Image

പത്തനംതിട്ടയെ തണുപ്പിച്ചു വേനല്‍മഴ; വീടുകള്‍ തകര്‍ന്നു, ഏതാനും പേര്‍ക്കു പരുക്ക്

Published on 22 March, 2012
പത്തനംതിട്ടയെ തണുപ്പിച്ചു വേനല്‍മഴ; വീടുകള്‍ തകര്‍ന്നു, ഏതാനും പേര്‍ക്കു പരുക്ക്
റാന്നി: അതിശക്തമായ വേനല്‍ച്ചൂടിനു താത്ക്കാലിക ആശ്വാസമേകി റാന്നിയുടെ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴ. വേനല്‍മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ചിറ്റാറില്‍ വന്‍നാശനഷ്ഠം. ഒരു ഡസനിലേറെ വീടുകള്‍ക്കു മരങ്ങള്‍ വീണു കേടുപാടുണ്ടായി. അഞ്ചു വീടുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായി തകര്‍ന്നു. ചിറ്റാര്‍ പാമ്പിനിയില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീട്ടമ്മയ്ക്കു പരുക്കേറ്റു. പാമ്പിനി തടത്തില്‍ മറിയാമ്മ മത്തായിക്കാണ് പരുക്ക്. പഌവു മരം വീണ് തകര്‍ന്ന വീടിനടിയില്‍പ്പെട്ടാണ് അപകടം. തലയ്ക്കു മുറിവേറ്റ വീട്ടമ്മ ചിറ്റാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടിലുണ്ടായിരുന്ന രണ്ടു ചെറിയ കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.എട്ടോളം 11 കെ.വി പോസ്റ്റുകള്‍ അടക്കം നിരവധി വൈദ്യുത പോസ്റ്റുകള്‍ പിഴുതും ഒടിഞ്ഞും വീണതിനാല്‍ മേഖലയിലാകെ വൈദ്യുതി വിതരണം നിലച്ചു. സീതത്തോട് കോട്ടമണ്‍പാറയില്‍ മാവുനില്‍ക്കുന്നതില്‍ രാജപ്പന്റെ വീട് തെങ്ങു വീണു പൂര്‍ണ്ണമായി തകര്‍ന്നു.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് കടുത്ത വേനല്‍ച്ചൂടില്‍ നിന്നും തെല്ലൊരു ആശ്വാസമേകി മഴയെത്തിയത്. ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന കിഴക്കന്‍ പ്രദേശത്ത് മഴ ഏറെ സന്തോഷം നല്‍കിയെങ്കിലും മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റ് വന്‍ നാശം വിതച്ചു. ഒട്ടേറെ മരങ്ങള്‍ നിലംപൊത്തി. വട്ടം ചുഴറ്റിയടിച്ച കാറ്റ് നിരവധി റബ്ബര്‍മരങ്ങളേയും തേക്ക്, പഌവ് മരങ്ങളേയും കടപുഴക്കി. റബ്ബര്‍, പഌവു മരങ്ങള്‍ വീണ് ചിറ്റാര്‍ അഞ്ചേക്കറില്‍ പുതുവേലില്‍ സുകുമാരന്റെ വീടിനു സാരമായി കേടുണ്ടായി. മരങ്ങള്‍ വീഴുന്നതു കണ്ട് വീട്ടുകാര്‍ ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. ചിറ്റാര്‍  മണിയാര്‍ റോഡിലാകെ മരങ്ങള്‍ ഒടിഞ്ഞു കിടക്കുകയാണ്. ഇതുമൂലം മെയിന്‍ റോഡുവഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായി. ചിറ്റാര്‍ അഞ്ചേക്കറില്‍ ചതുരക്കള്ളിപ്പാറയുടെ സമീപത്ത് കാറ്റ് കനത്ത നാശമാണ് ഉണ്ടാക്കിയത്. ഇവിടെയുള്ള മാടക്കടയുടെ മേല്‍ക്കൂര അപ്പാടെ കാറ്റില്‍ പറന്നു. വേനല്‍ച്ചൂടില്‍ വെള്ളം വറ്റി വരണ്ടു നിന്ന വാഴയടക്കമുള്ള ഒട്ടേറെ കാര്‍ഷിക വിളകള്‍ കാറ്റില്‍ നശിച്ചു.

ചിറ്റാറിനെ യുദ്ധക്കളമാക്കി മാറ്റിയാണ് കാറ്റു വീശിയത്. പാമ്പിനിയില്‍ പത്രവിതരണക്കാരന്‍ ചാണ്ടി തോമസിന്റെ വീടു മരം വീണു തകര്‍ന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക