Image

പെട്രോലിങ്ക്‌ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഫിലിപ്‌ ഏബ്രഹാം Published on 26 March, 2012
പെട്രോലിങ്ക്‌ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡ്‌ ആസ്‌ഥാനമായ പെട്രോലിങ്ക്‌ കേരളത്തിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നു. യു കെ - കേരള ബിസിനസ്‌ ഫോറത്തിന്റെ ശ്രമഫലമായാണ്‌ പെട്രോലിങ്ക്‌ കമ്പനി കേരളത്തില്‍ ഓഫിസ്‌ തുറക്കുന്നത്‌. എണ്ണ- പ്രകൃതിവാതക പര്യവേക്ഷണത്തിലും ഉല്‍പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനികള്‍ക്ക്‌ വിവര സാങ്കേതിക വിദ്യയും വാര്‍ത്താവിനിമയ സംവിധാനങ്ങളും അടിസ്‌ഥാനമാക്കിയ സേവനങ്ങളാണ്‌ പെട്രോലിങ്ക്‌ നല്‍കുന്നത്‌. അതിനൂതന സാങ്കേതികവിദ്യകളാല്‍ സ്വരൂപിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതില്‍ രാജ്യാന്തര തലത്തില്‍തന്നെ കമ്പനി പ്രമുഖ സ്‌ഥാനമാണ്‌ വഹിക്കുന്നത്‌. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ച്ച്‌ 20ന്‌ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ഐടി- വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി `പെട്രോലിങ്ക്‌ ഇന്നവേഷന്‍ സെന്റര്‍ തുറന്നുകൊടുത്തു.

ധനകാര്യമന്ത്രി കെ.എം മാണി, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, എംഎല്‍എമാരായ മോന്‍സ്‌ ജോസഫ്‌, അബ്‌ദുള്‍ റഹ്‌മാന്‍ രണ്ടത്താണി, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, പെട്രോലിങ്കിന്റെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫിസര്‍ റിച്ചാര്‍ഡ്‌ ഏബ്രഹാം, ചെന്നയിലെ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ എന്നിവരും സന്നിഹിതരായിരുന്നു.

2011 നവംബറില്‍ യുകെ- കേരള ബിസിനസ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടന്ന ബിസിനസ്‌ മീറ്റിന്റെ ഫലമായാണ്‌ ഈ സംരംഭം കേരളത്തിലേക്ക്‌ എത്തുന്നത്‌. നവംബര്‍ 28ന്‌ ബ്രിട്ടീഷ്‌ എംപിയും ഇന്ത്യന്‍ വംശജനുമായ വിരേന്ദ്ര ശര്‍മയും, അന്ന്‌ യുകെ സന്ദര്‍ശിച്ച കേരള എംഎല്‍എ അബ്‌ദുള്‍ റഹ്‌മാന്‍ രണ്ടത്താണിയും തമ്മില്‍ ഇതുസംബന്ധിച്ച കരടുരേഖ (എംഒയു) കൈമാറിയിരുന്നു.

കെച്ചി ആസ്‌ഥാനമായ ഫോര്‍ഫ്രണ്ട്‌ സെല്യൂഷന്‍സ്‌ ആന്‍ഡ്‌ കണ്‍സള്‍ട്ടന്‍സീസ്‌ ഡയറക്‌ടര്‍ റസ്സല്‍ മുഹമ്മദാണ്‌ പെട്രോലിങ്കിനെ കേരളത്തിലേക്ക്‌ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോലിങ്കിന്‌ ഓഫിസുകളും സ്‌റ്റാഫ്‌ പ്രതിനിധകളുമുണ്ട്‌.
പെട്രോലിങ്ക്‌ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക