Image

മതവിശ്വാസങ്ങളില്‍ നിന്ന്‌ മോചിതരാകണം (സി. ആന്‍ഡ്രൂസ്സുമായി അഭിമുഖം)

Published on 26 March, 2012
മതവിശ്വാസങ്ങളില്‍ നിന്ന്‌ മോചിതരാകണം (സി. ആന്‍ഡ്രൂസ്സുമായി അഭിമുഖം)

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ സുപരിചിതനും, ഗ്രന്ഥകാരനും, ബൈബിളിനെകുറിച്ച്‌ ആധികാരികമായി സംസാരിക്കാന്‍ യോഗ്യനുമായ അമേരിക്കന്‍ മലയാളി ശ്രീ സി. ആന്‍ഡ്രൂസ്സുമായി ഇ-മലയാളിക്ക്‌ വേണ്ടി ഒരു അഭിമുഖം

March 20, 2012

തയ്യാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍

പുതിയ സഹസ്രാബ്‌ദത്തിന്റെ ഒരു ബൈബിള്‍ എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ താങ്കള്‍ എഴുതിയ രണ്ടു പുസ്‌തകങ്ങള്‍ വായിക്കാന്‍ സാധിച്ചു. അതിനെ ആസ്‌പദമാക്കി ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കുക.

1. ഒരാളുടെ മതവിശ്വാസം അയാളുടെ മാതാപിതാക്കളുടെ വിശ്വാസം തന്നെയാണ്‌. അപൂര്‍വ്വമായിട്ടാണ്‌ മക്കള്‍ മറ്റു വിശ്വാസങ്ങളില്‍ പോകുന്നത്‌. നിങ്ങളുടെ കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍നിന്ന്‌ ഇപ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടോ?

= കുട്ടിക്കാലത്തെ മതവിശ്വാസം അനുകരണം മാത്രമാണ്‌. മനുഷ്യര്‍ വലുതാകുമ്പോള്‍ അനുകരണത്തില്‍നിന്ന്‌ മോചിതരായി സ്വന്തം പാതകള്‍ തിരയണം. മുത്തശ്ശിക്കഥകള്‍ സത്യമെന്ന്‌ വിശ്വസിച്ചാല്‍ മനുഷ്യരുടെ വളര്‍ച്ച അവിടെ അവസാനിക്കും. വിശ്വാസം വെറും തോന്നലാണ്‌. വളഞ്ഞ കമ്പിയോ വള്ളിയോ കണ്ട്‌ അതു പാമ്പാണെന്നു തോന്നാം. തന്നെയുമല്ല തെറ്റായ വിശ്വാസങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യന്‌ ശരിയേതെന്നു തിരിച്ചറിയാന്‍ കഴിയാതെവരുന്നു. അതായ്‌ത്‌, അവനില്‍ ജന്മനാ കിട്ടിയിട്ടുള്ള തിരിച്ചറിവിനെ തോന്നല്‍ കയ്യടക്കിവയ്‌ക്കുന്നു. ഇതാണ്‌ എന്റെ ചിന്താഗതി. കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍നിന്ന്‌ വളരെ വിദൂരതയില്‍ ചുവടുകള്‍ താണ്ടുന്നതിന്റെ കാരണവുമതാണ്‌.

2. ബൈബിള്‍ ദൈവവചനങ്ങള്‍ അടങ്ങിയിട്ടുള്ള വിശുദ്ധ വേദപുസ്‌തകം ആണെന്ന്‌ ലോകമെമ്പാടും ജനങ്ങള്‍ കരുതുന്നു.. അതില്‍ ഇതുവരെ പെടുത്താതിരുന്ന മറിയയു ടെയും തോമയുടെയും സുവിശേഷങ്ങള്‍ക്ക്‌ ആധികാരികതയുണ്ടോ?

= ഇന്നു കാണുന്ന സത്യവേദപുസ്‌തകം അനേകം സാഹിത്യകൃതികളുടെ സമാഹരമാണ്‌. സത്യവേദ പുസ്‌തകത്തില്‍ എഴുതിയിരിക്കുന്നത്‌ ദൈവവചനമാണെങ്കില്‍ ഈ ദൈവം മറവിക്കാരനും, തിരിച്ചും മറിച്ചും മാറ്റി പറയുന്നവനും, കക്ഷി മാറുന്നവനും, സ്‌ത്രീവിദ്വേഷിയും ആണ്‌. ദൈവവചനം ഇടക്കിടെ പഴയതിന്റെ തെറ്റു തിരുത്തി പുതിയവ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ?

ദൈവങ്ങളെ സൃഷ്‌ടിച്ചവരുടെ മനോഭാവം ആയിരുന്നു തിരുവചനം. ദൈവം അരുളിച്ചെയ്‌തു എന്ന പേരില്‍ അനേകം രചനകള്‍ ഉണ്ടായിരുന്നു.മിക്കവാറും എല്ലാം തന്നെ വിശുദ്ധ കൃത്രിമമെന്ന്‌ ആദിമസഭാനേതാക്കന്മര്‍ മനസ്സിലാക്കുകയും അവര്‍ അതിനെ ചവറ്റുകൊട്ടയില്‍ എറിയുകയും ചെയ്‌തു.

രാഷ്‌ട്രീയ പ്രാധാന്യവും മേല്‍കോയ്‌മയുമുണ്ടായിരുന്ന പ്രദേശങ്ങളിലെ യേശുപ്രസ്‌ഥാനകാരുടെ സുവിശേഷങ്ങളെ നാലാം നൂറ്റാണ്ടില്‍ വേര്‍തിരിച്ചു. അവ യേശുവിന്റെ ശിഷ്യര്‍ എഴുതി എന്നു തോന്നിക്കുന്ന പേരുകള്‍ കൊടുക്ക്‌ എഴുതപ്പെട്ടവയാണ്‌. തന്മൂലം ഇന്ന്‌ ലോകമെമ്പാടും നിഷ്‌കളങ്കരായ ജനം സത്യമറിയാതെ വിശ്വസിച്ചുവരുന്ന വേദപുസ്‌തകം ഊഹാപോഹങ്ങളും കെട്ടുകഥകളും നിറഞ്ഞതാണ്‌.

ഓരോ വ്യക്‌തിയുടെ ഉള്ളിലും നന്മ ജനിക്ല്‌ അത്‌ വളര്‍ന്ന്‌ വലുതായി മറ്റുള്ളവരിലേക്ക്‌ പടര്‍ന്ന്‌ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം ഉണ്ടാകുവാനുള്ള വഴികളെ കാണിച്ചുതന്ന ഗുരു എന്നതാണ്‌ യഥാര്‍ഥ യേശുവുമായി കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്‌. മറിയയുടെയും തോമയുടെയും പേരില്‍ കാണുന്ന സുവിശേഷങ്ങളും യോഹന്നാന്റെ സുവിശേഷവും ഘോഷിക്കുന്ന ഗുരു ആണ്‌. യേശു. അദ്ദേഹം ദൈവപുത്രനാണെന്നുള്ളതിന്‌ അവരുടെ സുവിശേഷങ്ങളില്‍ തെളിവുകളില്ല.

3. നിങ്ങളിപ്പോള്‍ ബൈബിള്‍ വചനങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?

= വിഡ്‌ഢിവേഷം കെട്ടി ആടുവാന്‍ എനിക്ക്‌ താല്‍പര്യമില്ല. അതെനിക്ക്‌ യോജിച്ചതുമല്ല. അനേകം സാഹിത്യ രചനകളുടെ സമാഹാരമാണു സത്യവേദപുസ്‌തകം. ദൈവത്തിന്റെ സാദൃശ്യത്തില്‍ സ്രുഷ്‌ടിച്ച മനുഷ്യന്റെ അമ്മൂമ്മക്കഥ തിരുവചനം എന്നു പ്രചരിപ്പിച്ച്‌ വചനംകൊണ്ട്‌ ഉപജീവനം കഴിക്കുന്ന വചനത്തൊഴിലാളികള്‍ കോടികള്‍ വാരികൂട്ടുന്നു. പാവം പൊതുജനം ഈ ചൂഷണം മനസ്സിലാക്കാതെ `വചനം' തിരുവചനം എന്നു വിശ്വ്‌സിക്കുകയും ചെയ്യുന്നു. ജോലി ചെയ്യാതെ ഉപജീവനം കഴിക്കുക എന്നതായിരുന്നു പുരോഹിതരുടെ തന്ത്രം. അതിനായി അവര്‍ `എന്റെ ദേവാലയത്തിലേക്ക്‌ വഴിപാടും ദശാംശവും കൊണ്ടുവരുവിന്‍' എന്നു ദൈവം കല്‍പിക്കുന്നു എന്നു പ്രഖ്യാപിച്ചു. സത്യവേദപുസ്‌തകത്തെ തിരുവചനം എന്നു വിശ്വസിക്കുന്നതിനു പകരം അതു ഒരു സാഹിത്യകൃതിപോലെ വായിട്ട്‌ ആസ്വദിക്കുക. ഓരോ ബൈബിളും പല പ്രാവശ്യം തിരുത്തി എഴുതിപ്പെട്ടവയാണ്‌. ഒരു വിഭാഗത്തിന്റെ ബൈബിള്‍ മറ്റ്‌ വിഭാഗക്കാര്‍ അംഗീകരിക്കുന്നില്ല.

4. ഇന്നു ലോകത്തില്‍ ശാന്തി നശിക്കുന്നത്‌ ഈശ്വരനെ ചൊല്ലിയും, മതത്തെ ചൊല്ലിയുമുള്ള തര്‍ക്കത്തിലാണ്‌. തര്‍ക്കമുള്ള ഒരു വിഷയത്തില്‍ എത്രമാത്രം സത്യം ഉണ്ട്‌.

= മതം, ജാതി, വര്‍ണ്ണം അവയുടെ പ്രത്യേക ദൈവങ്ങള്‍ എന്നിവയില്‍ നിന്നും മോചനം ഉണ്ടാകുന്ന കാലത്തു മാത്രമേ ഭൂമിയില്‍ സമാധാനം ഉണ്ടാകുകയുള്ളു. വന്ദിക്കാത്തവരെ കൊന്നു നശിപ്പിക്കുകയെന്നതായിരുന്നു പഴയ നിയമത്തിലെ യാഹ്‌ എന്ന സൈന്യങ്ങളുടെ ദൈവത്തിന്റെ വിനോദം. അങ്ങനെ ഇരുകാലിമനുഷ്യദൈവങ്ങളുടെ കീര്‍ത്തനങ്ങള്‍ രചിച്ച സാഹിത്യകാരന്മാരും അവര്‍ മെനഞ്ഞെടുത്ത ഈശ്വരന്മാരും നടത്തിയ കൂട്ടക്കൊലയുടെ വര്‍ണ്ണനയാണു എല്ലാ വേദസാഹിത്യവും. സത്യത്തിനു മാറ്റമില്ല. അത്‌ തര്‍ക്ക വിഷയവുമല്ല. അപ്പോള്‍ മനുഷ്യര്‍ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ ചില സത്യങ്ങളെ കാലാകാലങ്ങളില്‍ അവര്‍ മാറ്റുന്നു; ഭൂമിയില്‍ ശാന്തി നഷ്‌ടപ്പെടുന്നു.

5. നിങ്ങളിപ്പോള്‍ ഏകദേശം അഞ്ചു പുസ്‌തകങ്ങള്‍ എഴുതിക്കഴിഞ്ഞു. ഈ പുസ്‌തകങ്ങള്‍ എഴുതാന്‍ എങ്ങനെ നിര്‍ബന്ധിതനായി? ലോകം മുഴുവന്‍ വിശുദ്ധ ബൈബിളില്‍ വിശ്വസിക്കുമ്പോള്‍ അത്‌ പൂര്‍ണ്ണമായും ദൈവവചനങ്ങളാണെന്ന്‌ ജനം വിശ്വസിക്കുമ്പോള്‍ അതിലെ അബദ്ധങ്ങളെക്കുറിച്ച്‌ എഴുതുന്നത്‌ ഒരു അബദ്ധമാകുമോ?

= മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്‌ഥാപിക്കാന്‍ പുരോഹിത എഴുത്തുകാര്‍ എഴുതിയ കൃത്രിമ ചരിത്രമാണു പഴയനിയമം. പുതിയനിയമ എഴുത്തുകാരും അതേറ്റ്‌ പാടി. സ്വന്തം ഉപജീവനം, സുരക്ഷ, സുഖം ഇതു ഉറപ്പാക്കാന്‍ ദൈവതുല്യം പുരോഹിതനെ പൂജിക്കണം എന്നു പുരോഹിതന്‍തന്നെ എഴുതിക്കൂട്ടി. അജ്‌ഞതയുടെ അടിമത്തത്തില്‍നിന്ന്‌ മനുഷരെ മോചിപ്പിക്കാന്‍ അനേകം മനുഷ്യസ്‌നേഹികള്‍ പലേ കാലഘട്ടങ്ങളിലും ശ്രമിച്ചു. ഞാനും എന്റെ ശ്രമം തുടരുന്നു. ഇന്നു പ്രബുദ്ധരായ, ചിന്തിക്കാന്‍ ശേഷിയുള്ള മനുഷ്യരുണ്ട്‌. അവരെങ്കിലും സത്യം മനസ്സിലാക്കുമെന്നു എനിക്കുറപ്പുണ്ട്‌. കാര്യകാരണസഹിതം തെളിവുകളും വിവരങ്ങളും നല്‍കികൊണ്ടാണ്‌ അജ്‌ഞതയില്‍ നിന്നുണരാന്‍ ഞാന്‍ മനുഷ്യരാശിയോട്‌ അപേക്ഷിക്കുന്നത്‌.

6. തെറ്റായാലും ശരിയായാലും ഉറച്ചുപോയ ഒരു വിശ്വാസം ഇളക്കാന്‍ പ്രയാസമല്ലേ? പ്രത്യേകിച്ച്‌ ബൈബിളില്‍ വിശ്വസിച്ചാലും നിങ്ങള്‍ പറയുന്ന തത്ത്വങ്ങളില്‍ വിശ്വസിക്ലാലും ജീവിതത്തില്‍ അതുകൊണ്ട്‌ ഒരു മാറ്റവും വരുന്നില്ലെങ്കില്‍.

= മാറ്റം വരണമെങ്കില്‍ മനുഷ്യന്‍തന്നെ അത്‌ നേടിയെടുക്കണം. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ സുഖം അനുഭവിക്കുന്നത്‌ പ്രവര്‍ത്തിക്കുന്ന വ്യക്‌തി തന്നെയാണു്‌.ല്‌പഅവയുടെ അനന്തരഫലം മറ്റുള്ളവരിലേക്ക്‌ പ്രചരിക്കുന്നു. യേശുവിനെപോലെയുള്ള അനേകം ഗുരുക്കന്മര്‍ ഉല്‍ഘോഷിച്ച സുവിശേഷവും ഇതുതന്നെ.

നീചത്വം പ്രവര്‍ത്തിച്ചാല്‍ അതിനു മോചനം ഇല്ല. പാപം ചെയ്യാതെ ഇരിക്കുക എന്നത്‌ മാത്രമാണു മോചനം. പാപി അര്‍പ്പിക്കുന്ന വഴിപാടാണു മതത്തിന്റെ വരുമാനമാര്‍ഗ്ഗം. പാപികള്‍ ഇല്ലാതായല്‍ മതവും നിലനില്‍ക്കുകയില്ല. പാപമോചനം വെറും പ്രഹസനമാണ്‌. പാപത്തിനു മോചനം ഉണ്ട്‌ എന്നുള്ള വിശ്വാസമാണു്‌ വീണ്ടും പാപം ചെയ്യാന്‍ പ്രേരണ നല്‍കുന്നത്‌.

തെറ്റായ ഒരു വിശ്വസത്തില്‍ ഉറച്ചു പോകുന്നവര്‍ക്ക്‌ വെളിച്ചം പകരാന്‍ എന്റെ പുസ്‌തകങ്ങള്‍ക്ക്‌ കഴിയുമെന്നാണു എന്റെ വിശ്വാസം. നന്മ മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്‌തികളാല്‍ ഈ ഭൂമി നിറയുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം ഇവിടെ ഉണ്ടാകുന്നു. സ്വര്‍ഗ്ഗരാജ്യം ഒരു ഭാവിയല്ല, അത്‌ വര്‍ത്തമാനകാലത്തില്‍ മനുഷ്യര്‍ക്ക്‌ അനുഭവപ്പെടും. ഒരു മതത്തിനും സ്വര്‍ഗ്ഗം നിങ്ങള്‍ക്കുവേണ്ടി നേടിത്തരാന്‍ കഴിയില്ല. സ്വര്‍ഗ്ഗം ഓരോ വ്യക്‌തിയുടെ ഉള്ളിലും ജനിക്കേണ്ടതാണ്‌, ഈ കാര്യത്തില്‍ ജനങ്ങളെ ഉദ്‌ബുധരാക്കുക എന്നതാണ്‌ എന്റെ ദൗത്യം.

7. സത്യം എന്താണെന്ന്‌ മനുഷ്യരാശിയെ ബോധ്യപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുത്തവരൊക്കെ കടുത്ത പരീക്ഷകള്‍ക്കു വിധേയരായി. നിങ്ങള്‍ക്ക്‌ ആ ആത്മധൈര്യമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണു നിങ്ങള്‍ പ്രതികരിക്കാനും പ്രതിരോധിക്കാനും ഉദ്ദേശിക്കുന്നത്‌?

= ചൂഷകരില്‍നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ ഒരോ വ്യക്‌തിയും രക്ഷിക്കപ്പെടുകയുള്ളു, മനുഷ്യ സമൂഹം നിലനില്‍ക്കുകയുള്ളു. ലോകത്ത്‌ സമാധാനം ഉണ്ടാകുകയുള്ളു. സ്വതന്ത്രമായ ചിന്തയിലൂടേയും പഠനത്തിലൂടേയും കണ്ടെത്തിയ സത്യങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. സത്യത്തിന്റെ പാത അതറിയാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഞാന്‍ തുറക്കുകയാണ്‌. ആരേയും തേജോവധം ചെയ്യാനല്ല ഈ പുസ്‌തകങ്ങള്‍ ഞാന്‍ എഴുതിയിരിക്കുന്നത്‌. ഈ പുസ്‌തകങ്ങളിലൂടെ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ തേടുന്നവന്‍ കണ്ടെത്തും. അതില്‍ എനിക്ക്‌ പരിപൂര്‍ണ്ണ വിശ്വാസമുണ്ട്‌..

8 .മതത്തിന്റേയും മതപുരോഹിതന്റെയും ആവശ്യമില്ലെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുക ദുഷ്‌കരമായിരിക്കെ അതിനു മുതിരുന്ന താങ്കള്‍ എന്താണ്‌ ആഗ്രഹിക്കുന്നത്‌?

= മതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ മനുഷ്യര്‍ നന്നാവുകയുള്ളു. ദൈവത്തേയും നരകത്തേയും ഭയന്നല്ല മനുഷ്യന്‍ നന്നാകേണ്ടത്‌. നന്മ പ്രവര്‍ത്തിക്കുന്നവരാണ്‌ നീതിമാന്മാര്‍. അവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം ഉണ്ടാകുന്നു. മറിച്ചാണെങ്കില്‍ ഭൂമി നരകമായി മാറും. മതമേതായാലും മനുഷ്യര്‍ നന്നാകണെമെന്നില്ല. അതു കൊണ്ട്‌ മതവും പുരോഹിതനുമൊക്കെ മനുഷ്യരെ ഒരു നുകത്തില്‍ കെട്ടാന്‍വേണ്ടി ഉണ്ടാക്കിയ പൊള്ളത്തരങ്ങള്‍ മാത്രമാണെണ്‌ ഞാന്‍ വിശ്വസിക്കുന്നു.

9. ദൈവം ഒന്നേയുള്ളു, അവനിലെത്താന്‍ യേശുവിലൂടെ മാത്രമേ സാധ്യമാവൂ എന്നു വിശ്വസിക്കുന്നവരുണ്ട്‌. അങ്ങനെയല്ലെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. പ്രസിദ്ധീകരിച്ച, പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്‌തകങ്ങളിലെൂടെ താങ്കള്‍ക്ക്‌ എന്താണു പറയാനുള്ളത്‌.

= കോടാനുകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ, അതിരുകള്‍ ഇല്ലാത്ത പ്രപഞ്ചത്തിന്റെ മഹനീയത ഇന്നു നാം മനസ്സിലാക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഹേതു പാലസ്‌റ്റയിനിലെ പുരുഷരൂപം ഉള്ളവന്‍ എന്ന ധാരണ അജ്‌ഞതയും, അബദ്ധവും മാത്രമല്ല ദൈവനിന്ദയും കൂടിയാണ്‌.. നസ്രായനായ യേശു ഗുരു ആയിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ദൈവമാണെന്ന്‌ സാഹിത്യ രചന നടത്തിയവരെപോലെയുള്ളവരാണ്‌ യേശുവിനെ ദൈവമാക്കി മാറ്റിയത്‌. പ്രപഞ്ചത്തിന്റെ ഹേതു ഏതു രൂപമെന്ന്‌ എന്നു ഇന്നുവരെ മനുഷ്യനു അറിയാന്‍ സാധിച്ചിട്ടില്ല. ഊഹാപോഹങ്ങളുടെ സമാഹാരം മാത്രമാണു തിയോളോജി.. പുരാതന മനുഷ്യന്റെ ഭാവന സത്യമല്ല., ശാസ്ര്‌തവുമല്ല. അവന്റെ പരിമിത അറിവിന്റെ വെളിച്ചത്തില്‍ വിഭാവനം ചെയ്‌ത വേദചിന്തയും അതിന്റെ സമാഹാരമായ വേദപുസ്‌തകവും സത്യമെന്നോ ദൈവവചനമെന്നോ തെറ്റിദ്ധരിക്കുന്നത്‌ വളരെ ദയനീയമാണ്‌. ഈ സത്യം അംഗീകരിക്കാന്‍ ഭൂരിഭാഗവും താല്‍പ്പര്യം കാണിക്കുന്നില്ല എന്നത്‌ മതത്തിന്റെ മാസ്‌മര ശക്‌തിയോ, , മനുഷ്യന്റെ അലസതയോ, അജ്‌ഞതയോ!!

10. മതമില്ലാതെ, ഈശ്വരനില്ലാതെ ജനങ്ങള്‍ക്ക്‌ ജീവിക്കാന്‍ കഴിയുമോ? എന്തിനെയെങ്കിലും ആരാധിക്കുക മനുഷ്യരുടെ ബലഹീനതയായിരിക്കെ അതിനെക്കാള്‍ മേന്മയേറിയ ഒരു തത്ത്വം ലോകജനതക്കു മുഴുവന്‍ സ്വീകാര്യമായ ഒരു ആശയം നിങ്ങള്‍ക്ക്‌ ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

= മതവും ഈശ്വരനും ഒന്നാണെന്ന്‌്‌ പൊതുജനത്തെ വിശ്വ്‌സിപ്പിക്കാന്‍ മതത്തിനു സാധിച്ചു എന്നതാണ്‌ മതത്തിന്റെ നിലനില്‍പ്പിന്റെ രഹസ്യം. മനുഷ്യന്റെ തലച്ചോറില്‍ ഭൂരിഭാഗവും ശൂന്യമാണു. ഭയവും, ജിജ്‌ഞാസയും ഈ ശൂന്യതയെ ഭരിക്കുന്നു. മതം ഇതു ചൂഷണം ചെയ്‌ത്‌ മനുഷ്യരെ ബലഹീനരാക്കുന്നു. എന്നാല്‍ പ്രസ്‌തുത ശൂന്യതയില്‍ വിജ്‌ഞാനം നിറച്ചാല്‍ ഭയവും ആകുലതയും അകന്നുപോകും. അവിടെ പരസ്‌പരം സ്‌നേഹിക്കുക, നന്മകള്‍ മാത്രം പ്രവര്‍ത്തിക്കുക, മറ്റുള്ളവര്‍ക്ക്‌ പ്രയോജനകരമായ പ്രവര്‍ത്തികള്‍ ചെയ്യുക തുടങ്ങിയ നന്മകള്‍ നിറയുന്നു. അങ്ങനെ ഒരു വ്യക്‌തി നന്നാകുമ്പോള്‍ സത്യത്തിന്റെ പ്രകാശം അവനില്‍ നിറയുന്നത്‌ല്‌പമറ്റുള്ളവര്‍ക്ക്‌ ദൃശ്യമാകുന്നു. അത്‌ മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. ക്രമേണ ഭാവിതലമുറ നന്മയുള്ളവരായും മതവിശ്വാസത്തില്‍നിന്നു വിമുക്‌തരായും മാറുന്നു. ഭാവി തലമുറ മനുഷ്യന്റെ സുവര്‍ണ്ണകാലമായി രൂപാന്തരം പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതിനായി ഞാന്‍ എന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. നന്ദി.

ഈ അഭിമുഖത്തിന്‌്‌ സഹകരിച്ചതിന്‌ താങ്കള്‍ക്ക്‌ നന്ദി)


(ഈ ചോദ്യോത്തരങ്ങളില്‍ വളരെ ഹ്രസ്വമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂടുതല്‍ വിസ്‌തരിച്ച്‌ മനസ്സിലാക്കുവാന്‍ ശ്രീ സി ആന്‍ഡ്രൂസ്‌ എഴുതിയ താഴെ പറയുന്ന പുസ്‌തകങ്ങള്‍ വായിക്കുക. കൂടാതെ ഇതിനോടനുബന്ധമായി ഇ-മലയാളിയില്‍ അദ്ദേഹം എഴുതുന്ന ലേഖനങ്ങളും വായിക്കുക)

സത്യവേദപുസ്‌തകം ആര്‌, എപ്പോള്‍, എന്തിന്‌ എഴുതി - vol. III

സുവിശേഷത്തിലെ വിഡിഢിത്തങ്ങളും കെട്ടുകഥകളും - vol.iv

യേശു എന്ന ചരിത്രപുരുഷന്‍ - vol.v


ശ്രീ സി. ആന്‍ഡ്രൂസ്സിന്റെ ഇ-മെയില്‍ഃ gracepub@yahoo.com

See the Novel section to read his two books: Thomayute Suvisesham and Magalana Mariyathinte Suvisesham
**************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക