Image

ഖത്തറില്‍ ജല ജലസുരക്ഷയ്‌ക്ക്‌ വന്‍ പദ്ധതി

Published on 23 March, 2012
ഖത്തറില്‍ ജല ജലസുരക്ഷയ്‌ക്ക്‌ വന്‍ പദ്ധതി
ദോഹ: രാജ്യത്ത്‌ വരും നാളുകളില്‍ ജലസുരക്ഷ ഉറപ്പാക്കുന്നതിനും ജല സംഭരണവും വിതരണവും കാര്യക്ഷമമാക്കുന്നതിനും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍റ്‌ വാട്ടര്‍ കോര്‍പറേഷനുമായി ചേര്‍ന്ന്‌ വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഊര്‍ജ, വ്യവസായമന്ത്രിയും ജലവിഭവ സ്റ്റാന്‍റിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ ഡോ. മുഹമ്മദ്‌ ബിന്‍ സാലിഹ്‌ അല്‍ സാദ അറിയിച്ചു. ലോക ജലദിനാചരണവുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രസ്‌താവനയിലാണ്‌ മന്ത്രി ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്‌.

ഖത്തറില്‍ ജല സംഭരണ, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി അടുത്ത പത്ത്‌ വര്‍ഷത്തിനുള്ളില്‍ 2200 കോടി റിയാലിന്‍െറ നിക്ഷേപം നടത്തുമെന്ന്‌ മന്ത്രി പറഞ്ഞു. ലോകത്ത്‌ മതിയായ ജലവിഭവമില്ലാത്ത മേഖലകളിലൊന്നാണ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍. ഈ സാഹചര്യത്തില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ ജലസുരക്ഷക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. ഭൂഗര്‍ഭജലത്തിന്‍െറ ശോഷണം, മഴയുടെ കുറവ്‌, ജനസംഖ്യ കൂടുന്നതനുസരിച്ച്‌ ജലത്തിന്‍െറ വര്‍ധിച്ചുവരുന്ന ആവശ്യം എന്നിവയാണ്‌ ഈ രംഗത്തെ പ്രധാന വെല്ലുവിളികള്‍. രാജ്യത്തിന്‍െറ പുരോഗതിയില്‍ ജലമേഖലക്ക്‌ സുപ്രധാന പങ്കുണ്ട്‌.

പുതിയ സ്‌റ്റേഷനുകളും അനുബന്ധ വിതരണശൃംഖലകളും സ്ഥാപിക്കലും രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്ന വിധം അവയുടെ പ്രവര്‍ത്തനനിലവാരം ഉറപ്പാക്കലും പദ്ധതികളില്‍പ്പെടുന്നു. 63 ശദലക്ഷം ഗാലന്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ്‌ നിര്‍ദിഷ്ട റാസ്‌ ഖര്‍ത്താസ്‌ പദ്ധതി. പദ്ധതിയുടെ നിലവിലെ ഘട്ടം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം 325 ഗാലന്‍ ഉല്‍പ്പാദനം നടക്കും. 1600 ദശലക്ഷം ഗാലന്‍ ശേഷിയുള്ള സംഭരണികള്‍ നിര്‍മിച്ച്‌ ശൃംഖല ശക്തിപ്പെടുത്താനാണ്‌ പദ്ധതി. മിസൈമീര്‍ ഏരിയയില്‍ സ്ഥാപിക്കുന്ന പമ്പിംഗ്‌ സ്‌റ്റേഷനുകള്‍ക്ക്‌ പുറമെയാണിത്‌.

ജല ഉല്‍പാദന യൂണിറ്റുകള്‍, പമ്പിംഗ്‌ സ്‌റ്റേഷനുകള്‍, ജലസംഭരണികള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി വിതരണം നിയന്ത്രിക്കും. കൂടുതല്‍ ജലം സംഭരിക്കുന്നതിന്‌ കൂറ്റന്‍ ടാങ്കുകള്‍ നിര്‍മിക്കാനും കഹ്‌റമ പദ്ധതി തയാറാക്കിയിട്ടുണ്ട്‌. ജല സംരക്ഷണം സര്‍ക്കാറിന്‍െറയും പൊതുജനങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ലോക ജലദിനാചരണത്തോടനുബന്ധിച്ച്‌ ജലസംരക്ഷണത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കാന്‍ കഹ്‌റമ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന കാമ്പയിന്‌ രൂപം നല്‍കിയിട്ടുണ്ട്‌. അശ്രദ്ധമായ ജലവിനിയോഗം രാജ്യത്തിന്‍െറ സുസ്ഥിര വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക