Image

എംഎല്‍എയ്‌ക്കെതിരായ പോലീസിന്റെ ആക്രമണം സര്‍ക്കാര്‍ നിസാരവല്‍ക്കരിച്ചതായി വി.എസ്

Published on 23 March, 2012
എംഎല്‍എയ്‌ക്കെതിരായ പോലീസിന്റെ ആക്രമണം സര്‍ക്കാര്‍ നിസാരവല്‍ക്കരിച്ചതായി വി.എസ്
തിരുവനന്തപുരം: എംഎല്‍എയ്‌ക്കെതിരായ പോലീസിന്റെ ആക്രമണം സര്‍ക്കാര്‍ നിസാരവല്‍ക്കരിച്ചതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. കൊയിലാണ്ടി എംഎല്‍എ കെ. ദാസനെ ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒത്തുതീര്‍പ്പിനായി താമരശേരി ഡിവൈഎസ്പി വിളിച്ചതനുസരിച്ചാണ് കെ. ദാസന്‍ സ്റ്റേഷനില്‍ പോയത്. ഡിവൈഎസ്പി എത്താന്‍ വൈകിയതിനാല്‍ അദ്ദേഹത്തിന് അവിടെ കാത്തുനില്‍ക്കേണ്ടിവന്നു. ഇതിനിടയില്‍ സിഐയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. എന്നാല്‍ ആക്രമണത്തെ നിസാരവല്‍ക്കരിച്ച് പോലീസിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. പോലീസ് നല്‍കിയ എഫ്‌ഐആറില്‍ എംഎല്‍എയെ തല്ലിയതായി ഇല്ലെന്നും എഫ്‌ഐആര്‍ ഒന്നുകൂടി പരിശോധിക്കട്ടെയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യമറുപടി. ഷര്‍ട്ടില്‍ പതിഞ്ഞ അടിയേറ്റ പാട് എംഎല്‍എ കാണിച്ചിട്ടുപോലും മുഖ്യമന്ത്രി വിശ്വസിക്കാന്‍ തയാറാകുന്നില്ലെന്നും വി.എസ് പറഞ്ഞു.

എംഎല്‍എയെ കള്ളനാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക