Image

കഷണ്‌ടിക്കുള്ള മരുന്ന്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റില്‍ ലഭ്യമെന്ന്‌ ഗവേഷകര്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 25 March, 2012
കഷണ്‌ടിക്കുള്ള മരുന്ന്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റില്‍ ലഭ്യമെന്ന്‌ ഗവേഷകര്‍
ലണ്‌ടന്‍: അസൂയയ്‌ക്കും കഷണ്‌ടിക്കും മരുന്നില്ല എന്ന പഴഞ്ചൊല്ല്‌ തിരുത്തേണ്‌ടി വരുമെന്നാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയയിലെ ഒരുപറ്റം ഗവേഷകരുടെ കണ്‌ടുപിടുത്തം വ്യക്തമാക്കുന്നത്‌. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കഷണ്‌ടിക്കുള്ള മരുന്ന്‌ മാര്‍ക്കറ്റില്‍ ലഭ്യമാക്കുമെന്നാണ്‌ ഇവരുടെ വാദം.

തലമുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന മനുഷ്യന്റെ തലയോട്ടിയിലെ ഒരുതരം രാസവസ്‌തുവിനെയാണ്‌ ഗവേഷകര്‍ കണ്‌ടെത്തിയിരിക്കുന്നത്‌. പിഡിജി 2 എന്നറിയപ്പെടുന്ന പ്രോട്ടീനാണ്‌ മനുഷ്യന്റെ തലമുടിയുടെ വളര്‍ച്ച തടസപ്പെടുത്തുന്നതെന്ന്‌ ഇവര്‍ ഗവേഷണത്തിലൂടെ കണ്‌ടെത്തിയിരിക്കുന്നത്‌. കഷണ്‌ടി ഉണ്‌ടാകുന്നതിന്റെ അടിസ്ഥാനകാരണമായി ഡോ.ജോര്‍ജ്‌ കോട്‌സറേലിസ്‌ നേതൃത്വം നല്‍കിയ ഗവേഷകര്‍ ഇത്‌ ചൂണ്‌ടിക്കാട്ടുന്നു.

കഷണ്‌ടിക്കാരായ പുരുഷന്‍മാരുടെ തലയോട്ടിയിലെ രാസമാറ്റങ്ങളും വ്യതിയാനങ്ങളും സംബന്ധിച്ചു നടത്തിയ വിശദമായ ഗവേഷണത്തിലാണ്‌ പിഡിജി 2 പ്രോട്ടീനിന്റെ അനന്തരഫലം കണ്‌ടെത്തിയത്‌. എന്നാല്‍ പുതിയ കണ്‌ടുപിടുത്തത്തിലൂടെ ഇത്‌ തടയുന്നതിനൊപ്പം മുടിയുടെ വളര്‍ച്ചയെ സഹായിക്കാനും പുതിയ കണ്‌ടുപിടുത്തമായ ലോഷന്‌ സാധിക്കുമെന്ന്‌ ഇവര്‍ വ്യാഖ്യാനിക്കുന്നു. സാധാരണ തലമുടി വളര്‍ത്താന്‍ കഴിയുന്ന ജീനുകളടങ്ങിയ ഹോര്‍മോണുകള്‍ എല്ലാ മനുഷ്യരിലും പ്രത്യേകിച്ച്‌ കഷണ്‌ടിയുള്ളവരിലും ഉണ്‌ടെന്നാണ്‌ ഈ ഗവേഷകരുടെ വാദം. എന്നാല്‍ ഇത്തരം ഹോര്‍മോണുകള്‍ ആവശ്യാനുസരണം ഉല്‍പ്പാദനം നടത്തുന്നില്ലാത്തതിനാല്‍ കഷണ്‌ടിയുടെ അതിപ്രസരം ഉണ്‌ടാവുന്നതായി ഇവര്‍ സ്ഥിരീകരിക്കുന്നു.

തലമുടി കൊഴിഞ്ഞുപോകുന്ന സ്ഥലത്തോ അതോ ജന്മനാ കഷണ്‌ടിയായവരുടെ തലമുടി കുറഞ്ഞ ഭാഗത്തോ പിഡിജി 2 പ്രോട്ടീന്റെ അളവ്‌ മറ്റുള്ള ഭാഗത്തുള്ളതിനേക്കാള്‍ മൂന്നിരിട്ടി വരുമെന്നാണ്‌ ഇവരുടെ കണ്‌ടെത്തല്‍.ലാബേറട്ടറികളിലും എലികളിലും നടത്തിയ പഠനത്തിലാണ്‌ പിഡിജി 2 പ്രോട്ടീന്‍ തലമുടി വളര്‍ച്ചയെ മുരടിപ്പിക്കുന്നതായി കണ്‌ടെത്തിയത്‌. അമ്പതു വയസ്‌ എത്തിയ 50 ശതമാനം പേര്‍ക്കും എഴുപതു വയസുള്ള 70 ശതമാനം പേര്‍ക്കും ഇപ്പോള്‍ കഷണ്‌ടിയുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതിന്‌ പ്രതിവിധിയായി മൃഗങ്ങളുടെ ആമാശയത്തില്‍ നിന്നെടുക്കുന്ന കൊഴുപ്പിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന സീറം കഷണ്‌ടിക്ക്‌ മരുന്നാക്കാനും ഗവേഷകര്‍ ശ്രമിക്കുന്നുണ്‌ട്‌.

ബ്രിട്ടനില്‍ ഏതാണ്‌ട്‌ 7.4 മില്യണ്‍ ആളുകള്‍ക്കാണ്‌ കഷണ്‌ടിയുള്ളത്‌. ഇവരില്‍ ഭൂരിഭാഗവും വിഗിനെയോ ഹെയര്‍ ട്രാന്‍സ്‌പ്‌ളാന്റേഷനെയോ ആശ്രയിക്കുന്നു. ഇതില്‍ ഏതായാലും സാമ്പത്തിക ചെലവും ശാരീരിക ബുദ്ധിമുട്ടും ഉണ്‌ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. സയന്‍സ്‌ ട്രാന്‍സലേഷന്‍ മെഡിസിന്‍ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്‌.
കഷണ്‌ടിക്കുള്ള മരുന്ന്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റില്‍ ലഭ്യമെന്ന്‌ ഗവേഷകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക