Image

ഐ.എന്‍.ഒ.സിയില്‍ ഐക്യം പുന:സ്ഥാപിക്കും: ജോര്‍ജ്‌ ഏബ്രഹാം

Published on 25 March, 2012
ഐ.എന്‍.ഒ.സിയില്‍ ഐക്യം പുന:സ്ഥാപിക്കും: ജോര്‍ജ്‌ ഏബ്രഹാം
ന്യൂയോര്‍ക്ക്‌: സുതാര്യവും ജനാധിപത്യപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയില്‍ ഐക്യം പുന:സ്ഥാപിക്കുകയും അമേരിക്കയിലെ ഇന്ത്യക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായി നിയമിതനായ ജോര്‍ജ്‌ ഏബ്രഹാമും സഹപ്രവര്‍ത്തകരും വ്യക്തമാക്കി.

സംഘടനയ്‌ക്ക്‌ ഒരു ഭരണഘടനയുണ്ടാക്കുക എന്നത്‌ അടിയന്തര ദൗത്യങ്ങളിലൊന്നാണ്‌. കളത്തില്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കേരളാ ചാപ്‌റ്റര്‍ രൂപംകൊടുത്ത ഭരണഘടന ഇതിനു മാതൃകയായി ഉപയോഗിക്കുമെന്ന്‌ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. സംഘടന നിലവില്‍ വന്നിട്ട്‌ ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും ഒരു ആസ്ഥാനം സ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനൊരു മാറ്റം ഉണ്ടാകണം. വിവിധ ചാപ്‌റ്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ വരുത്തും.

അമേരിക്കയില്‍ ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട്‌ പരിഹാരം കാണുക പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌. 60 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒസിഐ/പി.ഐ.ഒ കാര്‍ഡുള്ളവരും വിദേശ വരുമാനത്തിന്‌ ടാക്‌സ്‌ നല്‍കണമെന്ന നിര്‍ദേശം ഇനിയും നടപ്പില്‍ വന്നിട്ടില്ല. അതു സംബന്ധിച്ച പ്രവാസികളുടെ ആശങ്കകളും നിര്‍ദേശങ്ങളും ഗവണ്‍മെന്റിനെ അറിയിക്കും. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ പോലെയുള്ള പുതിയ കാര്യങ്ങള്‍ നടപ്പില്‍വരുമ്പോള്‍ അവ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ വേണം നടപ്പില്‍ വരുത്തേണ്ടതെന്നും നിര്‍ദേശിക്കും.

യുവജനതയെ കൂടുതലായി സംഘടനയിലേക്ക്‌ കൊണ്ടുവരികയാണ്‌ മറ്റൊരു ലക്ഷ്യം. അമേരിക്കയിലെ രാഷ്‌ട്രീയ കേന്ദ്രങ്ങളുമായി ബന്ധം പുലര്‍ത്തുകയും ഇന്ത്യയുടേയും, ഇന്ത്യന്‍ അമേരിക്കക്കാരുടേയും താത്‌പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന്‌ പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജോര്‍ജ്‌ ഏബ്രഹാമും സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ശുദ്ധ്‌ ജസൂജ, ട്രഷറര്‍ കമല്‍ സ്രാ, കമ്മിറ്റി അംഗങ്ങള്‍ കളത്തില്‍ വര്‍ഗീസ്‌, ഡോ. നജ്‌മ സുല്‍ത്താന തുടങ്ങിയവര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ അനുകൂലിക്കുന്നതെന്ന പേരില്‍ പല സംഘടനകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവയെ എല്ലാം ഐ.എന്‍.ഒ.സിയുടെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്‌ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ അംഗീകരമുള്ള ഏക സംഘടന ഐ.എന്‍.ഒ.സിയും അതിന്റെ നിയുക്ത ഭാരവാഹികള്‍ തങ്ങളുമാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയോടും അതിന്റെ ആശയങ്ങളോടും വിശ്വസ്ഥത പുലര്‍ത്തുന്നവര്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനെതിരായി പ്രവര്‍ത്തിക്കുമെന്ന്‌ കരുതുന്നില്ല. ``ഇതൊരു സ്വതന്ത്ര രാജ്യമാണ്‌. ആരെങ്കിലും സംഘടന ഉണ്ടാക്കണമെന്നോ, ഉണ്ടാക്കരുതെന്നോ പറയാന്‍ ആര്‍ക്കും അവകാശമില്ല'' ജസൂജ ചൂണ്ടിക്കാട്ടി.

പ്രസിഡന്റായി തന്നെ നിയമിച്ചത്‌ വലിയൊരു ബഹുമതിയും അംഗീകാരവുമായി കാണുന്നുവെന്ന്‌ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. താഴെ തട്ടില്‍ നിന്നു തുടങ്ങിയ ദീര്‍ഘനാളായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ കിട്ടിയ അംഗീകാരമാണിത്‌. തന്നോടൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോട്‌ താന്‍ കടപ്പെട്ടിരിക്കുന്നു.

നിയമനം നടത്തിയ ഡോ. കരണ്‍ സിംഗിനോട്‌ താന്‍ എന്നും കടപ്പെട്ടിരിക്കുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ഡോ. സുരീന്ദര്‍ മല്‍ഹോത്രയുടെ ഒരു വ്യാഴവട്ടത്തിലേറെയുള്ള പ്രവര്‍ത്തനങ്ങളെ താന്‍ നമിക്കുന്നു. ഭാവിയിലും അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ സംഘടനയ്‌ക്ക്‌ മുതല്‍ക്കൂട്ടായി തങ്ങള്‍ കരുതുന്നു.

സ്വതന്ത്രമായ സമൂഹം എന്നതാണ്‌ ഐ.എന്‍.ഒ.സിയുടെ ലക്ഷ്യം.
സത്യം ആരുടേയും കുത്തകയല്ലെന്നും ആളുകള്‍ക്ക്‌ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടാവുമെന്നും ഐ.എന്‍.ഒ.സി വിശ്വസിക്കുന്നു. വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഉണ്ടാവണമെന്നതാണ്‌ സംഘടനയുടെ നിലപാട്‌- അദ്ദേഹം വ്യക്തമാക്കി.
ഐ.എന്‍.ഒ.സിയില്‍ ഐക്യം പുന:സ്ഥാപിക്കും: ജോര്‍ജ്‌ ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക