Image

പെട്രോള്‍, ഡീസല്‍ വില വര്‍ധന ഉടനെന്ന്‌ മന്ത്രി

Published on 23 March, 2012
പെട്രോള്‍, ഡീസല്‍ വില വര്‍ധന ഉടനെന്ന്‌ മന്ത്രി
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിക്കുമെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ജയ്‌പാല്‍റെഡ്ഡി പറഞ്ഞു. അടുത്ത മാസം പെട്രോള്‍ വില കൂട്ടാനുള്ള തയ്യാറെടുപ്പുകള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തുടങ്ങി. പെട്രോളടക്കം മുഴുവന്‍ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില്‌പനയിലും എണ്ണക്കമ്പനികള്‍ക്ക്‌ കനത്ത നഷ്ടമാണുള്ളതെന്ന്‌ ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ആര്‍.എസ്‌.ബുട്ടോല വെള്ളിയാഴ്‌ച പറഞ്ഞു.

അതിനിടെ ഡീസലിന്റെ വില നിയന്ത്രണം ഒഴിവാക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വില വര്‍ധന മന്ത്രിസഭാ ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധന സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ പ്രണബ്‌ മുഖര്‍ജി അധ്യക്ഷനായ മന്ത്രിസഭാ ഉന്നതാധികാര സമിതിയാണ്‌. നഷ്ടത്തില്‍ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ എണ്ണക്കമ്പനികള്‍ക്കും നഷ്ടപരിഹാം നല്‍കണമെന്നാണ്‌ മന്ത്രാലയത്തിന്റെ കാഴ്‌ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

ഡീസല്‍ ലിറ്ററിന്‌ 14.73 രൂപ, പെട്രോള്‍, 7.72 രൂപ, മണ്ണെണ്ണ 30.10 രൂപ പാചകവാതകം 14.2 കിലോയുടെ സിലണ്ടറിന്‌ 439.50 രൂപ എന്നിങ്ങനെയാണ്‌ നഷ്ടമെന്ന്‌ എണ്ണക്കമ്പനികള്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 1,40,000 കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും 45,000 കോടി മാത്രമാണ്‌ സര്‍ക്കാര്‍ നഷ്ടപരിഹാരമായി തന്നതെന്നും കമ്പനികള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക