Image

ജോമോന്‍ കുളപ്പുരക്കല്‍: ഫോമയിലെ ജനകീയന്‍, നിസ്വാര്‍ഥ സേവനത്തിന്റെ മാത്രുക

Published on 14 June, 2018
ജോമോന്‍ കുളപ്പുരക്കല്‍: ഫോമയിലെ ജനകീയന്‍, നിസ്വാര്‍ഥ സേവനത്തിന്റെ മാത്രുക
ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും തിരശീലയ്ക്കു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കാനാണ് ജോമോന്‍ കുളപ്പുരയ്ക്കലിനു താത്പര്യം. വാര്‍ത്തകളിലും ചിത്രങ്ങളിലും ഫോമ ജോയിന്റ് ട്രഷററായ ചാക്കോ തോമസ് എന്ന ജോമോനെ കാണാറില്ല. എങ്കിലും തുടക്കക്കാരില്‍ ഒരാളാണ് ജോമോന്‍. ഫോമ രൂപം കൊണ്ടപ്പോള്‍ ഫ്ളോറിഡ റീജിയന്‍ ആര്‍.വി.പിയായി. പിന്നീട് രണ്ടു തവണ നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു.

കഴിഞ്ഞ തവണ ജോയിന്റ് ട്രഷററായി. മൂന്നു സ്ഥാനാര്‍ഥികളുണ്ടായിരുന്നതില്‍ പാനലില്ലാത്ത ജോമോനെ ജനം തുണച്ചു. പക്ഷെ ജയിച്ചു കഴിഞ്ഞപ്പോള്‍ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ടീമില്‍ വിവിധ ഉത്തരവാദിത്വങ്ങളുമായി ജോമോന്‍ സജീവമായി. വ്യക്തിതാത്പര്യമല്ല സംഘടനയുടെ നന്മയാണ് പ്രധാനമെന്നു ബെന്നിയെപ്പോലെ ജോമോനും പറയുന്നു.

ഫൊക്കാന പ്രസിഡന്റായിരുന്ന ജോര്‍ജ് കോരതിന്റെ പ്രോത്സാഹനത്തോടെ ഫ്ളോറിഡ ലേക്ക്ലാന്‍ഡ് മേഖലയില്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ജോമോന്‍, ഫൊക്കാന പിളര്‍പ്പിനിടയാക്കിയ ഇലക്ഷനില്‍ ഹൂസ്റ്റണ്‍ ടീമിനൊപ്പം ആയിരുന്നു. ശശിധരന്‍ നായര്‍- അനിയന്‍ ജോര്‍ജ് നേതൃത്വം നല്കിയ അന്നത്തെ ടീം തുടക്കമിട്ട മികച്ച അടിത്തറ കൊണ്ടാണ് ഫോമ ഇത്രയും ശക്തിപ്പെട്ടതെന്നാണ് ജോമോന്റെ പക്ഷം. ഹൂസ്റ്റണ്‍ ടീമുമായി ഇപ്പോഴും ഐക്യത്തില്‍.

അടുത്ത വ്യാഴാഴ്ച തുടങ്ങുന്ന ഫോമ കണ്‍വന്‍ഷനില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമായ കലാപരിപാടികളുടെ എക്സിക്യൂട്ടീവില്‍ നിന്നുള്ളകോര്‍ഡിനേറ്ററാണ് ജോമോന്‍. ഇത്രയും ഉത്തരവാദിത്വപ്പെട്ട ചുമതല ജോമോനെ ഏല്‍പിക്കാന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല.കലോത്സവ കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നതു ജയിംസ് ഇല്ലിക്കലും, സുരേഷ് രാമകൃഷ്ണനുമാണ്.

അതുപോലെ ഈ ഭരണസമിതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ബെന്നി വിശേഷിപ്പിക്കുന്ന ജനാഭിമുഖ്യയജ്ഞത്തിന്റെ കോര്‍ഡിനേറ്ററും ജോമോന്‍ ആയിരുന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പരിപാടി ഏറെ ജനപ്രീതി സൃഷ്ടിച്ചിരുന്നു.

ഫോമയുടെസീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ചുമതലയും ജോമോന്‍ വഹിക്കുന്നു. ഇത്തരം ചുമതലകളൊക്കെ ജോമോന്റെ ചുമലില്‍ വരാന്‍ പ്രധാന കാരണം ജനങ്ങളുമായി നേരിട്ടുള്ള ബന്ധമാണ്. എല്ലാവരുമായും പരിചയവും സൗഹൃദവും, ആരോടും പിണക്കവുമില്ല.

ഇത്തവണത്തെ കണ്‍വന്‍ഷന്‍ അടിപൊളിയായിരിക്കുമെന്നതില്‍ ജോമോന് സന്ദേഹമില്ല. ചിരിയരങ്ങ് പ്രധാന പരിപാടികളിലൊന്നാണെങ്കിലും അത് പലപ്പോഴും ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നു ജോമോന്‍ കൂടി അഭിപ്രായപ്പെട്ട പ്രകാരമാണ് അതിന്റെ ചട്ടക്കൂട് ഒന്നു മാറ്റിയത്. ഇത്തവണ മികച്ച തമാശകള്‍ കേള്‍ക്കാം. ചിന്തിക്കാം. പോരെങ്കില്‍ ഒരു മികച്ച മതസൗഹാര്‍ദ്ദ വേദി കൂടിയായിരിക്കും അത്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, സിനിമാ സംവിധായകന്‍ സിദ്ധിഖ് ഒക്കെ അണിനിരക്കുന്നു. അവര്‍ അനുഭവങ്ങളിലൂടെ പറയുന്ന കാര്യങ്ങള്‍ ചിരിക്കാനും ചിന്താക്കാനും വക നല്‍കും.

ഉദ്ദേശിച്ചതില്‍ കൂടുതല്‍ രജിസ്ട്രേഷനാണ് ഇത്തവണ. ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കില്‍ അത് ഇനിയും കൂടിയേനെ. കണ്‍ വന്‍ഷന്‍ വേദിക്കു പുറത്തെ ഹോട്ടലില്‍ തന്നെ അമ്പതില്‍പ്പരം മുറികള്‍ പോയി കഴിഞ്ഞു.

നല്ല കണ്‍വീനര്‍മാരെ വിവിധ കമ്മിറ്റികള്‍ക്ക് നേതക്കളായി കിട്ടി എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. എക്സിക്യൂട്ടീവിലെ ആറുപേരും ഒറ്റക്കെട്ടായി പോകുന്നു. ഒരു അഭിപ്രായവ്യത്യാസവുമില്ല. എന്തെങ്കിലും വന്നാല്‍ അത് പറഞ്ഞുതീര്‍ക്കാന്‍ ബെന്നിക്ക് അപാര കഴിവുണ്ട്.

നാട്ടില്‍ നാടക രംഗത്തും ബിസിനസിലും പ്രവര്‍ത്തിച്ചിരുന്ന എടത്വ സ്വദേശിയായ ജോമോന്‍ 1995-ല്‍ ഫ്ളോറിഡയിലെത്തി. ഒരുമ, ഓര്‍മ്മ, എം.എ.സി.എഫ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. സ്റ്റേജ്ഷോകളും മലയാള സിനിമകളും കൊണ്ടുവന്നു. അന്ന് 25 മലയാളി കുടുംബങ്ങളില്‍ കൂടുതലില്ല. ഇപ്പോഴത് 2000 കവിഞ്ഞു.

നാട്ടില്‍ അമച്വര്‍ നാടകങ്ങളില്‍ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജോമോന്‍ ഇവിടെ സ്ഥാപിച്ച ടാമ്പാ നാടകവേദിക്കു വേണ്ടി ഒമ്പത് നാടകങ്ങള്‍ സംവിധാനം ചെയ്യുകയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ജയിംസ് ഇല്ലിക്കല്‍, ജയിംസ് കോരത് തുടങ്ങിയവര്‍ അഭിനേതാക്കളായി

ഫോമ ഇലക്ഷനില്‍ വാശികൊണ്ട് കുഴപ്പമില്ലെന്നു ജോമോന്‍ വിലയിരുത്തുന്നു. പക്ഷെ അത് ഇലക്ഷന്‍ കഴിയുമ്പോള്‍ തീരണം. ഇലക്ഷനില്‍ സംഘടനയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന വ്യക്തികളെയാണ് തെരഞ്ഞെടുക്കേണ്ടത്. കഴിവുള്ളവര്‍ വിജയിക്കണം.

ഫോമ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെപ്പറ്റിയും ജോമോന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ചാരിറ്റി പ്രവര്‍ത്തനം ഇവിടെ നടത്തണം. ഒരുപാട് പേര്‍ ഇവിടെ ബുദ്ധിമുട്ടുന്നു. അതുപോലെ തന്നെ പ്രാദേശിക തലത്തില്‍ വിഷമതകളനുഭവിക്കുന്നവരെ സഹായിക്കാന്‍ അംഗസംഘടനകളേയും പ്രോത്സാഹിപ്പിക്കണം.

ഇപ്പോഴത്തെ രീതിയിലുള്ള കേരള കണ്‍വന്‍ഷന്‍ കൊണ്ട് വലിയ പ്രയോജനമില്ല. രണ്ടോ, മൂന്നോ സ്ഥലത്തായി കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ നടത്തണം. തിരുവനന്തപുരത്തോ കൊച്ചിയിലോ ബിസിനസ്, ഇമിഗ്രേഷന്‍ സെമിനാറുകള്‍ നടത്താം. കലാശക്കൊട്ടായി ഒരു ഗ്രാമത്തില്‍ പൊതുസമ്മേളനം. അതൊരു ഉത്സവമാക്കാം. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നാണ് ഗാന്ധിജി പറഞ്ഞത്.ഗ്രാമവുമായി ഉറ്റബന്ധം സ്ഥാപിക്കാന്‍ ഇതുവഴി കഴിയുകയും ചെയ്യും.

കുട്ടികളെ നാം ആഗ്രഹിക്കുന്ന രീതിയില്‍ വളര്‍ത്താന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലൊന്ന്. കുട്ടികളെ ചെറുപ്പം മുതലേ അംഗ സംഘടനകളിലും ഫോമയിലും കൊണ്ടുവരണം. അതില്‍ അവര്‍ക്ക് താത്പര്യം ഉണ്ടാവുകയും ചെയ്യണം. അവര്‍ വരാതിരുന്നാല്‍ സംഘടനകള്‍ക്ക് എന്തു ഭാവിയാണുണ്ടാവുക.

ഫോമ കണ്‍വന്‍ഷന്‍ മലയാളികളുടെ വേദിയാണ്. ഫോണിലുംമറ്റും സംസാരിക്കുന്നവരെ നേരില്‍ കാണാനൊരവസരം. ബന്ധങ്ങള്‍ പുതുക്കാന്‍ ഒരവസരം. മത-സാമുദായിക സംഘടനകളിലൊന്നും പെടാത്തവര്‍ക്ക് ഒത്തുകൂടാനൊരു വേദി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ പ്രതിബിംബമാണത്. അതുകൊണ്ടുതന്നെ ചെലവ് കുറച്ച് കൂടുതല്‍ പേരെ കണ്‍വന്‍ഷില്‍ പങ്കെടുപ്പിക്കണം.

പാനല്‍ അംഗമല്ലായിരുന്നതുകൊണ്ട് തനിക്ക് ഇത്തവണ മത്സരിക്കാന്‍ പ്രശ്നമൊന്നുമില്ലായിരുന്നു. എങ്കിലും മറ്റുള്ളവരെ പോലെ തന്നെ ഇലക്ഷനില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. അടുത്ത തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാഗ്രഹിക്കുന്നു. ഇലക്ഷനില്‍ ജയിച്ചാലും തോറ്റാലും എന്നും ഫോമയുടെ സജീവ പ്രവര്‍ത്തകനായി തുടരും.

സംഘടനാ തലത്തില്‍ ജോര്‍ജ് കോരത്, മാത്യു വര്‍ഗീസ് (ഏഷ്യാനെറ്റ്) തുടങ്ങിയവരൊക്കെയാണ് തന്റെ മാര്‍ഗ്ഗദര്‍ശികള്‍. ഫോമയുടെ ആദ്യ ടീം മികച്ചതായിരുന്നു. അതില്‍ വൈസ് പ്രസിഡന്റായിരുന്ന ഏബ്രഹാം കാഞ്ചിയെ പ്രത്യേകം അനുസ്മരിക്കുന്നു.

ജോമോന്റെ ഭാര്യ മെഴ്‌സി. മകന്‍: ജോഷ്. 
ജോമോന്‍ കുളപ്പുരക്കല്‍: ഫോമയിലെ ജനകീയന്‍, നിസ്വാര്‍ഥ സേവനത്തിന്റെ മാത്രുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക