Image

കത്തോലിക്ക സഭയക്കെതിരെ ജേക്കബ്ബ് തോമസ്

Published on 27 April, 2018
കത്തോലിക്ക സഭയക്കെതിരെ ജേക്കബ്ബ് തോമസ്
കത്തോലിക്ക സഭയക്കെതിരെ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്.

ഇരുണ്ട യുഗത്തില്‍ നിന്ന് ഇടുങ്ങിയ യുഗത്തിലൂടെ
.............
പ്രശസ്ത ചിന്തകന്‍ പെട്രാര്‍ക്ക് പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലത്തെ ഇരുണ്ട യുഗമെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് ഒരു കാ?രണം റോമന്‍ കത്തോലിക്ക സഭയായിരുന്നു. അജ്ഞതയും അന്ധവിശ്വാസവും നിറഞ്ഞ യൂറോപ്പിലെ സഭ സാംസ്‌ക്കാരിക ജീര്‍ണതയുടെ നേര്‍സാക്ഷ്യമായിരുന്നു.

സമ്പത്തും അധികാര ഗര്‍വും സഭാനേതൃത്വത്തെ നയിച്ചപ്പോള്‍ വിശ്വാസികള്‍ ഇരുട്ടിലായി. വത്തിക്കാന് പണം നല്‍കി അധികാരം നിലനിര്‍ത്തി ചില മെത്രാന്‍ മാര്‍. അനാചാരങ്ങളും അഴിമതിയും ധനസമ്പാദനത്തിനും അതുവഴി അധികാരമുറപ്പിക്കലിനും വഴിയായി.ജര്‍മന്‍ ആര്‍ച്ച് ബിഷപ്പ് അല്‍ബ്രെക്ട് രണ്ടു അതിരൂപതകളുടെ അധികാരം ഒന്നിച്ച് നിലനിര്‍ത്താന്‍ വന്‍ തുക ലോണെടുത്ത് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പണിക്ക് സംഭാവന നല്‍കി.

ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരെയാണ് പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ ലൂതര്‍ 1517 ല്‍ വിറ്റന്‍ബര്‍ഗ് കൊട്ടാരവാതിലില്‍ തന്റെ 95 പ്രബന്ധങ്ങള്‍ തൂക്കിയിട്ടത്. സഭാനേതൃത്വത്തിനെതിരായ തുറന്ന പോരാണ് ഫാദര്‍ മാര്‍ട്ടിന്‍ ലൂതര്‍ തുടങ്ങി വച്ചത്. അതേ പോരാട്ടം ഓര്‍മിപ്പിക്കുന്നു സിറോ മലബാര്‍ സഭയിലെ വൈദികരുടെ നീക്കങ്ങളും. പക്ഷേ വിശ്വാസികള്‍ ഈ പോരാട്ടത്തില്‍ എവിടെ നില്‍ക്കുന്നു?

1520 ലാണ് ക്രിസ്ത്യാനിയുടെ സ്വാതന്ത്യം എന്ന പുസ്തകം എഴുതപ്പെട്ടത്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഈ സ്വാതന്ത്ര്യം ക്രിസ്ത്യാനിയുടെ ചിന്തകളിലും നിലപാടുകളിലും ഇടം പിടിച്ചിട്ടുണ്ടോ ?വിശ്വാസിയുടെ ഭയവും അന്ധതയും മറയാക്കി സഭയില്‍ കളളക്കച്ചവടങ്ങളും ലക്ഷങ്ങള്‍ മുടക്കിയുള്ള കോടതി വ്യവഹാരങ്ങളും പൊടിപൊടിക്കുന്നു.

അഭിഷിക്തരെ ചോദ്യം ചെയ്താല്‍ ശാപം കിട്ടും തുടങ്ങിയ അന്ധവിശ്വാസങ്ങളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകളെ നയിക്കുന്നത്. സഭ, വിശ്വാസികളുടേതാണ് എന്ന് പറയുമ്പോഴും സ്വകാര്യ സ്വത്തായാണ് സഭാ നേതൃത്വം കാണുന്നത്. ഒരു സ്വകാര്യ കമ്പനിയെന്നും വിളിക്കാം. മെത്രാന്‍ എന്ന ചെയര്‍മാനുo അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നു, നടപ്പാക്കുന്നു. കമ്പനിയുടെ സേവനങ്ങള്‍ ലഭിക്കാന്‍, അത് കൂദാശയാകട്ടെ ശുശ്രൂഷയാവട്ടെ ആശീര്‍വാദം ആകട്ടെ ഫീസ് നല്‍കണം. സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് മോഡലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും.

മൂവായിരത്തില്‍പ്പരം ഇടവകകളും 50 ലക്ഷം വിശ്വാസികളും ഈ സംവിധാനത്തെ പരിപോഷിപ്പിക്കുന്നു. എന്റെ പിതാവിന്റെ ഭവനത്തെ കച്ചവട സ്ഥാപനമാക്കരുത് എന്ന വചനം അപ്പാടെ അട്ടിമറിക്കുന്നു. നൂറ്റാണ്ടുകളുടെ പഴമയില്‍ അഭിമാനിക്കുന്ന സിറോ മലബാര്‍ സഭയില്‍ ആകെ ഉണ്ടായത് 3 വിശുദ്ധരാണെന്ന് ഓര്‍ക്കുക.

' ന്യായവും യുക്തവും ആയത് ആരില്‍ നിന്ന് '? (ഡോ. ജേക്കബ് തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക