Image

ഭാരതഭാഷയില്‍ ക്രൈസ്തവികത വായിച്ച കര്‍ദിനാള്‍

പോള്‍ തേലക്കാട്ട്‌ (Mathrubhumi) Published on 24 March, 2012
ഭാരതഭാഷയില്‍ ക്രൈസ്തവികത വായിച്ച കര്‍ദിനാള്‍
കര്‍ദിനാള്‍ പാറേക്കാട്ടിലിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം കുറിക്കുകയാണ്. സഭയ്ക്കകത്തു നിന്നു മാത്രം സഭയെകണ്ട അദ്ദേഹം സഭയുടെ പുറത്തുനിന്നും സഭയെ കാണാന്‍ പഠിച്ചു. ലോകത്തില്‍ നിന്ന് അടച്ചു പൂട്ടിയ സഭ അതിന്റെ വാതാ യനങ്ങള്‍ തുറക്കണമെന്ന സൂനഹദോസ് പ്രഖ്യാപനം അദ്ദേഹം ഭാരത സഭയില്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചു


1986-ല്‍ സമാധാനത്തിനു നൊബേല്‍ സമ്മാനം നേടിയ യഹൂദനായ ഏലി വീസല്‍ തന്റെ ഏറ്റവും പ്രിയ ഹീറോ ബൈബിളിലെ മോസസ് ആണെന്നു ടൈം വാരികയോടു പറഞ്ഞിട്ടുണ്ട്. അതിനദ്ദേഹം കാരണം പറഞ്ഞു: ജനതയുടെ പരിഭവങ്ങള്‍ ദൈവത്തോടു പറഞ്ഞ് ദൈവത്തിന്റെ അപ്രീതിയും ദൈവത്തിന്റെ പരിഭവങ്ങള്‍ ജനത്തോടു പറഞ്ഞ് അവരുടെ അപ്രീതിയും സമ്പാദിച്ച പ്രവാചകനാണ് മോസസ്. 1912 ഏപ്രില്‍ ഒന്നാം തീയതി ജനിച്ച കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ ജന്മശതാബ്ദിയുടെ ശ്രാദ്ധക്കുറിപ്പെഴുതുമ്പോള്‍ എന്റെ മനസ്സിലെ ചിത്രവും ഏലി വീസല്‍ ചൂണ്ടിക്കാണിച്ചതാണ്. ഏതൊരുവന്റെയും മുകളിലും താഴെയും ചുറ്റിലും മനുഷ്യരുണ്ട്. താഴെയുള്ളവരുടെ പ്രശ്‌നങ്ങള്‍കൊണ്ട് മുകളിലും മുകളിലുള്ളവരുടെ പ്രശ്‌നങ്ങള്‍കൊണ്ട് താഴെയും അലോസരമുണ്ടാക്കാന്‍ പ്രവാചകര്‍ക്കേ കഴിയൂ. അതിനവര്‍ വലിയ വിലയും നല്‍കുന്നു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ് കാര്‍ഡിനല്‍ പാറേക്കാട്ടിലിനെ പരിവര്‍ത്തനവാദിയാക്കിയത്. അദ്ദേഹത്തിന്റെ ഉപരിപഠനവിഷയം വി. അഗസ്റ്റിനും പെലാജിയൂസും തമ്മിലുണ്ടായ വാഗ്വാദത്തിന്റേതായിരുന്നു. റോമിന്റെ കുത്തഴിഞ്ഞ ഉപഭോഗജീവിതശൈലി ഉടച്ചുവാര്‍ക്കാന്‍ യത്‌നിച്ച പെലാജിയൂസ് താപസമുറകള്‍ അവരെ അഭ്യസിപ്പിച്ചു. മനുഷ്യന്റെ രക്ഷയും മോചനവും അവന്റെ തന്നെ ശ്രമമില്ലാതെ നടക്കില്ല എന്ന് അദ്ദേഹം പ്രസംഗിച്ചു. ചിലര്‍ അതിനെ എന്റെ രക്ഷകന്‍ ഞാന്‍ തന്നെ എന്നു ധരിച്ചു. ദാനമായി കിട്ടാത്തതായി നിനക്ക് എന്തുണ്ട് എന്നു ചോദിച്ച അഗസ്റ്റിന്‍ പെലാജിയൂസിനെ എതിര്‍ത്തു. ഈ വാദപ്രതിവാദത്തില്‍ എവിടെയോ സമതുലനം നഷ്ടപ്പെട്ടു എന്ന് പിന്നീട് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു. പെലാജിയൂസ് പെലേജിയന്‍ ആയിരുന്നില്ല, അഗസ്റ്റിന്‍ പ്രൊട്ടസ്റ്റന്റുമായിരുന്നില്ല എന്ന നിഗമനത്തിലാണ് ഇന്നു പലരും.

ഏതാണ്ടിതുപോലൊരു വിവാദത്തിലാണ് കേരളത്തിലെ ആദ്യത്തെ കര്‍ദിനാളും എത്തിപ്പെട്ടത്. സഭയ്ക്കകത്തുനിന്നുമാത്രം സഭയെ കണ്ട അദ്ദേഹം സഭയുടെ പുറത്തുനിന്നും സഭയെ കാണാന്‍ പഠിച്ചു. ലോകത്തില്‍നിന്ന് അടച്ചുപൂട്ടിയ സഭ അതിന്റെ വാതായനങ്ങള്‍ തുറക്കണമെന്ന് സൂനഹദോസ് പ്രഖ്യാപിച്ചു. അതദ്ദേഹം ഭാരതസഭയില്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചു. സഭാസ്‌നേഹത്തില്‍നിന്നും സഭയുടെ ഭാവി നോക്കിയുമായിരുന്നു അദ്ദേഹം അത് ചെയ്തത്. നാളെയുടെ സഭയെക്കുറിച്ച് അദ്ദേഹം സ്വപ്നങ്ങള്‍ കണ്ടു. ഇന്നിന്റെ സഭയുടെ കഥ നാളെയുടെ കഥകളുമായി അദ്ദേഹം തട്ടിച്ചുനോക്കി വിലയിരുത്തി. അതു വിമര്‍ശനമായിരുന്നു. ഇന്നിന്റെ നടത്തിപ്പിലും കെട്ടുറപ്പിലും ശ്രദ്ധിച്ചവര്‍ക്ക് അത് അലോസരവും അസ്ഥിരതയുമുണ്ടാക്കി. നാളെ വളരെ ഭിന്നമായി സ്വപ്നം കണ്ടവരുടെ സ്വപ്നങ്ങളുടെ പ്രതിവിമര്‍ശനവും ഉണ്ടായി. മാത്രമല്ല വാതായനങ്ങള്‍ അധികം തുറന്നാല്‍ പുറംലോകം അകത്തുകയറി അകം അശുദ്ധമാക്കി ആരോഗ്യവും ജീവനും അപകടത്തിലാക്കുമെന്ന ഭയവുമുണ്ടായി.

ഏതു ജൈവഘടനയ്ക്കും ലോകത്തോടു തുറവിയും അതേസമയം ലോകത്തില്‍നിന്നു വേര്‍തിരിക്കുന്ന സുരക്ഷിതത്വത്തിന്റെ കോട്ടയുമുണ്ട്. പുറംലോകത്തിലേക്കു തുറന്ന ശരീരമാണ് നമ്മുടേത്. കാറ്റും വെളിച്ചവും ചൂടും തണുപ്പും ആഹാരവും ദൃശ്യങ്ങളും അകത്തേക്കു കടക്കുന്നുണ്ട്. പക്ഷേ, തൊലി എന്ന അത്യത്ഭുതകരമായ കോട്ടയ്ക്കകത്താണ് മനുഷ്യന്റെ ജീവന്‍ തുടിക്കുന്നത്.
ഇതു തന്നെയാണു സഭാഗാത്രത്തിന്റെയും കഥ. അത് മറ്റു മതങ്ങളിലേക്കും സംസ്‌കാരങ്ങളിലേക്കും വേദങ്ങളിലേക്കും ഭാഷ്യങ്ങളിലേക്കും ചരിത്രത്തിന്റെ ഏടുകളിലേക്കും തുറന്നിരിക്കുന്നു. ഒപ്പം ആരോഗ്യകരമല്ലാത്തതിനെ അടിച്ചു പുറത്താക്കുന്നു. അകവും പുറവും വര്‍ത്തമാനവും ഭാവിയും വ്യക്തിയും സമൂഹവും പാരമ്പര്യങ്ങളും വാഗ്ദാനങ്ങളും പഴമയും പുതുമയും തമ്മിലുള്ള സമതുലനം തെറ്റുന്നത് ഏതെങ്കിലും ഒരു മാനം അധികാരാധിപത്യം നടത്തുമ്പോഴാണ്. സഭയ്ക്കു പുറമെ രക്ഷയില്ല എന്നത് വിശ്വാസപ്രമാണം പോലെയായി; ദേവഭാഷ ലത്തീനും സുറിയാനിയുമാണെന്നു വന്നു. സംസ്‌കാരങ്ങളെ പരിഷ്‌കരിക്കുക മാത്രമാണ് ക്രൈസ്തവധര്‍മമെന്നു ധരിച്ചു. ഇതൊക്കെ സൃഷ്ടിച്ച ശ്വാസംമുട്ടലില്‍നിന്നാണ് സൂനഹദോസിന്റെ സമീപനം വാതിലുകള്‍ തുറന്നത്. സഭ മാര്‍പാപ്പയും മെത്രാന്മാരും വൈദികരുമാണ് എന്നു പറഞ്ഞിടത്ത് സഭ ദൈവജനമായി; മറ്റ് വേദങ്ങളിലും സംസ്‌കാരങ്ങളിലും ദൈവത്തിന്റെ വചനബീജങ്ങള്‍ കണ്ടെത്തി; സംസ്‌കാരങ്ങളില്‍നിന്നു പഠിക്കാനും സ്വാംശീകരിക്കാനുമുണ്ടെന്ന് സമ്മതിച്ചു; മാതൃഭാഷകളില്‍ ദേവഭാഷ തര്‍ജമ ചെയ്തു; ദൈവത്തിലേക്കു തിരിയാന്‍ ജനങ്ങളിലേക്കു തിരിഞ്ഞു; ലത്തീന്‍ സുറിയാനി കുര്‍ബാനപോലെ ഭാരതീയ പൂജയും വന്നു; മെത്രാന്മാരും സഭാനേതാക്കളും രാജകീയ വേഷവിധാനങ്ങള്‍ ഉപേക്ഷിച്ചു; ഹയറാര്‍ക്കിക്കല്‍ സഭയില്‍ ദൈവഹിതമറിയാന്‍ വോട്ടെടുപ്പുകള്‍ ആവശ്യമായി. ദൈവഹിതം തിരിച്ചറിയാന്‍ പ്രാര്‍ഥനയും പരിശുദ്ധാത്മാവിനോടു തുറന്ന മനസ്സുമില്ലെങ്കില്‍ പാളിച്ചകള്‍ സംഭവിക്കുമെന്നു തുറന്നുപറയാന്‍ കര്‍ദിനാള്‍ പാറേക്കാട്ടില്‍ സന്നദ്ധനായി. രണ്ടു മാര്‍പാപ്പമാരുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത അദ്ദേഹം സഭയുടെ അകം കണ്ടവനായിരുന്നു. സഭാനേതൃത്വത്തിലൂടെയും സഭാംഗങ്ങളിലൂടെയുമാണ് പരിശുദ്ധാത്മാവു സഭയെ നയിക്കുന്നത്. ആത്മാവിനു ചെവികൊടുക്കാന്‍ കാലത്തിന്റെ ചുവരെഴുത്തുകളും ജനങ്ങളുടെ അഭിപ്രായാഭിലാഷങ്ങളും വായിക്കണമെന്നു കര്‍ദിനാള്‍ പാറേക്കാട്ടില്‍ വിശ്വസിച്ചു.

എന്നാല്‍ ഈ നിലപാടുകളോടു വിയോജിപ്പുള്ളവരുണ്ടായിരുന്നു. വിയോജിച്ചവര്‍ സഭാശത്രുക്കളായിരുന്നില്ല. അവരും സഭയെ സ്‌നേഹിച്ചവരും സഭയുടെ ഭാവി അപകടത്തിലാകുന്നു എന്ന് ആശങ്കപ്പെട്ടവരുമായിരുന്നു. സഭയുടെ ഏതു കാലഘട്ടങ്ങള്‍ പരിശോധിച്ചാലും സംവാദങ്ങള്‍ ശരി-തെറ്റുകള്‍ തമ്മില്‍ എന്നതിക്കോള്‍ അപൂര്‍ണ ശരികള്‍ തമ്മിലായിരുന്നു. 'സുറിയാനി കുര്‍ബാന തെറ്റ്, മലയാളം കുര്‍ബാന ശരി' എന്ന നിലപാട് അപക്വമാണ്. ജനാഭിമുഖ കുര്‍ബാനയും അള്‍ത്താരാഭിമുഖ കുര്‍ബാനയും തെറ്റുശരികളുടെ പ്രശ്‌നമേയല്ല. സഭയെ ഒരു സമുദായമാക്കരുത് എന്നു പറയാം. പക്ഷേ, സഭ സ്വന്തം നിലനില്പും ഉറപ്പാക്കണം.ഈ ബാലന്‍സ് ചരിത്രപ്രതിസന്ധികളില്‍ പ്രയാസമാണ്. കാരണം നിലപാടുകളെ വിഗ്രഹവത്കരിക്കുന്നതുതന്നെ. ഇരു ധ്രുവയാഥാര്‍ഥ്യത്തിന്റെ ധ്രുവങ്ങള്‍ തമ്മില്‍ പിരിമുറുക്കം വളര്‍ച്ചയുടെ അനിവാര്യതയാണ്. യാഥാസ്ഥിതിക പുരോഗമന വലിവുകള്‍ ആരോഗ്യലക്ഷണമാണ്. ഒന്നും ഒരിക്കലും മാറാന്‍ പാടില്ല എന്നു പറയുന്നവര്‍ മാറാതിരിക്കാനായി ഞാന്‍ സ്ഥിരം മാറിക്കൊണ്ടിരിക്കുന്നു എന്നതു മറക്കുന്നു. മാറ്റത്തിനുവേണ്ടി വിപ്ലവവാദികളാകുന്നവര്‍ ഞാന്‍ ഞാനല്ലതായി മാറുന്നതു മരണമാണ് എന്നറിയുന്നില്ല.
കേരളസഭയ്ക്കു നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നു പറഞ്ഞാലും ആരോഗ്യകരമായ ക്രൈസ്തവജീവിതത്തിന്റെ പിരിമുറുക്കങ്ങള്‍ വളരെ കുറവായിരുന്നു. അതിനു കാരണം പ്രായപൂര്‍ത്തിയാകാത്ത വിധേയത്വ മനസ്സല്ലേ എന്നു സംശയിച്ചുപോകുന്നു. വിലയിരുത്തലും ധൈഷണികമായ പക്വതയും വാഗ്വാദങ്ങളെ സൃഷ്ടിക്കുകയും അവയെ വിലയനം ചെയ്യാനുള്ള പക്വത ആര്‍ജിക്കുകയും ചെയ്യും. അതിനു കേരളസഭയും സാക്ഷിയാണ്. യൂറോപ്യന്‍സഭ വളരുന്നതു ധാരാളം സംവാദങ്ങളിലൂടെയാണ്. മൊട്ടുസൂചി മുനയില്‍ എത്ര മാലാഖമാര്‍ക്കു നൃത്തം ചെയ്യാം എന്നതുപോലുള്ള കീറിമുറിക്കലിന്റെ ധൈഷണികതയാണ് യൂറോപ്പ്, ശാസ്ത്രങ്ങളുടെ സാംസ്‌കാരിക ലോകമാകാന്‍ കാരണം.

അഗസ്റ്റിന്‍, പ്ലോട്ടിനസിന്റെ താത്ത്വികഭാഷയിലൂടെ വിശ്വാസം വിശദീകരിച്ചതുപോലെ, അക്വിനാസ് പേഗനായ അരിസ്റ്റോട്ടലിനെ 'ഗുരു'വാക്കി ദൈവശാസ്ത്രം പടുത്തുയര്‍ത്തിയതുപോലെ ഭാരത സംസ്‌കാരത്തിന്റെ ഭാഷയില്‍ ക്രൈസ്തവികത വായിച്ചെഴുതാന്‍ ശ്രമിച്ച ഭാരതത്തിന്റെ കര്‍ദിനാളായിരുന്നു പാറേക്കാട്ടില്‍. അദ്ദേഹം കാവി ധരിച്ചു, ഭാരതീയപൂജ ചൊല്ലി, ഇവിടത്തെ വേദസൂക്തങ്ങള്‍ മനഃപാഠമാക്കി. കാവിയിട്ട ക്രൈസ്തവികതയെ അദ്ദേഹം സ്വപ്നം കണ്ടു. സുറിയാനി, ലത്തീന്‍ സംസ്‌കാരങ്ങളോടൊപ്പം ഭാരതസംസ്‌കാരവും അദ്ദേഹം അള്‍ത്താരയിലേക്ക് ആവാഹിച്ചു.

സഭയുടെ ചരിത്രം ശ്രദ്ധിച്ചിട്ടുള്ളവര്‍ പിതാവിന്റെ നടപടികളില്‍ പാഷണ്ഡതയോ വിപ്ലവമോ കണ്ടില്ല, സ്വന്തം മണ്ണില്‍ ക്രൈസ്തവികത നട്ടുവളര്‍ത്താനുള്ള ഒരു സഭാധ്യക്ഷന്റെ ആത്മാര്‍ഥമായ ശ്രമമല്ലാതെ. മൈക്കലാഞ്ചലോ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളില്‍ വരച്ച ചിത്രങ്ങളില്‍ ഗ്രീക്ക്-പേഗന്‍ മതങ്ങളിലെ വെളിച്ചപ്പാടുകാരണികളായ അഞ്ചു സിബിലുകളെ വരച്ചുവെച്ചതില്‍ സഭയ്ക്കു പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. കാരണം യേശുവിന്റെ വരവിനെക്കുറിച്ച് അവരും പ്രവചിച്ചിരുന്നു എന്നു ക്രൈസ്തവ പണ്ഡിതന്മാര്‍ വായിച്ചെടുത്തു. പതിമ്മൂന്നാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസി തോമസ് ചെലാനോ രചിച്ചതായി കരുതുന്ന 'കോപത്തിന്റെ ദിനം' (Dies irae ) എന്ന കവിത ദാവീദിനോടൊപ്പം ഗ്രീക്കു സിബിലുകളെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ ഗീതം 1970 വരെ ലത്തീന്‍ റീത്തിലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാനയില്‍ ഉപയോഗിച്ചിരുന്നു. ഇന്നും അതു ലത്തീന്‍ റീത്തിലെ കാനോന നമസ്‌കാരത്തിലുണ്ട്. ഹീബ്രു ബൈബിള്‍ ഗ്രീക്കിലേക്കു തര്‍ജമ ചെയ്ത അലക്‌സാന്‍ഡ്രിയയിലെ 70 പണ്ഡിതരുടെ ഗ്രീക്കു ബൈബിളില്‍ ആറു തവണകളില്‍ സൈറന്‍ എന്ന ഗ്രീക്കു വാക്കു കാണുന്നു. ഹോമറിന്റെ കാല്പനികസൃഷ്ടിയായ സൈറന്‍ അങ്ങനെ വേദഗ്രന്ഥത്തില്‍ കയറിപ്പറ്റി. യൂറോപ്യന്‍ ക്രൈസ്തവര്‍ പറുദീസയിലെ വിലക്കപ്പെട്ട കനി ഗ്രീക്കു പുരാണത്തിലെ 'സുവര്‍ണ ആപ്പിളി'ല്‍ വായിച്ചു. ഹവ്വായുടെ പ്രലോഭനവും പതനവും പണ്ടോരയുടെ പെട്ടിതുറക്കലായി അവര്‍ വ്യാഖ്യാനിച്ചു. സൂര്യദേവന്റെ പിറന്നാള്‍ ദിനത്തില്‍ ക്രിസ്മസ് ആഘോഷിച്ചു; പേഗന്‍ ദേവതയായ ഇഷ്തറിന്റെ പേരില്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാള്‍ ('മീറവി) നടത്തി.

''ക്രൈസ്തവികത അതുല്യമായവിധം നവീനയാണ്. പക്ഷേ, അതു മനുഷ്യചരിത്രത്തിലെ മതാത്മക അന്വേഷണത്തെ നിരാകരിക്കുന്നില്ല. ലോകമതങ്ങളില്‍ നിലവിലുള്ള വ്യഗ്രതകള്‍ ക്രൈസ്തവികതയിലേക്ക് ആവാഹിച്ചുകൊണ്ട് അവയുമായുള്ള ബന്ധം നിലനിര്‍ത്തുന്നു'' എന്നു കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ 1999-ല്‍ ലിറ്റര്‍ജിയെക്കുറിച്ചുള്ള പുസ്തകത്തില്‍ എഴുതി. കര്‍ദിനാള്‍ പാറേക്കാട്ടില്‍ തന്റെ ആത്മകഥ അവസാനിപ്പിച്ചുകൊണ്ട് എഴുതി: ''നവീനാശയങ്ങള്‍ എളുപ്പം ദഹിക്കുകയില്ല. ഭാരതത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനം ആരംഭിച്ചപ്പോള്‍ പലരും... അതിനോടു സഹകരിക്കാതിരുന്നു... അതുപോലെ ഭാരതീയവത്കരണവും ഒരു യാഥാര്‍ഥ്യമായി മാറുമെന്നും സര്‍വരും അതിനെ അനുകൂലിക്കുകയും അതില്‍ ആനന്ദിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.'' വഴിനടക്കുന്നവരും നടന്നു വഴിയുണ്ടാക്കുന്നവരുമുണ്ട്. കര്‍ദിനാള്‍ പാറേക്കാട്ടില്‍ ഭാരതസഭയ്ക്കു പുതിയ വഴി നടന്നുണ്ടാക്കാന്‍ ശ്രമിച്ച മോസസായിരുന്നു. അദ്ദേഹം നടന്ന വഴികളില്‍ കാടുകേറാതിരിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക