Image

അനൂപ്‌ ജേക്കബിന്‍െറ വിജയം ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനുള്ള അംഗീകാരം: പ്രവാസി സംഘടനകള്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 23 March, 2012
അനൂപ്‌ ജേക്കബിന്‍െറ വിജയം ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനുള്ള അംഗീകാരം: പ്രവാസി സംഘടനകള്‍
റിയാദ്‌: പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ്‌ ജേക്കബിന്‍െറ വിജയം ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനുള്ള കേരള ജനതയുടെ അംഗീകാരമാണെന്ന്‌ റിയാദിലെ യുഡിഎഫ്‌ അനുകൂല പ്രവാസി സംഘടനകളും ജാതി മത വര്‍ഗീയ ശക്‌തികളെ സ്വാധീനിച്ചും ഭരണ യന്ത്രത്തെ ദുരുപയോഗം ചെയ്‌തും നേടിയ വിജയം ഒരു തരത്തിലും ആശാസ്യമല്ലെന്ന്‌ എല്‍ഡിഎഫ്‌ അനുകൂല സംഘടനകളും അഭിപ്രായപ്പെട്ടു.

ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്‍െറ ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതിന്‍െറ പ്രകടമായ തെളിവാണ്‌ റെക്കോര്‍ഡ്‌ ഭൂരിപക്ഷം നല്‍കി അനൂപ്‌ ജേക്കബിനെ പിറവത്തെ വോട്ടര്‍മാര്‍ നിയമസഭയിലേക്ക്‌ തെരഞ്ഞെടുത്തതെന്ന്‌ ഒഐസിസി റിയാദ്‌ സെന്‍ട്രല്‍ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഉമ്മന്‍ചാണ്‌ടി സര്‍ക്കാര്‍ യാതൊരു പ്രതിസന്‌ധിയുമില്ലാതെ അഞ്ചു വര്‍ഷം തികയ്‌ക്കുമെന്ന്‌ പിറവത്തെ ഭൂരിപക്ഷം വിളിച്ചോതുന്നതായി ഒഐസിസി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളുമായി അതിവേഗം ബഹുദൂരം മുന്നോട്ട്‌ കുതിക്കുന്ന സര്‍ക്കാരിനെതിരെ സമരാഭാസം സംഘടിപ്പിച്ച്‌ വികസനം തടയുന്ന പ്രതിപക്ഷത്തിനുള്ള കനത്ത താക്കീതു കൂടിയാണ്‌ ഈ വിജയമെന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.

പിറവത്തെ വിജയം കേരള സര്‍ക്കാരിന്‍െറ തലയില്‍ ചാര്‍ത്തിയ പൊന്‍തൂവലാണെന്ന്‌ കെഎംസിസി റിയാദ്‌ സെന്‍ട്രല്‍ കമ്മറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 10 മാസത്തെ യുഡിഎഫ്‌ ഭരണം ഒരു പുത്തനുണര്‍വ്‌ കേരള ജനതക്കേകിയിരിക്കയാണ്‌. ഐക്യ ജനാധിപത്യ മുന്നണിയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനവും ഇടതു മുന്നണിയിലെ ആശയ ഐക്യവും ഇല്ലാതായതുമാണ്‌ അനൂപിന്‍െറ വിജയിത്തിന്‌ മറ്റൊരു കാരണമെന്നും ഇനി വരാന്‍ പോകുന്ന മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും ഇതു തന്നെ ആവര്‍ത്തിക്കപ്പെടുമെന്നും കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ കുന്നുമ്മല്‍ കോയ, മൊയ്‌തീന്‍ കോയ കല്ലമ്പാറ എന്നിവര്‍ സംയുക്‌ത പ്രസ്‌താവനയില്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളേയും ഒന്നായിക്കാണുന്ന യുഡിഎഫിന്‍േറയും ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിന്‍േറയും പ്രവര്‍ത്തന വിജയമാണ്‌ പിറവം മണ്‌ഡലത്തിലെ യുഡിഎഫ്‌ വിജയമെന്നും അനൂപ്‌ ജേക്കബിനെ റെക്കോര്‍ഡ്‌ വിജയത്തിലെത്തിച്ച വോട്ടര്‍മാരെ മുക്‌തകണ്‌ഠം പ്രശംസിക്കുന്നതായും കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി പറഞ്ഞു.

കേരളത്തിന്‍െറ സമഗ്ര വികസനമാണ്‌ യുഡിഎഫ്‌ ലക്ഷ്യമിടുന്നതെന്ന്‌ കഴിഞ്ഞ ദിവസം കെ.എം. മാണി അവതരിപ്പിച്ച ബജറ്റില്‍ പോലും പ്രതിഫലിക്കുന്നുണ്‌ട്‌. വികസന വിരോധികളെ ഒറ്റപ്പെടുത്താന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞുവെന്നതാണ്‌ പിറവത്തെ ഫലം സൂചിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ പിറവത്തെ ജനവിധി ജനാധിപത്യത്തിന്‌ തെററായ സന്ദേശം നല്‍കുന്നതായി നവോദയ റിയാദ്‌ അഭിപ്രായപ്പെട്ടു. വ്യക്‌തമായ അധികാര ദുര്‍വിനിയോഗവും സാമുദായിക പ്രീണനവും കള്ളപ്പണത്തിന്‍െറ ഒഴുക്കുമാണ്‌ പിറവത്തെ ജനവിധി അട്ടിമറിച്ചതെന്ന്‌ നവോദയ ഭാരവാഹികള്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന്‍െറ വിജയത്തില്‍ അഹങ്കരിച്ച്‌ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ തടരുകയാണെങ്കില്‍ അതിനെതിരെ ശക്‌തമായി പ്രതിഷേധിക്കുമെന്നും നവോദയ പറഞ്ഞു.

യുഡിഎഫ്‌ സര്‍ക്കാരിന്‍െറ ജനോപകാര പ്രദമായ നടപടികളുടെ പ്രതിഫലനമാണ്‌ അനൂപ്‌ ജേക്കബിന്‍െറ വിജയമെന്ന്‌ ഒഐസിസി നേതാക്കളായ സത്താര്‍ കായംകുളം, സിദ്ധാര്‍ഥനാശാന്‍, ഫിറോസ്‌ നിലമ്പൂര്‍, സൈഫ്‌ കായംകുളം, സലീം കളക്കര എന്നിവര്‍ സംയുക്‌ത പ്രസ്‌താവനയില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്‌ടിയുടെ കരങ്ങള്‍ കൂടുതല്‍ ശക്‌തമാകുന്നതായും പിറവത്തെ വോട്ടര്‍മാര്‍ക്ക്‌ അഭിനന്ദനങ്ങള്‍ നേരുന്നതായും തിരുവനന്തപുരം ജില്ലാ ഒഐസിസി പ്രസിഡണ്‌ട്‌ നാസര്‍ കല്ലറ, മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ്‌ സിദ്ദീഖ്‌ കല്ലൂപറമ്പന്‍, രഘുനാഥ്‌ പറശിനിക്കടവ്‌, കെഎംസിസി നേതാവ്‌ അര്‍ശുല്‍ അഹമ്മദ്‌, ബാബു വര്‍ഗീസ്‌, കോഴിക്കോട്‌ ജില്ലാ ഒഐസിസി പ്രസിഡണ്‌ട്‌ മുനീര്‍ കോക്കല്ലൂര്‍, തൃശൂര്‍ ജില്ലാ ഒഐസിസി പ്രസിഡന്റ്‌ ബെന്നി വാടാനപ്പള്ളി, പത്തനംതിട്ട ജില്ല ഒഐസിസി പ്രസിഡന്റ്‌ മാത്യു പാറയ്‌ക്കല്‍, കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ വി.കെ മുഹമ്മദ്‌, കെ.എം. നൗഷാദ്‌, കണ്ണൂര്‍ ജില്ലാ ഒഐസിസി പ്രസിഡന്റ്‌ ലതീഷ്‌ പിണറായി, ഉമ്മര്‍ വലിയപറമ്പ്‌, ജമാല്‍ എരഞ്ഞിമാവ്‌, കെഎംസിസി നേതാവ്‌ അര്‍ശുല്‍ അഹമ്മദ്‌ തുടങ്ങിയവര്‍ പറഞ്ഞു.
അനൂപ്‌ ജേക്കബിന്‍െറ വിജയം ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനുള്ള അംഗീകാരം: പ്രവാസി സംഘടനകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക