Image

ഡയാന ഹെയ്‌ഡനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച സംഭവം; ക്ഷമാപണവുമായി ബിപ്ലബ്‌ കുമാര്‍ദേബ്‌

Published on 28 April, 2018
ഡയാന ഹെയ്‌ഡനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച സംഭവം; ക്ഷമാപണവുമായി ബിപ്ലബ്‌ കുമാര്‍ദേബ്‌


ലോക സുന്ദരി ഡയാന ഹെയ്‌ഡനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പു ചോദിച്ച്‌ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ കുമാര്‍ദേബ്‌. മോശമായ രീതിയിലുള്ള അഭിപ്രായപ്രകടനമല്ല താന്‍ നടത്തിയതെന്നും തന്‍റെ പ്രസ്‌താവന മൂലം ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ കൈത്തറി ഉല്‍പ്പന്നങ്ങളെ എങ്ങനെ മികച്ചരീതിയില്‍ മാര്‍ക്കറ്റ്‌ ചെയ്യാം എന്നതിനെ കുറിച്ചാണ്‌ താന്‍ സംസാരിച്ചത്‌. സത്രീകളെ സ്വന്തം അമ്മയെ പോലെ ബഹുമാനിക്കുന്നയാളാണ്‌ താനെന്നും അദ്ദേഹം പറഞ്ഞു. സൗന്ദര്യ മത്സരം അന്താരാഷ്ട്ര മാര്‍ക്കറ്റിങ്‌ കമ്പനികളുടെ തട്ടിപ്പാണ്‌. ഡയാനയെ ലോകസുന്ദരിയാക്കിയതിലെ യുക്തി മനസിലാകുന്നില്ലെന്നായിരുന്നു ബിപ്ലബ്‌ പറഞ്ഞത്‌.

അതേ സമയം ഐശ്യര്യ റായിയെ സദസില്‍ മഹത്വവല്‍ക്കരിച്ച്‌ സംസാരിക്കുകയും ചെയ്‌തു. ഐശ്വര്യ ഇന്ത്യന്‍ സ്‌ത്രീകളുടെ പ്രതീകമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്‌. ഉന്നത പദവിയിലിരിക്കുന്ന വ്യക്തി വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന്‌ ഇതിന്‌ ഡയാന ഹെയ്‌ഡന്‍ മറുപടി നല്‍കി.

'ഇരുണ്ട നിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ വേര്‍തിരിവ്‌ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. വിവേചനത്തിനെതിരേയുള്ള പോരാട്ടമായിരുന്നു അന്ന്‌ മുതല്‍. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്റെ നേട്ടത്തില്‍ ജനങ്ങള്‍ അഭിമാനിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഞാനൊരു ഇരുണ്ട നിറമുള്ള ഇന്ത്യക്കാരിയാണ്‌, അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു' ഡയാന ഹെയ്‌ഡന്‍ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക