ലാ പൊലിമകളിലൂടെയും രംഗസംവിധാനത്തിന്റെ പകിട്ടുകളിലൂടെയും അരങ്ങത്തെത്തിക്കുവാനാണു സര്‍ഗ്ഗവേദിയിലെ കലാകാരന്മാരുടെ ശ്രമം.

നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ സര്‍ഗ്ഗവേദി ചുരുങ്ങിയ കാലം കൊണ്ടു തന്നെ ബേ ഏരിയയുടെ കലാ സാംസ്‌കാരിക രംഗത്ത് തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബേ ഏരിയ മലയാളികളുടെ കലാസാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം പ്രശസ്തരായ സാഹിത്യകാരന്മാരെ ആദരിക്കുന്നതിലും അവരുടെ സാന്നിധ്യം അനുഭവവേദ്യമാക്കുന്നതിലും സര്‍ഗ്ഗവേദി ശ്രദ്ധ ചെലുത്തുന്നു. സര്‍ഗ്ഗവേദിയുടെ ആദ്യ നാടകം കാട്ടുകുതിര അമേരിക്കന്‍ മലയാളികള്‍ക്ക് അവതരണത്തിലെ മികവും കേരളത്തനിമയാര്‍ന്ന രംഗസഞ്ജീകരണവും കൊണ്ട് വിസ്മയമായിരുന്നു.

കാലിഫോര്‍ണിയായിലും ഫ്‌ലോറിഡയിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച കാട്ടുകുതിര നാടകത്തിന്റെ ഒരു നല്ല ലാഭ വിഹിതം ഏവൂര്‍ വാസുദേവന്‍ നായര്‍ എന്ന പഴയകാല കലാകാരന്റെ കുടുംബത്തിന് എത്തിച്ചു കൊടുത്ത് സര്‍ഗ്ഗവേദി വ്യത്യസ്ത മാതൃകയായി.

sargavedi
ഫ്രീമോണ്ട് കോക്കനട്ട് ഹില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി, സാഹിത്യ പ്രവര്‍ത്തകരായ എം. എന്‍. നമ്പൂതിരി, ശ്രീദേവി കൃഷ്ണന്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഗീത ജോര്‍ജ്, സുനില്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി ടിക്കറ്റ് വില്പനയും വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

സര്‍ഗ്ഗവേദിക്കുവേണ്ടി രാജി മേനോന്‍ സ്വാഗതം പറയുകയും പ്രവര്‍ത്തനങ്ങള്‍ വിശീകരിക്കുകയും ചെയ്തു. നാടക ഡയറക്ടര്‍ ജോണ്‍ കൊടിയന്‍ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും പരിയപ്പെടുത്തി. ടോം ആന്റണി പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. വിനോദ് മേനോന്‍ നന്ദി പറഞ്ഞു.

ആദ്യ ടിക്കറ്റ് ആര്‍ട്ട് ഡയറക്ടര്‍ ശ്രീജിത്ത് ശ്രീധരന്‍ എം. എന്‍. നമ്പൂതിരിക്ക് നല്‍കി. ചടങ്ങില്‍ മ്യൂസിക് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിഡന്റ് രവി ശങ്കര്‍, കവിയും സര്‍ഗ്ഗവേദിയിലെ നിറ സാന്നിധ്യവുമായ വിനോദ് നാരായണന്‍, മങ്ക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് റാണി സുനില്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് എന്നിവരും പെരുന്തച്ചന്‍ നാടകത്തിലെ അഭിനേതാക്കളും നാടകത്തിന്റെ മ്യൂസിക് ഡയറക്ടര്‍ മെല്‍വിന്‍ ജെറാള്‍ഡും സന്നിഹിതരായിരുന്നു.

പെരുന്തച്ചന്‍ നാടകത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ www.sargavedi.org യില്‍ നിന്ന് വാങ്ങാവുന്നതാണ്. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍ഗ്ഗവേദി ഭാരവാഹികളായ ജോണ്‍ കൊടിയന്‍ - 510 371 1018, വിനോദ് മേനോന്‍ - 408 439 7645, ടോം ആന്റണി - 408 718 7358 എന്നിവരെ സമീപിക്കാവുന്നതാണ്. പെരുന്തച്ചന്‍ നാടകത്തില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു ഭാഗം 500 ല്‍ പരം അരങ്ങുകളിലെത്തിയ പഴയകാല നാടക നടന്‍ ആന്റണി ഞാറക്കലിന് സഹായധനമായി നല്‍കാനാണു സര്‍ഗ്ഗവേദിയുടെ തീരുമാനം.

മലയാളി മനസ്സിലേറ്റിയ പെരുന്തച്ചന്റെ കഥ കേള്‍ക്കുവാനും ഈ നാടകം ഒരു വന്‍ വിജയമാക്കുവാനും ബേ ഏരിയ മലയാളികളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നുവെന്ന് സര്‍ഗ്ഗവേദി ഭാരവാഹികള്‍ പറഞ്ഞു.

പെരുന്തച്ചന്‍ നാടകം കാലിഫോര്‍ണിയയില്‍ അരങ്ങേറുന്നുപെരുന്തച്ചന്‍ നാടകം കാലിഫോര്‍ണിയയില്‍ അരങ്ങേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക