Image

സി.കെ. ചന്ദ്രപ്പന് അന്ത്യാഞ്ജലി; സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6.30ന്

Published on 23 March, 2012
സി.കെ. ചന്ദ്രപ്പന്  അന്ത്യാഞ്ജലി; സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6.30ന്
കൊല്ലം: ഇന്നലെ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന് കൊല്ലം നഗരത്തിന്റെ അന്ത്യാഞ്ജലി. രാവിലെ 10 മണിയോടെ കൊല്ലം പ്രസ് ക്ലബ്ബ് മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

മൃതദേഹം വഹിക്കുന്ന കെ.എസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍ തന്നെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. പ്രിയസഖാവിന്റെ നിശ്ചലദേഹത്തില്‍ പുഷ്പങ്ങളും പുഷ്പചക്രങ്ങളും അര്‍പ്പിച്ച്, മുഷ്ടി ചുരുട്ടി അഭിവാദ്യം നല്‍കി അവര്‍ വിടചൊല്ലി. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുപോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ചന്ദ്രപ്പന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് ഇവിടെ നിന്നും വിലാപയാത്ര വീണ്ടും പുറപ്പെട്ടത്.

സി.കെ. ചന്ദ്രപ്പന് ഏറെ വ്യക്തിബന്ധങ്ങള്‍ ഉള്ള സ്ഥലമാണ് കൊല്ലം. കഴിഞ്ഞ മാസം കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പോലും അസുഖത്തിന്റെ അവശതകള്‍ക്കിടയിലും അദ്ദേഹം ഊര്‍ജസ്വലമായി പങ്കെടുത്തിരുന്നു.

രാവിലെ ഏഴ് മണിയോടെ പാര്‍ട്ടി ആസ്ഥാനമായ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച വിലാപയാത്ര ആറ്റിങ്ങലിലും ചാത്തന്നൂരും പായിപ്പള്ളിയിലും പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിര്‍ത്തിയിരുന്നു.

തുടര്‍ന്നാണ് കൊല്ലത്തെത്തിയത്. കൊല്ലത്തുനിന്നും കരുനാഗപ്പള്ളിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഇവിടെ നിന്നും ആലപ്പുഴയിലേക്ക് എത്തിക്കും.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 6.30ന് ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുക്കാട്ടില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക