Image

'ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍' (ജിനേഷ് മടപ്പള്ളി)

ജിനേഷ് മടപ്പള്ളി Published on 07 May, 2018
'ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍' (ജിനേഷ് മടപ്പള്ളി)
ആത്മഹത്യയെക്കുറിച്ച് അതിമനോഹരമായ കവിത എഴുതിയ യുവകവി  ശ്രീ: ജിനേഷ് മടപ്പള്ളി ജീവിതനൈരാശ്യം മൂര്‍ച്ഛിച്ച് തൂങ്ങിമരിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയ വേദനയോടെ ചര്‍ച്ച ചെയ്യുന്നു. ജിനേഷിന്റെ 
'ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ഒരാള്‍ ' എന്ന മികച്ച മരണകവിതയിലും. കയര്‍വഴിയേ കയറിപ്പോയ കവിയുടെ ഈ പൊള്ളുന്ന വാക്കുകള്‍
അകാലത്തില്‍ പൊലിഞ്ഞുപോയ കവിക്ക് പ്രണാമം അര്‍പ്പിച്ച്
സ്‌നേഹാഞ്ജലികളോടെ സമര്‍പ്പിക്കുന്നു 



ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും
നിരന്തരം സഞ്ചരിക്കുന്ന 
ഒരു വഴിയുണ്ട്.

അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
പക്ഷെ, ആരും അയാളെ കാണില്ല
അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
പക്ഷെ, അയാള്‍ അത് കാണില്ല

അതിന്റെ ഇരുവശങ്ങളിലും
ജീവിത്തിലേക്ക് തുറക്കുന്ന
നിരവധി ഊടുവഴികളുണ്ടായിരിക്കും

കുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം
ആവശ്യമുള്ളവ
അവയിലൊന്നിലൂടെ 
അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന്
ലോകം ന്യായമായും പ്രതീക്ഷിക്കും

കണ്ടിട്ടും കാണാത്തവനെപ്പോലെ
അലസനായി നടന്ന്
നിരാശപ്പെടുത്തും അയാള്‍

മുഴുവന്‍ മനുഷ്യരും
തന്റെമേല്‍ ജയം നേടിയിരിക്കുന്നു
എന്നയാള്‍ ഉറച്ച് വിശ്വസിക്കും

അവരില്‍
കോടിക്കണക്കിന് മനുഷ്യരുമായി
അയാള്‍ പോരാടിയിട്ടില്ലെങ്കിലും

അവരില്‍
അനേകം മനുഷ്യരെ അയാള്‍
വലിയ വ്യത്യാസത്തിന് തോല്പ്പിച്ചിട്ടുണ്ടെങ്കിലും

വീട്ടുകാരും അടുത്ത സുഹൃത്തുക്കളും
വലുതായി വലുതായി വരും
നാട്ടുകാരും ബന്ധുക്കളും
ചെറുതായി ചെറുതായി പോകും

ഭൂമി
സമുദ്രങ്ങളെയും വന്‍കരകളെയും
ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ്
ചുരുങ്ങിച്ചുരുങ്ങി
തന്നെമാത്രം പൊതിഞ്ഞ് വീര്‍പ്പ് മുട്ടിക്കുന്ന
കഠിന യാഥാര്‍ത്ഥ്യമാകും

ആത്മഹത്യാക്കുറിപ്പില്‍
ആരോ പിഴുതെറിഞ്ഞ
കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
ഒരു മരത്തിന്റെ ചിത്രം മാത്രമുണ്ടാകും

ഇടയ്ക്കിടെ
ജീവിച്ചിരുന്നാലെന്താ എന്നൊരു ചിന്ത
കുമിളപോലെ പൊന്തിവന്ന് 
പൊട്ടിച്ചിതറും

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്പ് 
മരിച്ചിട്ടുണ്ടാവും

അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
തീരുമാനിച്ചിരുന്നതിനാല്‍

മരിച്ച ഒരാള്‍ക്കാണല്ലോ
ഭക്ഷണം വിളന്പിയതെന്ന്
മരിച്ച ഒരാളുടെ കൂടെയാണല്ലോ
യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ
ജീവനുള്ള ഒരാളായി
ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്

കാലം വിസ്മയിക്കും

അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല

താങ്ങിത്താങ്ങി തളരുന്‌പോള്‍
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ

അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ...


'ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍' (ജിനേഷ് മടപ്പള്ളി)
Join WhatsApp News
texan2 2018-05-07 09:23:10
Oh my God. What happend to this young man? Why he did this? What kind of state of mind is this? Wasn't there any one out there to guide him? kashtam
Manoj Anchery 2018-05-09 10:46:40
Click the Youtube Link. https://youtu.be/-qykDdIeh4E

Line 1: 30.05 .... മരണത്തിന്ടെ മണമുള്ള കവിത ..... ജിനേഷ് മടപ്പള്ളി ( ആദരാഞ്ജലികൾ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക