Image

പിറവം കടന്നിട്ടും പുകയുന്ന യുഡിഎഫ്‌

ജി.കെ Published on 25 March, 2012
പിറവം കടന്നിട്ടും പുകയുന്ന യുഡിഎഫ്‌
പിറവം പാലം കടന്നിട്ടും യുഡിഎഫില്‍ കുലുക്കങ്ങള്‍ അവസാനിക്കുന്നില്ല. പിറവം ഉപതെടരഞ്ഞെടുപ്പിലെ പരാജയം എല്‍ഡിഎഫിനകത്ത്‌ ഭൂമികുലുക്കമുണ്‌ടാക്കാനിരിക്കുന്നതേ ഉള്ളൂവെങ്കില്‍ യുഡിഎഫില്‍ അതിന്റെ തുടര്‍ചലനങ്ങള്‍ ഇപ്പോഴെ കണ്‌ടു തുടങ്ങിയിട്ടുണ്‌ട്‌. പിറവം പോരില്‍ ജയിച്ചാല്‍ അനൂപ്‌ മന്ത്രിയെന്ന്‌ വീമ്പു പറഞ്ഞവര്‍ ഇപ്പോള്‍ അനൂപ്‌ ജേക്കബിന്‌ ഏതു വകുപ്പ്‌ നല്‍കുമെന്നതിനെച്ചൊല്ലിയാണ്‌ കലഹിക്കുന്നത്‌ എന്നതാണ്‌ വിരോധാഭാസം. അനൂപ്‌ എന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പിറവത്ത്‌ ജയിച്ചപ്പോള്‍ ആദ്യം അനൂപ്‌ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നായിരുന്നു ഉമ്മന്‍ ചാണ്‌ടി പറഞ്ഞതെങ്കില്‍ അനൂപിന്റെ വകുപ്പെല്ലാം പിന്നീട്‌ തീരുമാനിക്കുമെന്നാണ്‌ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്‌.

അനൂപിനെ ഉടന്‍ മന്ത്രിയാക്കിയാല്‍ മന്ത്രിസഥാനമെന്ന കൊടിയും പിടിച്ച്‌ മുസ്‌ലീം ലീഗ്‌ രംഗത്തുവരുമെന്ന്‌ കോണ്‍ഗ്രസിലെ വലിയ മൂപ്പന്‍മാരായ കുഞ്ഞൂഞ്ഞിനും രമേശ്‌ ചെന്നിത്തലയക്കും നന്നായി അറിയാം. ലീഗ്‌ ആകട്ടെ തങ്ങളുടെ പരമോന്നത നേതാവ്‌ പ്രഖ്യാപിച്ചൊരു കാര്യം ഇതുവരെ നടപ്പാക്കി കിട്ടാത്തതില്‍ തീര്‍ത്തും അസഹിഷ്‌ണുരാണുതാനും. ഈ അവസരത്തില്‍ അനൂപിന്റെ മന്ത്രിസ്ഥാനം നെയ്യാറ്റിന്‍കരയിലും കരയ്‌ക്കടുക്കുന്നതുവരെ ദീര്‍ഘിപ്പിക്കാനുവമോ എന്നാണ്‌ കോണ്‍ഗ്രസ്‌ തലപുകയ്‌ക്കുന്നത്‌. എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനമെന്ന മുദ്രാവാക്യവും മുഴക്കി ചില യൂത്ത്‌ ലീഗന്‍മാര്‍ ഇപ്പോഴെ തെരവിലിറങ്ങിയത്‌ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായാല്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ്‌ പാടുപെടും. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച്‌ ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്ന ചാനല്‍ അഭിമുഖത്തിലെ പ്രസ്‌താവനായിലൂടെ കെപിസിസി അധ്യക്ഷന്‍ തന്നാലാവുന്നതുപോലെ ലീഗിന്റെ മുറിവില്‍ മുളകുപുരട്ടിയിട്ടുമുണ്‌ട്‌.

ലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനവും അനൂപിന്‌ മന്ത്രിസ്ഥാനവും നല്‍കിയാലും പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ വിട്ടൊഴിയുന്നില്ല. മൂന്നാം മന്ത്രി സ്ഥാനമെന്ന ആവശ്യവുമായി മാണി സാറും ചാരടുവലികള്‍ തുടങ്ങിയിട്ടുണ്‌ട്‌. ലീഗിന്‌ അഞ്ചാം മന്ത്രിയെ കൊടുത്താല്‍ തങ്ങള്‍ക്ക്‌ മൂന്നു മന്ത്രിമാര്‍ വേണമെന്ന ആവശ്യം തികച്ചും ന്യായമാണെന്ന്‌ മാണി സാറും പി.സി.ജോര്‍ജും വിശ്വസിയ്‌ക്കുന്നു. അവര്‍ മാത്രമെ അങ്ങനെ വിശ്വസിയ്‌ക്കുന്നുള്ളൂ എന്നതുമാത്രമാണ്‌ മൂന്നാം മന്ത്രിസ്ഥാനം കിട്ടാനുള്ള പ്രധാന തടസവും. അല്ലെങ്കില്‍ പഴയൊരു മോഹമായ കുഞ്ഞൂഞ്ഞിനെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യം മാണി സാര്‍ മുന്നോട്ടുവെയ്‌ക്കും.

ഇനി മന്ത്രിസ്ഥാനം പങ്കിട്ടു നല്‍കി പ്രശ്‌നങ്ങളൊതുക്കാമെന്ന്‌ വെച്ചാല്‍ ദേ വരുന്നു നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌. പിറവത്ത്‌ ജയിച്ചതുപോലെ നെയ്യാറ്റിന്‍കര നീന്തിക്കയറാമെന്ന്‌ യുഡിഎഫ്‌ മോഹിക്കേണ്‌ടെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതു വെറുതെയല്ല. നെയ്യാറ്റിന്‍കരയില്‍ ആരു സ്ഥാനാര്‍ഥിയാവണമെന്നതിനെച്ചൊല്ലി ആരംഭിക്കുന്നു കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍.

സിപിഎമ്മില്‍ നിന്ന്‌ രാജിവെച്ച്‌ പുറത്തുവന്ന ആര്‍.ശെല്‍വരാജിനെ പിന്തുണയ്‌ക്കണമെന്നാണ്‌ കെപിസിസി അധ്യക്ഷന്റെ മനസിലിരുപ്പെങ്കില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നാണ്‌ കുഞ്ഞൂഞ്ഞിന്റെ മനസ്‌ പറയുന്നത്‌. ശെല്‍വരാജിനെക്കാള്‍ യോഗ്യരായ കോണ്‍ഗ്രസ്‌ നേതാക്കളെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാവാനുണ്‌ടെന്ന പ്രസ്‌താവനയുമായി കെ.മുരളീധരന്‍ തനിക്കിപ്പോഴും പ്രതികരണശേഷി നഷ്‌ടമായിട്ടില്ലെന്ന്‌ തെളിയിച്ചിട്ട്‌ അധികം ദിവസമായിട്ടില്ല.

മുരളീധരന്റെ ചുവടുപിടിച്ച്‌ ആദര്‍ശപുരുഷനായ വി.എം.സുധീരനും രംഗത്തെത്തിയിട്ടുണ്‌ടെന്നത്‌ ചെന്നിത്തലയ്‌ക്കും കുഞ്ഞൂഞ്ഞിനും കണ്‌ടില്ലെന്ന്‌ നടിച്ച്‌ തള്ളിക്കളയാനാവില്ല. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ പൊതുനയം വേണമെന്നായിരുന്നു സുധീരന്റെ വെടി. ഈ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ ആരു സ്ഥാനാര്‍ഥിയായാലും കാലുവാരല്‍ എന്ന പതിവു കലാപരിപാടി ആവര്‍ത്തിക്കുമെന്ന്‌ ഉറപ്പ്‌. ഇത്‌ മനസില്‍ക്കണ്‌ടാണ്‌ നെയ്യാറ്റിന്‍കര അത്ര എളുപ്പത്തില്‍ നീന്തിക്കയറാന്‍ കോണ്‍ഗ്രസിനാവില്ലെന്ന്‌ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞുവെച്ചത്‌. വെള്ളാപ്പള്ളിയെ വെല്ലുവിളിക്കാനും പൊന്‍മോതിരം അണിയിക്കാനും വക്കം കേരളത്തില്‍ ഇല്ലാതിരുന്നത്‌ കോണ്‍ഗ്രസിന്റെ ഭാഗ്യം.

പിറവത്ത്‌ മതസാമുദായിക ശക്തികളുടെ പിന്തുണ ഉറപ്പാക്കുകയും നിലനില്‍പ്പെന്ന ഒറ്റ ലക്ഷ്യത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്‌തതാണ്‌ യുഡിഎഫിന്റെ മഹാ വിജയത്തിന്‌ അടിസ്ഥാനമായത്‌. പിറവം കടന്നതോടെ നെയ്യാറ്റിന്‍കര ഇല്ലെങ്കിലും പിടിച്ചു നില്‍ക്കാമെന്ന്‌ ആയ സ്ഥിതിക്ക്‌ കൂട്ടായ പ്രവര്‍ത്തനം അവിടെ ഉണ്‌ടാവണമെന്നുമില്ല. ഇതിനെല്ലാം പുറമെ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം പിറവം പോലെയല്ല നെയ്യാറ്റിന്‍കര. കഴിഞ്ഞ തവണ ശെല്‍വരാജിനെ തോല്‍ക്കാനായി വിട്ടതാണെങ്കിലും ഇത്തവണ അവിടെ ജയിക്കാതിരിക്കാന്‍ അവര്‍ക്കാവില്ല.

കാരണം സമീപകാലത്ത്‌ എ.പി. അബ്‌ദുള്ളക്കുട്ടിയോ സിന്ധു ജോയിയോ പാര്‍ട്ടി വിട്ടപ്പോള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളല്ല ശെല്‍വരാജ്‌ പാര്‍ട്ടിവിടാനായി ചൂണ്‌ടിക്കാണിച്ചത്‌ എന്നതു തന്നെ. വിഭാഗീയതയും വെട്ടിനിരത്തലുമാണ്‌ ശെല്‍വരാജ്‌ ഔദ്യോഗികപക്ഷത്തിനുനേരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. നെയ്യാറ്റിന്‍കരയില്‍ ഒരു പരാജയമെന്നത്‌ ശെല്‍വരാജ്‌ ഉയര്‍ത്തിയ വാദങ്ങള്‍ക്കുള്ള അംഗീകാരമാകുമെന്ന തിരച്ചറിവ്‌ സിപിഎമ്മിനുണ്‌ട്‌. അതുകൊണ്‌ടു തന്നെ വിജയത്തിനായി അവര്‍ കൈ മെയ്‌ മറന്നു പോരാടും എന്നതും കോണ്‍ഗ്രസിന്‌ അത്ര നല്ല വാര്‍ത്തയല്ല.

നെയ്യാറ്റിന്‍കരയില്‍ അത്ഭുത വിജയം നേടിയാലും കോണ്‍ഗ്രസ്‌ പുനഃസംഘടനയെന്ന പഴഞ്ചൊല്ല്‌ അവിടെ ബാക്കിയാവുന്നുണ്‌ട്‌. നെയ്യാറ്റിന്‍കരയിലെ വിജയം ഒരു പക്ഷേ അത്‌ കുറച്ചുകാലം കൂടി നീട്ടാനുള്ള മരുന്ന്‌ മാത്രമെ ആകൂ. ഇനി പരാജയമാണെങ്കില്‍ പിന്നെ പൊട്ടിത്തെറിക്ക്‌ കാതോര്‍ത്താല്‍ മതിയാവും. എന്തായാലും കാത്തിരുന്നു കാണുക തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക