Image

ഐക്യത്തിന്റെ അനുകരണീയ മാതൃകയായി ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ (ജോജോ കോട്ടൂര്‍)

Published on 09 June, 2018
ഐക്യത്തിന്റെ അനുകരണീയ മാതൃകയായി ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ (ജോജോ കോട്ടൂര്‍)
ഫിലാഡെല്‍ഫിയ: പ്രബുദ്ധരായ പ്രവര്‍ത്തകരും പരിണിത പ്രജ്ഞരായ നേതാക്കളുമുള്ള പ്രബലമായ സംഘടനകളടങ്ങിയ ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ അനുകരണീയ മാതൃകയാണ് തെരഞ്ഞെടുപ്പ് രംഗത്ത് കാട്ടിയിട്ടുള്ളത്. വ്യത്യസ്തമായ ആശയങ്ങളും വിഭിന്നമായ വീക്ഷണങ്ങളും നിലനില്‍ക്കുമ്പോള്‍തന്നെ അംഗസംഘടനകള്‍ തമ്മിലുള്ള പരസ്പര ഐക്യവും പൊതു താല്‍പര്യവും മുന്‍നിര്‍ത്തി അഭിപ്രായസ്വരൂപണം വഴി മത്സരം ഒഴിവാക്കാനായത് മാതൃകാപരമാണ്. നാലുവര്‍ഷക്കാലം മിഡ് അറ്റ്‌ലാന്റിക് റീജിയണിന്റെ ട്രഷറായി പ്രവര്‍ത്തിച്ച് നേതൃപരിചയം സിദ്ധിച്ച യുവനേതാവ് ബോബി തോമസ് ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട RVP.. സൗമ്യനും സംഘടനാരംഗത്ത് ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളുമായ സണ്ണി എബ്രഹാമിന്റെ പരിചയ സമ്പന്നത ഫോമാ നാഷ്ണല്‍ കമ്മിറ്റിയ്ക്ക് മുതല്‍ക്കൂട്ടാകും. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധവും മാനേജ്‌മെന്റ് വിദഗ്ദനും യുവസംരഭകനുമായ ചെറിയാന്‍ കോശിയാണ് ഫോമാ നാഷ്ണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു വ്യക്തി.
2002 ല്‍ അമേരിക്കയിലെത്തി നഴ്‌സിംഗ് ജോലിയില്‍ പ്രവേശിച്ച ബോബി തോമസ് തന്റെ അക്കാഡമിക് മികവും അര്‍പ്പണബോധവും മൂലം ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പദവി വരെ എത്തുകയും ഇപ്പോള്‍ ഇലക്ട്രോണിക് കണ്‍ട്രോള്‍ സൊലൂഷന്‍സ് കമ്പനിയായ വേള്‍ഡ് ഓഫ് കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്യുന്നു. കേരളസമാജം ഓഫ് ന്യൂജേഴ്‌സിയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ബോബി തോമസ് ഇപ്പോള്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റ്, മയൂര സ്ക്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ചെയര്‍ പേഴ്‌സണ്‍, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ കോക്കസിന്റെ ബര്‍ഗന്‍ കൗണ്ടി ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നുണ്ട്.

അമേരിക്കയിലെ അറിയപ്പെടുന്ന സംഘാടകനും കായികപ്രേമിയുമായ സണ്ണി എബ്രഹാം വന്‍ സുഹൃത്ത് വലയത്തിനുടമയാണ്. കലാ മലയാളീ അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലിയുടെ പ്രസിഡന്റ് പദവി പല തവണ അലങ്കരിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെ ആദ്യകാല മലയാളി നേതാക്കളിലൊരാളാണ്. ഫൊക്കാനാ ഞഢജ, ഫോമാ നാഷ്ണല്‍ കമ്മിറ്റി അംഗം, വാലി ഫോര്‍ജ് കണ്‍വെന്‍ഷന്റെ വിജയശില്പികളിലൊരാള്‍, മാര്‍ത്തോമാ സഭയുടെ ഉന്നത തല സമിതികളിലംഗം, ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളുടെ സംഘാടകന്‍, ചിക്കാഗോ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങളിലെല്ലാം തന്റെ സൗമ്യ വ്യക്തിത്വത്തിന്റെ വിജയമുദ്ര ചാര്‍ത്തുവാന്‍ ഊര്‍ജ്ജസ്വലനായ ഈ ഇന്‍ഷ്വറന്‍സ് ഏജന്റിനു സാധിച്ചിട്ടുണ്ട്. മല്ലപ്പള്ളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ആയ സണ്ണി ഏബ്രഹാം ഫിലാഡെല്‍ഫിയായ്ക്കു സമീപം വാലിംങ്ങ്‌ഫോര്‍ഡിലാണ് താമസം.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍, ഫിലാഡെല്‍ഫിയയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ചെറിയാന്‍ കോശി എം.ബി.എ. ബിരുദധാരിയും CIITS INC എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമയുമാണ്. ഫിലഡെല്‍ഫിയായിലെ, എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും പത്തനംതിട്ട ഡിസ്ട്രിക്റ്റ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ബിസിനസ് ഓണേഴ്‌സ് ആന്റ് പ്രൊഫഷ്ണല്‍സ് എന്ന സംഘടനയില്‍ അംഗത്വം നേടിയിട്ടുള്ള ചെറിയാന്‍ കോശി ഇന്റര്‍നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഫിലാഡെല്‍ഫിയ ചാപ്റ്റര്‍ സെക്രട്ടറി പദവും അലങ്കരിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥസേവനവും സജീവ നേതൃത്വവും കാഴ്ചവെച്ചിട്ടുള്ള ചെറിയാന്‍ കോശി നോര്‍ത്ത് ഈസ്റ്റ് ഫിലാഡെല്‍ഫിയായിലാണ് താമസിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക