Image

ബിഗ്‌ബെന്നിന്റെ പേരു മാറ്റുന്നു, ഇനി എലിസബത്ത്‌ ടവര്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 25 March, 2012
ബിഗ്‌ബെന്നിന്റെ പേരു മാറ്റുന്നു, ഇനി എലിസബത്ത്‌ ടവര്‍
ലണ്‌ടന്‍: ലണ്‌ടന്റെ തിലകക്കുറിയും ആഗോള സന്ദര്‍ശകരുടെ പ്രധാനപ്പെട്ട കാഴ്‌ചാകേന്ദ്രവുമായ ബ്രിട്ടനിലെ ബിഗ്‌ബെന്‍ ക്‌ളോക്ക്‌ ടവറിന്റെ പേരുമാറ്റി പകരം ബ്രിട്ടനിലെ രാജ്ഞിയോടുള്ള ആദര സൂചകമായി എലിസബത്ത്‌ ടവര്‍ എന്നാക്കാന്‍ കാമറോണ്‍ ഭരണകൂടത്തിലെ മുതിര്‍ന്ന എംപിമാര്‍ ശിപാര്‍ശ ചെയ്‌തു.

കഴിഞ്ഞ അറുപതു വര്‍ഷമായി ബ്രിട്ടന്റെ കിരീടധാരിണി രാജ്ഞിയായി വിരാചിച്ച എലിസബത്ത്‌ രാജ്ഞിയോടുള്ള ബഹുമാനസൂചകമായിട്ടാണ്‌ ഈ മാറ്റം. എലിസബത്ത്‌ രാജ്ഞിയുടെ ഡയമണ്‌ട്‌ ജൂബിലിയുടെ സ്‌മാരകമെന്നോണം മാറ്റം വരുത്തണമെന്നാണ്‌ ഫോറിന്‍ ഓഫീസ്‌ എയ്‌ഡ്‌ തോബിയാസ്‌ എല്‍വുഡിന്റെ നേതൃത്വത്തിലുള്ള എംപിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

1860 ല്‍ വെസ്റ്റ്‌മിന്‍സ്റ്റര്‍ പാലസിന്റെ വെസ്റ്റ്‌ ടവറിന്‌ വിക്‌ടോറിയ പാലസ്‌ എന്ന്‌ പേരു നല്‍കിയിരുന്നു. എന്നാല്‍ ആദ്യം ഇത്‌ കിംഗ്‌സ്‌ ടവര്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അന്ന്‌ കിരീടധാരിണിയായ വിക്‌ടോറിയ രാജ്ഞിയുടെ ബഹുമാനാര്‍ഥമുള്ളതായിരുന്നു ഈ പേരുമാറ്റം.

കാബിനറ്റ്‌ മന്ത്രിമാര്‍, സര്‍ ജോര്‍ജ്‌ യംഗ്‌, മറ്റു മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരും എല്‍വുഡിന്റെ അഭിപ്രായത്തിന്‌ പിന്തുണ നല്‍കിയിട്ടുണ്‌ട്‌. ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌ കമ്മീഷനോടും എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ജൂണ്‍ രണ്‌ടിനു നടക്കുന്ന ആഘോഷത്തില്‍ ഔദ്യോഗികമായി പേരുമാറ്റചടങ്ങ്‌ നടത്തണമെന്നാണ്‌ എല്‍വുഡിന്റെയും സംഘത്തിന്റെയും ആവശ്യം.

1859 ല്‍ നിര്‍മാണം പൂര്‍ത്തിയായ ക്ലോക്ക്‌ ടവറിന്‌ 316 അടി ഉയരമുണ്‌ട്‌. അപൂര്‍വ വസ്‌തുക്കള്‍ കൊണ്‌ടാണ്‌ ടവര്‍ നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്‌ട്‌. കാലാകാലങ്ങളില്‍ ടവറിന്റെ മാത്രമല്ല ഒപ്പം ക്‌ളോക്കിന്റെയും അറ്റകുറ്റപണികള്‍ ചെയ്‌തുവരുന്നു. ഏറ്റവും വലിയ നാലു മുഖത്തോടുകൂടിയ ക്‌ളോക്ക്‌ എന്ന ബഹുമതിയും ബിഗ്‌ബെന്നിനുണ്‌ട്‌. ആദ്യം കാസ്റ്റ്‌ അയണില്‍ തീര്‍ത്തിരുന്ന ഭാഗങ്ങള്‍ ഭാരത്തിന്റെ പ്രശ്‌നം സൃഷ്‌ടിച്ചിരുന്നത്‌ പിന്നീട്‌ ലൈറ്റ്‌ ചെമ്പ്‌ ഉപയോഗിച്ച്‌ മാറ്റിവച്ചു. യോര്‍ക്ക്‌ഷെയറിലെ അന്‍സ്റ്റോണ്‍ കല്ലുകള്‍ക്കുപുറമേ കോര്‍ണിഷ്‌ ഗ്രാനൈറ്റും ടവറിന്റെ നിര്‍മാണത്തിന്‌ ഉപേേയാഗിച്ചിട്ടുണ്‌ട്‌.
ബിഗ്‌ബെന്നിന്റെ പേരു മാറ്റുന്നു, ഇനി എലിസബത്ത്‌ ടവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക